HOME
DETAILS
MAL
പ്രതിഷേധങ്ങള്‍ക്കിടയിലും എന്‍.പി.ആര്‍ നിര്‍ദേശവുമായി കളമശേരി നഗരസഭ
backup
January 31 2020 | 04:01 AM
കളമശേരി: പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യമാകെ പ്രതിഷേധം നടക്കുന്നതിനിടയില്‍ ദേശീയ ജനസംഖ്യാ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവാദ സര്‍ക്കുലര്‍ കളമശേരി നഗരസഭയിലും.
കൗണ്‍സിലും ചെയര്‍പേഴ്‌സണും അറിയാതെ കുസാറ്റ് രജിസ്ട്രാര്‍ക്ക് കത്തയച്ച നഗരസഭ സെക്രട്ടറിയുടെ നടപടിയാണ് വിവാദമായത്. സെന്‍സസ് നടത്തിപ്പിനും സൂപ്പര്‍വൈസറിന്റെ ലിസ്റ്റും ആവശ്യപ്പെട്ട് കളമശേരി നഗരസഭാ സെക്രട്ടറി ജനുവരി 23ന് കൊച്ചിന്‍ യുനിവേഴ്‌സിറ്റിക്കും മറ്റും കത്ത് നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഡയരക്ടറേറ്റ് ഓഫ് സെന്‍സസ് ഓപറേഷനാണ് കളമശേരി നഗരസഭക്കും കത്തയച്ചത്.
കളമശേരി നഗരസഭക്ക് കിട്ടിയ കത്തിന്റെ പകര്‍പ്പും നഗരസഭയുടെ പ്രത്യേക നിര്‍ദേശവുമടങ്ങുന്ന കത്തും ഉള്‍പ്പെടെയാണ് കുസാറ്റടങ്ങുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളോട് എന്‍.പി.ആറിന് ജീവനക്കാരെ ആവശ്യപ്പെട്ട് കത്തയച്ചത്. എന്‍.പി.ആര്‍ നടപ്പിലാക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ് നിലനില്‍ക്കെയാണ് നഗരസഭാ സെക്രട്ടറി കത്തയച്ചത്. എന്‍.പി.ആറിനും എന്‍.ആര്‍.സിക്കും ഓരേ ചോദ്യാവലിയാണെങ്കില്‍ എന്‍.പി.ആറിന് ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച് എന്‍.ആര്‍.സി തയാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുമെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നു.
എന്‍.പി.ആറിന് മാത്രമായി നല്‍കിയതാണ് ഈ വിവരങ്ങളെന്ന് പറയുന്നുണ്ടെങ്കിലും കേന്ദ്ര ആഭ്യന്തര വകുപ്പിന് കഴിലുള്ള ഡയരക്ടറേറ്റ് ഓഫ് സെന്‍സസ് ഓപറേഷന്‍ ഇതു എന്‍.ആര്‍.സിക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. എന്‍.പി.ആര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ജീവനക്കാരെ ആവശ്യപ്പെട്ട് മുന്‍പ് വിദ്യാലയങ്ങള്‍ക്ക് കത്തയച്ച മഞ്ചേരി നഗരസഭ സെക്രട്ടറിക്ക് കലക്ടര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. അതേസമയം, കുസാറ്റിനോട് സെന്‍സസ് സംബന്ധമായ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് സന്ദേശവും ലഭിച്ചിട്ടുണ്ട്.
കൗണ്‍സിലിനെ അറിയിക്കാതെ നഗരസഭ സെക്രട്ടറി കുസാറ്റിലേക്ക് കത്തയച്ചതില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാരിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."