ഭാവി കൂടുതല്‍ ഇരുട്ടിലാക്കുന്ന ബജറ്റ്
2019ല്‍ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയപ്പോഴായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ്. എന്നാല്‍ അന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അതു സംബന്ധിച്ച് ഒന്നും സൂചിപ്പിക്കാതെയാണ് ബജറ്റ് അവതരിപ്പിച്ചത്.
അതുകൊണ്ടു തന്നെ ആറു മാസം കഴിഞ്ഞപ്പോള്‍ ബജറ്റില്‍ നിര്‍ദേശിച്ച പല ഘടകങ്ങളും ധനമന്ത്രിക്ക് പിന്‍വലിക്കേണ്ടി വന്നു. 2020 ലെ ബജറ്റും വിലയിരുത്തുമ്പോള്‍ അതുതന്നെയാണ് ആവര്‍ത്തിക്കുന്നത്.
സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് രക്ഷനേടാനുള്ള ഫലപ്രദമായ ഒരു നിര്‍ദേശവും ഈ ബജറ്റിലും കാണാന്‍ കഴിയുന്നില്ല. മറിച്ച് രൂക്ഷമാകുന്ന വിധത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. യഥാര്‍ഥ രോഗം കണ്ടുപിടിച്ച് ചികിത്സിക്കുന്നതിനു പകരം തനിക്ക് ഒരു രോഗവുമില്ലെന്ന് നടിക്കുന്നവരെ പോലെയാണ് ധനമന്ത്രി പെരുമാറുന്നത്. യഥാര്‍ഥ വിഷയങ്ങളെ അഭിമുഖീകരിക്കാതെ വലിയ വാഗ്ദാനങ്ങള്‍ നിരത്തി ആകര്‍ഷകമാക്കാനുള്ള ശ്രമമാണ് ബജറ്റ്. വിശ്വാസം നഷ്ടപ്പെട്ട ജനങ്ങള്‍ക്കു മുന്നില്‍ വലിയ വാഗ്ദാനങ്ങള്‍ക്ക് എന്താണ് പ്രസക്തി.
ഈ ബജറ്റിലെ പ്രധാന കാര്യമായി പറയുന്നത് ആദായ നികുതിക്ക് ഇളവു നല്‍കി എന്നതാണ്. അത് ഒരു നല്ല കാര്യമാണ്. ആ പണം വിപണിയില്‍ ഇറങ്ങേണ്ടത് തന്നെയാണ്. നികുതി ദായകന് അധികമായി ലഭിക്കുന്ന പണം വിപണിയിലേക്ക് എത്തണം. പക്ഷെ ലാഭ സമ്പ്രദായത്തിലെ സങ്കീര്‍ണതകള്‍ കൊണ്ട്, ലളിതമാകേണ്ട നികുതി സമ്പ്രദായം കൂടുതല്‍ കുഴപ്പത്തിലേക്ക് കൊണ്ടു പോകുകയാണ് ധനമന്ത്രി. അതുകൊണ്ട് അത്തരമൊരു പണത്തിന്റെ ഒഴുക്ക് വിപണിയിലുണ്ടാകില്ല.
വിപണിയെ ഉത്തേജ്ജിപ്പിക്കുന്നതിനുള്ള യാതൊരു നിര്‍ദേശവും ബജറ്റില്‍ ഇല്ല. രോഗകാരണം നോട്ട് പിന്‍വലിക്കലും വികലമായി ജി.എസ്.ടി നടപ്പിലാക്കിയതുമാണ്. ഇതുവഴി ചെറുകിട, ഇടത്തരം മേഖലകള്‍ പൂര്‍ണമായി തകര്‍ന്നു. സംരംഭകര്‍, കാര്‍ഷിക മേഖല, വ്യാപാര മേഖല എന്നീ മൂന്ന് മേഖലയിലെ ചെറുകിട, ഇടത്തരം ആളുകള്‍ക്കാണ് വലിയ ആഘാതം സര്‍ക്കാരിന്റെ ഈ രണ്ടു നടപടികള്‍ കൊണ്ട് ഉണ്ടായത്. ഇതോടെ സാമ്പത്തിക മേഖലയുടെ അടിത്തറ തകര്‍ന്നു.
