തലമുറകളെ കോര്‍ത്തിണക്കിയ കണ്ണി
അബ്ദുസ്സമദ് ടി. കരുവാരകുണ്ട്#
ആയിരത്തിത്തൊള്ളായിരത്തി അന്‍പതുകളുടെ അവസാനഘട്ടത്തിലാണ് വടുതല മൂസ മൗലവി മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള പ്രസിദ്ധമായ തലക്കടത്തൂര്‍ പള്ളി ദര്‍സില്‍ വിദ്യാര്‍ഥിയായി വരുന്നത്. അന്നവിടെ അധ്യാപകനായിരുന്നത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്‍ അധ്യക്ഷനും വിശ്വപ്രസിദ്ധനുമായ സയ്യിദ് അബ്ദുറഹ്മാന്‍ അസ്ഹരി തങ്ങളായിരുന്നു. നൂറ്റാണ്ടുകളുടെ ഇസ്‌ലാമിക പാരമ്പര്യമുള്ള ആലപ്പുഴ ജില്ലയിലെ വടുതലയില്‍നിന്ന് മൈലുകള്‍ താണ്ടി ഓതിക്കൂടാന്‍ വന്ന വിദ്യാര്‍ഥിയെ അന്നുതന്നെ തങ്ങള്‍ക്ക് നന്നായി ബോധിച്ചു. അപാരമായ ബുദ്ധിശക്തിയും വിനയത്തില്‍ പൊതിഞ്ഞ പെരുമാറ്റവും നിറഞ്ഞ ആ കുട്ടിയെ പിന്നീട് അസ്ഹരി തങ്ങള്‍ കൂടെക്കൂട്ടി.
പള്ളിയില്‍നിന്ന് വഅദിനും മറ്റു പരിപാടികള്‍ക്കും പോകുമ്പോള്‍ ആ വിദ്യാര്‍ഥി തങ്ങളുടെ സന്തതസഹചാരിയായി. 1958ല്‍ അസ്ഹരി തങ്ങള്‍ വിശ്വപ്രസിദ്ധമായ കെയ്‌റോയിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയിലേക്കും ശിഷ്യനായ വടുതല മൂസ മൗലവി വെല്ലൂര്‍ ബാഖിയാത്തിലേക്കും പോയി. അറിവ് തേടിയുള്ള യാത്രയിലെ ഈ വേര്‍പ്പാട് രണ്ടുപേര്‍ക്കും സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. നൈലിന്റെ നാട്ടില്‍ അറിവുതേടിപ്പോയ സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഇടയ്ക്കിടെ അറബിയില്‍ ശിഷ്യനുമായി കത്തിടപാടുകള്‍ നടത്തും. ആ കത്തുകള്‍ ഓരോന്നും ആ ശിഷ്യന്‍ നിധി പോലെ സൂക്ഷിക്കുകയും ചെയ്തു.
ിിിി
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതരെയും നേതാക്കളെയും അതിരറ്റു സ്‌നേഹിച്ച പണ്ഡിതപ്രതിഭയായിരുന്നു വടുതല മൂസ മൗലവി. വിവിധ കാലങ്ങളില്‍ സമസ്തയുടെ നേതൃനിരയില്‍ വന്ന പണ്ഡിതരുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്തി അദ്ദേഹം. മലബാര്‍ ഉലമാക്കളുമായി തെക്കന്‍ കേരളത്തെ ബന്ധിപ്പിച്ച പണ്ഡിതന്‍ കൂടിയായിരുന്നു അദ്ദേഹം. മലബാറുമായി ഏറെ മാനസിക അടുപ്പം കാണിച്ച മൗലവി, തന്റെ ആത്മീയ തറവാട് മലബാറാണെന്ന് ഇടക്കിടെ ആവര്‍ത്തിക്കുമായിരുന്നു. ജന്മനാടായ വടുതലയില്‍ മൂസ മുസ്‌ലിയാരില്‍നിന്നാണു മതപഠനം ആരംഭിക്കുന്നത്. ശേഷം ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയില്‍ വിദ്യ അഭ്യസിച്ചു. അന്നവിടെ അധ്യാപകനായുണ്ടായിരുന്നത് മലബാരിയായ കുട്ടി ഹസന്‍ മുസ്‌ലിയാരായിരുന്നു. പിന്നീടാണ് അബ്ദുറഹ്മാന്‍ അസ്ഹരി തങ്ങള്‍ക്കു കീഴില്‍ തലക്കടത്തൂരില്‍ ഓതാനെത്തുന്നത്. പിന്നീട് ബാഖിയാത്തില്‍ പോകുന്നതുവരെ തലക്കടത്തൂരില്‍ തന്നെ പഠനം തുടര്‍ന്നു.
