സ്‌കൂളുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന് വിദ്യാര്‍ഥികള്‍
തിരുവനന്തപുരം : പാലും പത്രവും ആശുപത്രിയും വിവാഹവും മാത്രമല്ല സ്‌കൂളുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന് വിദ്യാര്‍ഥികള്‍.
തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ കാരണം അധ്യയന ദിനങ്ങള്‍ കുറയുകയാണെന്നും ഇതുകാരണം സിലബസ് തീര്‍ക്കുന്നതിന് അമിത സമ്മര്‍ദമുണ്ടാവുകയാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഒരു അധ്യയന വര്‍ഷം 220 പ്രവര്‍ത്തി ദിനങ്ങളാണ് ലക്ഷ്യമിടുന്നതെങ്കിലും ചുരുങ്ങിയത് 200 അധ്യയന ദിനങ്ങളെങ്കിലും ഓരോ വര്‍ഷവും ലഭിക്കാറുണ്ട്. എന്നാല്‍ 2018-19 അധ്യയന വര്‍ഷത്തില്‍ ഇതുവരെയുള്ള കണക്കെടുത്താല്‍ 145 അധ്യയന ദിനങ്ങള്‍ മാത്രമാണ് ഇതുവരെ ലഭിച്ചത്. ഇനിയുള്ള ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ കണക്കു കൂടിയെടുത്താല്‍ പരമാവധി 185 പ്രവര്‍ത്തിദിനങ്ങള്‍ മാത്രമായിരിക്കും ലഭിക്കുക.
സിലബസ് തീര്‍ക്കുന്നതിന് ശനിയാഴ്ച്ചകളില്‍ ക്ലാസ് വയ്ക്കുന്നതിനാല്‍ സ്റ്റുഡന്‍സ് പൊലിസ് കേഡറ്റ്, എന്‍.സി.സി,എന്‍.എസ്.എസ് തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളും നിലച്ചിരിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഈ അധ്യയന വര്‍ഷം വീണ്ടും ഹര്‍ത്താലുകള്‍ വന്നാല്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ വിവിധ ബോര്‍ഡ് പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാകുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. തലസ്ഥാന നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് വാര്‍ത്താസമ്മേളനം നടത്തിയത്.
അഫ്‌ന എ.എസ് (സെന്റ്‌മേരീസ് എച്ച്.എസ്.എസ്, പട്ടം ), ഭവ്യ (സെന്റ് ഫ്രാന്‍സിസ് സെയില്‍സ് സീനിയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിഴിഞ്ഞം), അങ്കിത് പ്രവീണ്‍ ( ക്രൈസ്റ്റ് നഗര്‍ എച്ച്.എസ്.എസ് കവടിയാര്‍), ദേവിക ( ജ്യോതി നിലയം എച്ച്.എസ്.എസ്), അപൂര്‍വ ( ആറ്റുകാല്‍ ചിന്മയ വിദ്യാലയ) പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."