അമൃതയില്‍ നഴ്‌സ് മാനഭംഗത്തിനിരയായെന്ന പ്രചാരണം: പൊലിസ് പരിശോധന നടത്തി
കൊച്ചി: അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ നഴ്‌സ് മാനഭംഗത്തിനിരയായെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് സംഘം ആശുപത്രിയിലെത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ചു. സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ ബാബു കുമാര്‍ കെ.ജിയുടെ നേതൃത്വത്തിലുള്ള എട്ടംഗസംഘമാണ് ആശുപത്രിയില്‍ പരിശോധന നടത്തിയത്.
ആര്‍.എം.പി.നേതാവ് കെ.കെ രമ നല്‍കിയ പരാതിയുടെയും പ്രചാരണത്തിന്റെ നിജസ്ഥിതി അറിയണമെന്നാവശ്യപ്പെട്ട് അമൃതാ ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയുടെയും അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ രണ്ടു ദിവസമായി പരിശോധന നടത്തിയത്. നഴ്‌സ് മാനഭംഗത്തിനിരയായെന്ന് പറയപ്പെടുന്ന മെയ് 31 മുതലുള്ള ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ രജിസ്റ്ററിലെ വിവരങ്ങളും പത്ത് ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലിസ് ശേഖരിച്ചു. ആശുപത്രിയിലെ ഐ.സി.യുവിലാണ് കൂടുതല്‍ പരിശോധന നടത്തിയത്. എല്ലാരോഗികളുടെ വിവരങ്ങളും ശേഖരിച്ചു. മാനഭംഗത്തിന് ഇരയായ നഴ്‌സ് മരിച്ചെന്ന പ്രചാരണത്തെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ മരിച്ചവരുടെ ലിസ്റ്റും ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. കരള്‍ രോഗബാധയെ തുടര്‍ന്ന് ഇന്നലെ ഒരു പത്തൊന്‍പതുകാരിമാത്രമാണ് ആശുപത്രിയില്‍ മരിച്ചതെന്ന് ആശുപത്രി വൃത്തങ്ങളറിയിച്ചു.
പ്രചാരണം സംബന്ധിച്ച അന്വേഷണത്തില്‍ യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് അസി. കമ്മിഷണര്‍ പറഞ്ഞു. മാനഭംഗത്തിനിരയായ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഇന്നലെയും വൈറലായി. മെഡിക്കല്‍ വിദ്യാര്‍ഥിയാണ് മാനഭംഗത്തിനിരയായതെന്ന വാര്‍ത്തയും പ്രചരിക്കുന്നു. അന്വേഷണ ചുമതല എ.ഡി.ജി.പി ആര്‍. ശ്രീലേഖയ്ക്ക് നല്‍കിയെന്നും പ്രചരിച്ചു.
എന്നാല്‍ തനിക്ക് ചുമതല നല്‍കിയിട്ടില്ലെന്നും സ്വമേധയാ വിവരങ്ങള്‍ ആരായുകയായിരുന്നെന്നും ശ്രീലേഖ വ്യക്തമാക്കി. വിഷയത്തിന്റ നിജസ്ഥിതി അറിയണമെന്നാവശ്യപ്പെട്ട് സാറാജോസഫിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും സാമൂഹിക നീതി വകുപ്പിനും പരാതി നല്‍കി. ഏതന്വേഷണത്തിനും തയാറാണെന്നും പ്രചാരണത്തിന്റെ നിജസ്ഥിതി മനസിലാക്കേണ്ടത് തങ്ങളുടെകൂടി ആവശ്യമാണെന്നും അമൃത ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്ന് അമേരിക്കയിലുള്ള മെഡിക്കല്‍ ഡയറക്ടര്‍ തിരിച്ചെത്തുന്നതോടെ പ്രചാരണത്തെപ്പറ്റി കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."