കാര്‍ഷിക മേഖലയില്‍ പ്രഖ്യാപിച്ച ബജറ്റ് നിര്‍ദേശങ്ങള്‍ ഹ്രസ്വകാലയളവില്‍ യാതൊരു മാറ്റവും സൃഷ്ടിക്കുകയില്ല. ഇവയ്ക്ക് പണം നീക്കിവച്ചിട്ടില്ല. വിപണിയെ ഉത്തേജിപ്പിച്ച് ഡിമാന്റ് കൂട്ടുകയെന്ന അടിസ്ഥാന തത്വം ഈ ബജറ്റ് വിസ്മരിച്ചിരിക്കുകയാണ്. നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവയ്ക്ക് വിശ്വാസ്യതയില്ല. ഇവ നടപ്പിലാക്കുന്നതിനുള്ള വരുമാനത്തിന്റെ ഉറവിടം വ്യക്തമല്ല. അതു തന്നെയാണ് വിശ്വാസംഇല്ലാതാക്കുന്നത്. എല്ലാത്തിനും ഒറ്റമൂലിയായി കാണുന്നത് ഓഹരി വിറ്റഴിക്കലാണ്.
എന്നാല്‍ ഇന്ന് ഓഹരി വിറ്റഴിക്കലും കടന്ന് കമ്പനികളും സ്ഥാപനങ്ങളും വിറ്റഴിക്കുന്നതിലേക്ക് എത്തി. പൊതുമേഖലയെ ശക്തിപ്പെടുത്തുന്നതിനു പകരം അവ എങ്ങനെ വിറ്റഴിക്കാമെന്നാണ് സര്‍ക്കാര്‍ ചിന്തിക്കുന്നത്. ഇതാണ് ബജറ്റിന്റെ മറ്റൊരു മുഖം. രാജ്യത്തിന്റെ അഭിമാനമായ ധനകാര്യസ്ഥാപനങ്ങളെയാണ് സ്വകാര്യവല്‍ക്കരിക്കുന്നതും വിറ്റഴിക്കുന്നതും. ഏറ്റവും വലിയ നേട്ടമായ എല്‍.ഐ.സിയെ സ്വകാര്യവല്‍ക്കരിക്കുകയാണ്. വിദേശ ഇന്‍ഷുറന്‍സ് കമ്പനികളോട് മല്‍സരിച്ച് പ്രതിസന്ധികള്‍ അതിജീവിച്ച് നിലനില്‍ക്കാനും നേട്ടം കൈവരിക്കാനും കഴിഞ്ഞ സ്ഥാപനമാണ് എല്‍.ഐ.സി. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രധാന പങ്ക് വഹിക്കുകയും നിരവധി പേര്‍ക്ക് തൊഴില്‍ തല്‍കാനും എല്‍.ഐ.സിക്ക് കഴിഞ്ഞിട്ടുണ്ട്. അത്തരമൊരു സ്ഥാപനം വില്‍ക്കാന്‍ തീരുമാനിച്ചത് വഴി ഏതു സ്ഥാപനവും വില്‍ക്കാന്‍ മടിയില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണ്.
ഗ്രാമീണ സമ്പദ് വ്യവസ്ഥ തകര്‍ന്ന് തരിപ്പണമായി. ഇതു മെച്ചപ്പെടുത്താന്‍ ഒരു നിര്‍ദേശവും ധനമന്ത്രിക്കില്ല. അടുത്ത ഗാരിഫ് സീസണില്‍ കാര്‍ഷിക ഉല്‍പാദനം അഞ്ചു ശതമാനം കുറയുമെന്നാണ് കണാക്കുന്നത്. കയറ്റുമതിയില്‍ രണ്ട് ശതമാനം കുറയും. സാമ്പത്തിക മാന്ദ്യം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചാല്‍ കയറ്റുമതി ഗണ്യമായി കുറയും. സ്വാതന്ത്രത്തിനു ശേഷം ഏറ്റവും കൂടിയ നിരക്കിലാണ് രാജ്യത്തെ തൊഴിലില്ലായ്മ. ബാങ്കുകള്‍ നല്‍കുന്ന വായ്പകള്‍ സ്വീകരിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. വിപണിയില്‍ ആത്മവിശ്വാസം നല്‍കേണ്ട സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല.
സാമ്പത്തിക വ്യവസ്ഥിതി ശക്തിപ്പെടുത്തുക എന്നതാണ് ഒരു സര്‍ക്കാര്‍ ഒന്നാമത്തെ പരിഗണന നല്‍കേണ്ട കാര്യം. എന്നാല്‍ ഇവിടെ സര്‍ക്കാര്‍ നാലാമത്തെയോ അഞ്ചാമത്തെ യോ പരിഗണന മാത്രമാണ് നല്‍കുന്നത്.
സി.എ.എയും എന്‍.ആര്‍.സിയും പോലെ വൈകാരികമായ കാര്യങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കി രാഷ്ട്രീയ അസ്ഥിരതയും അവിശ്വാസവും സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതു വിദേശ പ്രത്യക്ഷ നിക്ഷേപങ്ങള്‍ പോലും തടഞ്ഞു നിര്‍ത്തിയിരിക്കുകയാണ്. രാഷ്ട്രിയ നേട്ടം ലക്ഷ്യമാക്കി ചെയ്ത കാര്യങ്ങള്‍ കൂനിന്‍മേല്‍ കുരുവെന്ന പോലെ ആഘാതമായി.
