റെയില്‍വേ വികസനം: കേരളത്തിന് അമിത പ്രതീക്ഷയ്ക്ക് വകയില്ല
കോഴിക്കോട്: കേന്ദ്രബജറ്റില്‍ റെയില്‍വേ വികസനത്തില്‍ കേരളത്തിന് ഇത്തവണയും അമിത പ്രതീക്ഷയ്ക്ക് വകയില്ല. നിരവധി ആവശ്യങ്ങള്‍ സംസ്ഥാനം മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും ഇതില്‍ ബംഗളൂരു- കോഴിക്കോട് ട്രെയിന്‍ മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.
സംസ്ഥാനത്തെ യാത്രാക്ലേശം കണക്കിലെടുത്ത് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് വര്‍ഷങ്ങളായി കേരളം ആവശ്യപ്പെടുന്നുണ്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടാകാറില്ല. മലബാര്‍ മേഖലയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിനായി എം.കെ.രാഘവന്‍ എം.പി പലതവണ കേന്ദ്ര മന്ത്രിയുമായും സതേണ്‍ റെയില്‍വേ അധികൃതരുമായും ചര്‍ച്ചകള്‍ നടത്തിയതിനെ തുടര്‍ന്നാണ് പുതിയ ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്.
യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് മലബാറില്‍ നിന്ന് ബംഗളൂരുവിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ വേണമെന്ന് എം.പിമാരും വിവിധ സംഘടനകളും വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ബജറ്റ് പ്രഖ്യാപിക്കുമ്പോള്‍ നിരാശപ്പെടാറാണ് പതിവ്. ഇത്തവണ ഒരു ഇന്റര്‍സിറ്റി ലഭിക്കുമെന്നത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാകും.
ബംഗളൂരിലേക്ക് തെക്കന്‍കേരളത്തില്‍ നിന്ന് ആഴ്ചയില്‍ 42 വണ്ടികളുള്ളപ്പോള്‍ മലബാറില്‍ നിന്ന് എട്ടെണ്ണമേ ഓടുന്നുള്ളൂ. എന്നാല്‍, ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളതും കോഴിക്കോട്, കണ്ണൂര്‍ സ്‌റ്റേഷനുകളില്‍ നിന്നാണ്. ബസ് ലോബിയുടെ ഇടപെടലും കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്നതിന് തടസമാകുന്നുണ്ടെന്ന ആക്ഷേപമുണ്ട്.
നേരത്തെ പ്രഖ്യാപിച്ച വണ്ടികളും പദ്ധതികളും നടപ്പാക്കിയാല്‍ തന്നെ യാത്രാക്ലേശം ഒരുപരിധിവരെ പരിഹരിക്കപ്പെടുമെന്ന് റെയില്‍ ഉപഭോക്താക്കളുടെ സംഘടനാ പ്രതിനിധികള്‍ പറയുന്നു.
