പണയത്തട്ടിപ്പ്: ഒരാള്‍കൂടി റിമാന്‍ഡില്‍
കാഞ്ഞങ്ങാട്: മുട്ടത്തൊടി സര്‍വിസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയംവച്ച് നാലു കോടിയോളം രൂപ തട്ടിയ കേസില്‍ ഒരാള്‍കൂടി റിമാന്‍ഡില്‍. നീലേശ്വരം പള്ളിക്കര പേരോല്‍ സ്വദേശി ടി.വി സതീശനെയാണ് ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. വിദ്യാനഗര്‍ സി.ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ പക്കല്‍ നിന്ന് ഒരു ലക്ഷം രൂപയും 15 ഓളം ആളുകളുടെ പേരില്‍ സ്വര്‍ണം പണയംവച്ച രസീതുകളും കണ്ടെടുത്തിട്ടുണ്ട്. ഇതോടെ കേസില്‍ റിമാന്‍ഡിലായ പ്രതികളുടെ എണ്ണം അഞ്ചായി. സതീശന്റെ സഹോദരനും അപ്രൈസറുമായ ടി.വി സത്യപാലന്‍, ബാങ്കിന്റെ നായന്മാര്‍മൂല ശാഖ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ താഴത്തെനിലയില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയിലെ ജീവനക്കാരന്‍ വെള്ളരിക്കുണ്ടിലെ ജയരാജ്, നായന്മാര്‍മൂലയിലെ അബ്ദുല്‍ മജീദ്, ആദൂര്‍ കുണ്ടാറിലെ യു.കെ ഹാരിസ് സഖാഫി എന്നിവരാണ് നേരത്തേ റിമാന്‍ഡിലായത്.
റിമാന്‍ഡിലായ സതീശന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ സി.ഐയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ജ്വല്ലറിക്ക് പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്ക് മാനേജര്‍ അമ്പലത്തറ കോട്ടപ്പാറയിലെ സന്തോഷ് അടക്കം 12 ഓളം പേരാണ് കേസിലെ പ്രധാന പ്രതികള്‍.
അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായ യു.കെ ഹാരിസ് സഖാഫി, ടി.വി സതീശന്‍ എന്നിവരെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങാനുള്ള ഒരുക്കങ്ങള്‍ നടത്തിവരുകയാണ്. ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതോടെ തട്ടിപ്പിന്റെ പൂര്‍ണവിവരങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. 2011 ലാണ് വിദ്യാനഗര്‍ കലക്‌ട്രേറ്റിന് സമീപത്ത് ബാങ്കിന്റെ സായാഹ്ന ശാഖ പ്രവര്‍ത്തനം ആരംഭിച്ചത്. ശാഖ പ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ ഇവിടെ മുക്കുപണ്ട പണയ തട്ടിപ്പ് നടന്നുവന്നിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ബാങ്കിലെ സ്‌ട്രോങ് റൂമിനെയും ലോക്കറിനെയും നിരീക്ഷിക്കാന്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ ഈ ഭാഗത്തുനിന്ന് തിരിച്ചുവച്ച നിലയിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."