സുരക്ഷാ ബോധം നഷ്ടപ്പെട്ടതോടെ നിക്ഷേപ മേഖലയിലും സാമ്പത്തിക മേഖലയിലും വിശ്വാസം ഇല്ലാതാക്കി. കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ച്ചയായ ഇത്തരം നടപടികള്‍ രാജ്യത്തിന്റെ പുരോഗതിക്കു തന്നെ വിഘാതമായി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് ഗ്രാമീണ മേഖല ശക്തിപ്പെടുത്തുകയാണ് വേണ്ടത് . ''സാധാരണക്കാരന്റെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കാന്‍ കഴിയണം. അതുവഴി ഏതു മാന്ദ്യത്തെയും നേരിടാന്‍ കഴിയും. ഈ അടിസ്ഥാന തത്വം ഓര്‍മിക്കാന്‍ നിര്‍മലാ സീതാരാമന്‍ പരാജയപ്പെട്ടു.
ഇപ്പോള്‍ നിലനില്‍ക്കുന്നത് വളര്‍ച്ച മുരടിപ്പും ( സ്റ്റാഗിനേഷന്‍) നാണ്യപ്പെരുപ്പവും വിലക്കയറ്റവുമാണ്.( ഇന്‍ഫ്‌ളേഷന്‍) ''ഇവ രണ്ടും ചേരുന്ന സ്റ്റാഗ്ഫ്‌ളേഷന്‍ അവസ്ഥയാണ് നമ്മുടെ സമ്പത്ത് ഘടന .ഗൗരവ പരമായ നിര്‍ദേശങ്ങളും നടപടികളും ഇല്ലാത്തത് ഭാവിയെ കൂടുതല്‍ ഇരുട്ടിലാക്കുന്നു. ഇതു പൂര്‍ണമായ വികസന സ്തംഭനത്തിലേക്കും പൂര്‍ണമായ തൊഴിലില്ലായ്മയിലേക്കും ഭക്ഷ്യ ദൗര്‍ബല്യത്തിലേക്കും നയിക്കും. ഇതെല്ലാം മറച്ചുവച്ചു കൊണ്ട് വിശ്വാസതയില്ലാത്ത പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തുന്നത്. ഇതിനെല്ലാം പണം എവിടെ നിന്ന് എന്നതും വ്യക്തമല്ല.
മറ്റൊരു ശ്രദ്ധേയമായ കാര്യം ബജറ്റിനു പുറത്ത് നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതാണ് സര്‍ക്കാരിന്റെ രീതി. ജി.എസ്.ടിയിലെ തീരുമാനങ്ങളും പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നത് സംബസിച്ച തീരുമാനങ്ങളും എല്ലാം ബജറ്റിന് പുറത്താണ് മോദി സര്‍ക്കാര്‍ എടുക്കുന്നത്.
ബജറ്റിന്റെ സാംഗത്യവും വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുകയാണ്. അഞ്ചു ലക്ഷം കോടി ഡോളറിലേക്ക് സമ്പത്ത് വ്യവസ്ഥയെ വളര്‍ത്തുമെന്ന് പ്രഖ്യാപിച്ചവര്‍ ഇപ്പോള്‍ രാജ്യത്തെ എവിടെ കൊണ്ടുചെന്നാണ് എത്തിച്ചിരിക്കുന്നത്. പുറമേ ആകര്‍ഷകമെന്നു തോന്നുമെങ്കിലും ഒരു ഗിമ്മിക്കാണെന്ന് ധനമന്തിയുടെ ബജറ്റില്‍നിന്നു തന്നെ സാധാരണക്കാര്‍ക്ക് പോലും ബോധ്യമാകും.
പ്രത്യക്ഷ നികുതിയും പരോക്ഷ നികുതിയും കുറഞ്ഞു കൊണ്ടിരിക്കെ ഈ കൊട്ടിഘോഷിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ എങ്ങനെ നടപ്പാക്കും?. നികുതി മുരടിപ്പുള്ള രാജ്യത്ത് എങ്ങനെ മെഗാ പദ്ധതികള്‍ നടപ്പാക്കും ഈ ചോദ്യത്തിന് മറുപടി പറയണം.അവിടെയാണ് വരുമാന സ്രോതസുകളെക്കുറിച്ച് വ്യക്തത നല്‍കാത്ത ഈ ബജറ്റിന്റെ പൊള്ളത്തരവും പ്രകടമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."