ഹ്രസ്വദൂര യാത്രക്കാര്‍ക്ക് പാസഞ്ചര്‍ ട്രെയിനുകള്‍ കുറവായതിനാല്‍ ഇവര്‍ ദീര്‍ഘദൂര ട്രെയിനുകളെ ആശ്രയിക്കുന്നത് തിരക്ക് കൂട്ടുന്നു. ഇതിനു പരിഹാരമായി പാലക്കാട്- മംഗളൂരു റൂട്ടില്‍ മെമു സര്‍വിസ് ആരംഭിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ പദ്ധതി ഇപ്പോഴും യാഥാര്‍ഥ്യമായിട്ടില്ല. നിലവിലുള്ള പാസഞ്ചര്‍ ട്രെയിനുകളുടെ ബോഗികളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യത്തോടും റെയില്‍വേ മന്ത്രാലയം പുറംതിരിഞ്ഞുനില്‍ക്കുകയാണ്. 18 ബോഗികള്‍ വലിക്കാന്‍ ശേഷി ഉണ്ടെങ്കിലും തൃശൂര്‍- കണ്ണൂര്‍, തൃശൂര്‍- കോഴിക്കോട് പാസഞ്ചറുകളില്‍ എട്ട് ബോഗി മാത്രമാണുള്ളത്. പരശുറാം എക്‌സപ്രസിലും ബോഗികള്‍ കുറവാണ്. കാലപ്പഴക്കം ചെന്ന ബോഗികള്‍ മാറ്റണമെന്ന ആവശ്യവും റെയില്‍ ഉപഭോക്താക്കള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
2017ല്‍ അനുവദിച്ച കോഴിക്കോട്- തിരുവനന്തപുരം ഡബിള്‍ ഡക്കര്‍ ട്രെയിന്‍ കേരളത്തിന് നഷ്ടമാവുകയായിരുന്നു. തമിഴ്‌നാട് ലോബിയുടെ ഇടപെടലിനെ തുടര്‍ന്ന് ഈ ട്രെയിന്‍ മംഗളൂരു- ബംഗളൂരു റൂട്ടിലേക്ക് മാറ്റുകയായിരുന്നു. നഷ്ടത്തിലായിട്ടും ഇപ്പോഴും ഈ സര്‍വിസ് തുടരുകയാണ്. ഇത് കേരളത്തിന് തിരിച്ചുകിട്ടുകയാണെങ്കില്‍ ഏറെ ആശ്വാസമാകും.
മംഗളൂരുവില്‍ യാത്ര അവസാനിപ്പിച്ച് മണിക്കൂറുകളോളം വെറുതെക്കിടക്കുന്ന വണ്ടികള്‍ കോഴിക്കോട്ടേക്ക് ദീര്‍ഘിപ്പിക്കണമെന്നാണ് കേരളത്തിന്റെ മറ്റൊരാവശ്യം.
തിരുവനന്തപുരം- കണ്ണൂര്‍ റൂട്ടില്‍ നേരത്തെ അനുവദിച്ച ശതാബ്ദി എക്‌സ്പ്രസ് ഇപ്പോഴും സര്‍വിസ് തുടങ്ങിയിട്ടില്ല. കൂടുതല്‍ സ്‌റ്റോപ്പുകള്‍ ആവശ്യപ്പെട്ട് എം.പിമാര്‍ സമ്മര്‍ദം ചെലുത്തിയതും ട്രെയിന്‍ കാസര്‍കോട്ടേക്ക് നീട്ടണമെന്ന ആവശ്യവുമാണ് ഈ സര്‍വിസ് തുടങ്ങാതിരിക്കാനുള്ള കാരണമായി റെയില്‍വേ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
കണ്ണൂര്‍- ഷൊര്‍ണൂര്‍, കോഴിക്കോട്- തൃശൂര്‍ പാസഞ്ചര്‍ വണ്ടികള്‍ മംഗലാപുരത്തേക്ക് നീട്ടണമെന്നതും മലബാറിലെ യാത്രക്കാരുടെ നേരത്തെയുള്ള ആവശ്യമാണ്.
തിരുവനന്തപുരം-നിസാമുദ്ദീന്‍ രാജധാനി (12431-32), കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ (16355-56), കൊച്ചുവേളി-ലോകമാന്യതിലക് (22113-14) എന്നീ ട്രെയിനുകള്‍ ദിനംപ്രതിയാക്കണമെന്ന ആവശ്യത്തില്‍ ഇത്തവണയെങ്കിലും അനുകൂല തീരുമാനം ഉണ്ടാവുമോയെന്ന് കാത്തിരിക്കുകയാണ് കേരളത്തിലെ യാത്രക്കാര്‍. കടലാസിലൊതുങ്ങിയ മംഗലാപുരം-കൊച്ചി റോറോ സര്‍വിസ്, തിരുനാവായ-ഗുരുവായൂര്‍ പാത (39 കിലോമീറ്റര്‍), നഞ്ചന്‍കോട്-നിലമ്പൂര്‍ പാത (156 കിലോമീറ്റര്‍), ശബരീ പാത (126 കിലോമീറ്റര്‍) പദ്ധതികള്‍ക്ക് ജീവന്‍ വയ്ക്കുമോയെന്നും ഇന്നത്തെ ബജറ്റിലറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."