പെരുവയലില്‍ സര്‍വേ തുടങ്ങി
മാവൂര്‍: മാമ്പുഴ ഭൂമി തിട്ടപ്പെടുത്താന്‍ പെരുവയല്‍ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ സര്‍വേ ആരംഭിച്ചു. നേരത്തെ നടത്തിയ സര്‍വേ പ്രകാരം സ്ഥാപിച്ച കല്ലുകള്‍ പലതും മാറ്റിസ്ഥാപിച്ച നിലയില്‍ കണ്ടെത്തിയതിനാലും മുന്‍ സര്‍വേയിലെ പൂര്‍ണമായ ഭാഗങ്ങള്‍ ഉള്‍പ്പെടാത്തതിനാലുമാണ് പുതിയ സര്‍വേ നടത്താന്‍ തീരുമാനിച്ചത്. സര്‍വേ പ്രകാരം തിട്ടപ്പെടുത്തിയ ഭൂമിയിലെ മരങ്ങള്‍ക്കു നമ്പര്‍ പതിക്കുന്ന പ്രവര്‍ത്തനം ഇന്നാരംഭിക്കും.
നേരത്തെ കണ്ടെത്തിയ ഭൂമിയിലെ മരങ്ങള്‍ക്കു നമ്പര്‍ പതിക്കുന്നതിന് പെരുവയല്‍ പഞ്ചായത്ത് ഭരണസമിതി രണ്ടു മാസം മുന്‍പ് തീരുമാനമെടുത്തിരുന്നു. ഇതോടെയാണ് മാമ്പുഴ സംരക്ഷണം വീണ്ടും സജീവ ചര്‍ച്ചയായത്. കീഴ്മാട് പ്രദേശത്തുനിന്ന് നമ്പര്‍ പതിക്കല്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും സ്ഥലം സംബന്ധിച്ച് അവ്യക്തത വന്നതിനാല്‍ ഇതു തടസപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലം തിട്ടപ്പെടുത്തി നല്‍കുന്നതിനും സ്‌കെച്ച് അനുവദിക്കുന്നതിനും റവന്യു അധികൃതരോട് പഞ്ചായത്ത് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല. തുടര്‍ന്നു ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍ എന്നിവരുമായി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ വീണ്ടും സര്‍വേ നടത്തുന്നതിന് പ്രയാസമുണ്ടെന്നു വ്യക്തമാക്കിയിരുന്നു. പഞ്ചായത്തിന് ഇതിനായി ഫണ്ട് നീക്കിവയ്ക്കുന്നതിനും തടസമുണ്ട്.
പിന്നീട് ആവശ്യമായ തുക സമാന മനസ്‌കരില്‍ നിന്നും കണ്ടെത്തി സര്‍വേ പ്രവര്‍ത്തനം നേരിട്ടു നടത്തുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയായിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സര്‍വേ വകുപ്പ് അവധിദിവസങ്ങളിലുള്‍പ്പെടെ അനുവദിക്കുന്നതിനും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ധാരണയായി.
ഇന്നലെ കുറ്റിക്കാട്ടൂര്‍ മുതല്‍ മാക്കിനിയാട്ട് താഴം വരെയുള്ള ഒരു കിലോമീറ്റര്‍ ഭാഗത്തെ സര്‍വേയാണു പൂര്‍ത്തീകരിച്ചത്. എട്ടു മുതല്‍ 30 വരെ മീറ്റര്‍ നീളത്തില്‍ ഇവിടങ്ങളില്‍ പുഴയ്ക്ക് വീതിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അഞ്ചു മുതല്‍ 15 വരെ മീറ്റര്‍ ഭാഗം പലയിടത്തും പുഴയോട് ചേര്‍ക്കാനുണ്ട്. കീഴ്മാട് വരെയുള്ള മൂന്നു കിലോമീറ്റര്‍ ഭാഗം കൂടി സര്‍വേ നടത്താനുണ്ട്. സര്‍വേ ഇന്നും തുടരും.
കീഴ്മാട് വരെയുള്ള നാലു കിലോമീറ്റര്‍ ഭാഗത്തു തിട്ടപ്പെടുത്തിയ ഭൂമി പ്രത്യേക പദ്ധതി തയാറാക്കി കമ്പിവേലി കെട്ടി സംരക്ഷിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് വൈ.വി ശാന്ത അറിയിച്ചു. മരങ്ങള്‍ക്കു നമ്പര്‍ പതിക്കുന്ന പ്രവര്‍ത്തനം രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കും. മാമ്പുഴ-കീഴ്മാട് വരെയുള്ള ഭാഗങ്ങളില്‍നിന്നു മണ്ണും മാലിന്യവും നീക്കം ചെയ്ത് പര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കുന്ന പ്രവര്‍ത്തനം ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പഞ്ചായത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭീമമായ തുക ഇതിന് ആവശ്യമായതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതി ഏറ്റെടുക്കാന്‍ സാധിക്കില്ല.
മാമ്പുഴയില്‍ മാലിന്യം തള്ളുന്നതിനെതിരേ ശക്തമായ നടപടിയും പഞ്ചായത്ത് സ്വീകരിച്ചുവരുന്നുണ്ട്. നേരത്തെ മാലിന്യം തള്ളിയ കുറ്റിക്കാട്ടൂരിലെ ഒന്‍പതു മുറി ഫ്‌ളാറ്റുകള്‍ അടച്ചുപൂട്ടിയിരുന്നു. രണ്ടു ഫ്‌ളാറ്റുകളുടെ ടാങ്കുകള്‍ മാറ്റി സ്ഥാപിച്ചു. നാലു സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തിരുന്നു. സര്‍വേ പൂര്‍ത്തീകരിക്കുന്ന മുറക്ക് വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ഒഴുക്കുന്നത് തടയാന്‍ പ്രത്യേക പരിശോധന നടത്തുന്നതിനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈ.വി ശാന്ത, വൈസ് പ്രസിഡന്റ് കുന്നുമ്മല്‍ ജുമൈല, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.കെ ഷറഫുദ്ദീന്‍, സുബിത തോട്ടാഞ്ചേരി, പഞ്ചായത്ത് അംഗം എ.എം ആഷിഖ്, അനീഷ് പാലാട്ട് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."