ബി.എസ്.എന്‍.എല്‍ കൂട്ടവിരമിക്കല്‍ ചരിത്രമായി ഇവര്‍ ഇനി 'പരിധിക്ക് പുറത്ത്'
ഗിരീഷ് കെ. നായര്‍
കൊച്ചി: മനസുകള്‍ വിങ്ങിയെങ്കിലും പടിയിറങ്ങുകയല്ലാതെ മറ്റുമാര്‍ഗമില്ലായിരുന്നു. പലര്‍ക്കും പത്തുവര്‍ഷം വരെ സര്‍വിസ് ബാക്കിയുണ്ടെങ്കിലും കൂട്ടസ്വയംവിരമിക്കല്‍ നടപ്പാക്കിയതോടെ അവര്‍ ബി.എസ്.എന്‍.എല്‍ ഓഫിസുകളോട് വിടപറഞ്ഞു.
വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച സ്ഥാപനത്തില്‍ നിന്ന് മനസില്ലാമനസോടെ വിരമിക്കേണ്ടിവന്നവര്‍ വിങ്ങുന്ന ഹൃദയവുമായാണ് ഓഫിസ് വിട്ടത്. രാജ്യമാകെ ഇന്നലെ 78,559 പേരാണ് സ്വയംവിരമിച്ചത്.
ഒരു കമ്പനിയില്‍ നിന്ന് ഒരേദിവസം ഇത്രയധികം പേരുടെ കൂട്ടവിരമിക്കല്‍ ചരിത്രത്തിലാദ്യമാണ്. കേരളത്തില്‍ ആകെയുണ്ടായിരുന്ന 9,314 ബി.എസ്.എന്‍.എല്‍ ജീവനക്കാരില്‍ 4,589 പേരും ഇന്നലെ വിരമിച്ചു.
കൊച്ചി ബി.എസ്.എന്‍.എല്‍ ഓഫിസിനു മുന്നില്‍ ചെണ്ടമേളവും പൂത്തിരിയും ഉള്‍പ്പെടെ ആഘോഷത്തോടെയായിരുന്നു കൂട്ടവിരമിക്കല്‍ ചടങ്ങ് ഒരുക്കിയതെങ്കിലും വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ സങ്കടം അടക്കാന്‍ പാടുപെടുന്നതു കാണാമായിരുന്നു. എറണാകുളം ജില്ലയില്‍ ആകെയുണ്ടായിരുന്ന 1,800 പേരില്‍ 1,025 ജീവനക്കാര്‍ ഇന്നലെ തങ്ങളുടെ ഓഫിസുകളോട് യാത്ര പറഞ്ഞു.
വിരമിക്കുന്നവരെ യാത്രയയക്കാന്‍ സഹപ്രവര്‍ത്തകരും അവര്‍ക്കൊപ്പം പടികളിറങ്ങി റോഡിലെത്തി. അവിടെ, ചെണ്ടമേളവും പൂത്തിരിയും ബന്ധുമിത്രാദികളുമടങ്ങുന്ന വന്‍ ജനാവലി അവരെ സ്വീകരിച്ചു.
ഒരിക്കല്‍ക്കൂടി സൗഹൃദം പങ്കുവച്ച് ഓരോരുത്തരും ബന്ധുക്കളോടൊപ്പം യാത്രയായപ്പോള്‍ ഓഫിസില്‍ ബാക്കിയായവര്‍ക്കും നൊമ്പരം.
സ്വയംവിരമിക്കേണ്ടിവന്നവര്‍ക്ക് ഓഫിസ് വിട്ടു പോകുന്നതിലുള്ള പ്രയാസമുണ്ടായിരുന്നതായി എറണാകുളം മേഖല ബി.എസ്.എന്‍.എല്‍ മീഡിയ റിലേഷന്‍സ് ഓഫിസര്‍ റോയ് മണപ്പള്ളില്‍ പറഞ്ഞു.
അതേസമയം, കൂട്ടവിരമിക്കല്‍ ഉപഭോക്തൃ സേവനങ്ങളെ ബാധിക്കില്ലെന്ന് ബി.എസ്.എന്‍.എല്‍ എറണാകുളം ബിസിനസ് മേഖല പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ. കെ. ഫ്രാന്‍സിസ് ജേക്കബ് പറഞ്ഞു. പരിചയ സമ്പന്നരായ 60 ശതമാനം പേരാണ് ഇവിടെ നിന്നു വിരമിക്കുന്നത് നഷ്ടം തന്നെയാണ്. എന്നാലും അത് നികത്താന്‍ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്തൃ സേവനങ്ങള്‍ മുടക്കമില്ലാതെ നടക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബി.എസ്.എന്‍.എല്‍ അധികൃതര്‍. എന്നാല്‍ ലൈന്‍ വര്‍ക്ക്, ലാന്‍ഡ് ഫോണ്‍, ബ്രോഡ്ബാന്‍ഡ് തുടങ്ങിയ മേഖലകളില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാനാവാത്തത് ബി.എസ്.എന്‍.എല്‍ പ്രവര്‍ത്തനങ്ങളെ തകിടംമറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിലെ നിര്‍ദേശങ്ങളിലൊന്നാണ് ഒരു മാസം ശമ്പളക്കുടിശ്ശികയോടെയുള്ള സ്വയം വിരമിക്കല്‍ പദ്ധതിയിലൂടെ സര്‍ക്കാര്‍ ഇന്നലെ നടപ്പാക്കിയത്.
ദേശീയ തലത്തിലുള്ള 1.63 ലക്ഷം ബി.എസ്.എന്‍.എല്‍ ജീവനക്കാരില്‍ പകുതിയോളവും ഇന്നലെ വിരമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."