യമനില്‍നിന്ന് തമിഴ്‌നാട്ടിലെ കായല്‍പട്ടണത്തും അവിടെനിന്ന് വടുതലയിലും കുടിയേറിപ്പാര്‍ത്ത കുടുംബമാണ് മൂസ മൗലവിയുടേത്. ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്ത് കൊച്ചി നഗരത്തോട് തൊട്ടുരുമ്മിനില്‍ക്കുന്ന വടുതലക്ക് നൂറ്റാണ്ടുകളുടെ ചരിത്ര പൈതൃകമുണ്ട്. നിരവധി പണ്ഡിതരുടെ പാദസ്പര്‍ശമേറ്റ വടുതല വലിയ പ്രതിഭാവിലാസമുള്ള വ്യക്തികള്‍ ദര്‍സ് നടത്തിയ പ്രദേശം കൂടിയാണ്. സയ്യിദ് അലി ശാത്വിരി, മുഹമ്മദുബ്‌നു അഹ്മദില്‍ പൊന്നാനി, വളപ്പില്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കണ്ണന്തറ അമ്മുക്കാരി മുസ്‌ലിയാര്‍, ചാവക്കാട് പാടൂര്‍ മുഹമ്മദാലി മുസ്‌ലിയാര്‍, നാദാപുരം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പുതുപൊന്നാനി ഒറ്റയില്‍ മുഹമ്മദുണ്ണി മുസ്‌ലിയാര്‍, സ്വാലിഹ് അഹ്മദ് മുസ്‌ലിയാര്‍, എടത്തല ഇബ്‌റാഹീം മുസ്‌ലിയാര്‍, ക്ലാപ്പന ഇബ്‌റാഹീം മുസ്‌ലിയാര്‍, പെരുമ്പാവൂര്‍ അബൂബക്കര്‍ മുസ്‌ലിയാര്‍, കോടഞ്ചേരി അഹ്മദ് മുസ്‌ലിയാര്‍ അവരില്‍ ചിലര്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വിദ്യാര്‍ഥികള്‍ ഇവിടെ വിദ്യതേടിയെത്തി. പാരമ്പര്യ ഇസ്‌ലാമിക വിശ്വാസാചാരങ്ങള്‍ പിന്തുടര്‍ന്നുപോന്ന ഈ ദേശത്താണ് നാടിനോളം വളര്‍ന്ന മൂസ മൗലവി ജനിച്ചതും.
1960ല്‍ ബാഖിയാത്തില്‍നിന്നു പിരിഞ്ഞ ശേഷം പ്രസിദ്ധ പണ്ഡിതന്‍ ശൈഖ് ഹസന്‍ ഹസ്രത്ത് പാപ്പിനിശ്ശേരിയിലെ തന്റെ സ്ഥാപനത്തില്‍ മുദരിസായി മൂസ മൗലവിയെ നിയമിച്ചു. വെല്ലൂരില്‍ മുദരിസായിരുന്ന ഹസന്‍ ഹസ്രത്ത് തന്റെ ശിഷ്യന്റെ ബുദ്ധിവൈഭവത്തില്‍ ഏറെ ആകൃഷ്ടനായിരുന്നു. ഒരു വര്‍ഷം അവിടെ സേവനം ചെയ്തു. പിന്നീട് കാഞ്ഞിരപ്പള്ളിയിലും ശേഷം ആലുവക്കടുത്ത കുഞ്ഞുണ്ണിക്കരയിലും തുടര്‍ന്ന് ആലുവ ഹസനിയ്യയിലും ദര്‍സ് നടത്തി. പിന്നീട് മരണംവരെ ജന്മനാടായ വടുതലയില്‍ മജ്‌ലിസുല്‍ അബ്‌റാര്‍ ട്രസ്റ്റിനുകീഴില്‍ അദ്ദേഹം തന്നെ സ്ഥാപിച്ച ജാമിഅഃ റഹ്മാനിയ്യ അറബി കോളജിലാണ് ദര്‍സ് നടത്തിയത്.
സൂഫിയും കര്‍മശാസ്ത്ര വിശാരദനും ദക്ഷിണ കേരളത്തിലെ മതവിധികളുടെ അവസാനവാക്കുമായിരുന്നു അദ്ദേഹം. സമസ്ത നേതാക്കളായിരുന്ന മൗലാനാ ഖുത്വുബി മുഹമ്മദ് മുസ്‌ലിയാര്‍, മൗലാനാ സ്വദഖത്തുല്ല മൗലവി, ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ തുടങ്ങിയവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹം.
പ്രായോഗിക ജീവിതത്തില്‍ വലിയ മാതൃകയായിരുന്നു മൂസ മൗലവി. ആശയപരമായി അകലം പാലിക്കുന്നവരോടടക്കം സ്‌നേഹത്തിലും സൗഹൃദത്തിലും പെരുമാറാനും ഗുണദോഷിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. എന്നും ഐക്യത്തിന്റെ വക്താവായി നിലകൊള്ളാനും സമൂഹത്തില്‍ വളര്‍ന്നുവരുന്ന തീവ്രവിധ്വംസക പ്രവണതകള്‍ക്കെതിരേ മുഖംനോക്കാതെ പ്രതികരിക്കാനും മൗലവി ധൈര്യം കാണിച്ചു. ആശയപരമായി തനിക്കു തെറ്റെന്നു തോന്നിയതിനോട് കൃത്യവും വ്യക്തവുമായ അകലം പാലിക്കാന്‍ അദ്ദേഹം ജാഗ്രത പുലര്‍ത്തി. പാരമ്പര്യ ഇസ്‌ലാമിന്റെ ഗുണഗണങ്ങളായ മാലമൗലിദുകളെ കുറിച്ചും തസ്വവ്വുഫിന്റെ പ്രബോധനസാധ്യതകളെകുറിച്ചും അദ്ദേഹം നിരന്തരം ഉണര്‍ത്തി.
തലമുറകളെ കോര്‍ത്തിണക്കുകയും താലോലിക്കുകയും ചെയ്ത ആ കണ്ണി വിടപറഞ്ഞിരിക്കുന്നു. പക്ഷേ, അദ്ദേഹം ബാക്കിവച്ച ആഗ്രഹം, മലബാറും ദക്ഷിണ കേരളവും കൈകോര്‍ത്തുള്ള മതസാമൂഹികാന്തരീക്ഷം സാധ്യമാക്കാന്‍ നമുക്കെങ്കിലുമാകട്ടെ!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."