നിളഭാവങ്ങള്‍
ഫര്‍സാന കെ#
കുഞ്ഞിക്കാലില്‍ നിറയെ മണികളുള്ള പാദസരം അണിയിച്ച് അമ്മ താളമിട്ടു തുടങ്ങിയതാണ് അവളുടെ നൃത്തതപസ്യ. അമ്മത്താളത്തിലാണ് അവള്‍ പിച്ചവച്ചു തുടങ്ങിയത്. പാദസരം കിലുക്കി കിലുക്കി അവള്‍ പിന്നെ പിച്ചവച്ചു കയറിയതു മരണത്തിന്റെ തണുപ്പിലേക്കു മറഞ്ഞുപോയ അമ്മ ബാക്കിവച്ച കിനാവിലേക്കായിരുന്നു. അങ്ങനെ രാജ്യത്തെ തന്നെ ഏറ്റവും നല്ല കുഞ്ഞു നര്‍ത്തകിയെന്ന പരിവേഷത്തോളമെത്തി അവളുടെ യാത്ര.
ഇത് കക്കോടി സ്വദേശി നിളാനാഥ്. മാധ്യമപ്രവര്‍ത്തകനായ ബിജുനാഥിന്റെ മകള്‍. മൂന്നു വയസുമുതല്‍ അണിഞ്ഞു തുടങ്ങിയതാണ് അവളുടെ കുഞ്ഞിക്കാലുകളില്‍ ചിലങ്ക. രാജ്യത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ നടനവിസ്മയം തീര്‍ത്തു ഈ പതിനൊന്നുകാരി. നൃത്തം പഠിച്ചുതുടങ്ങി ആറു വര്‍ഷം കൊണ്ടുതന്നെ മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി എന്നിവയില്‍ അരങ്ങേറ്റം കുറിച്ച നിള ചേളന്നൂര്‍ എ.കെ.കെ.ആര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
സദനം ശശിധരനു കീഴിലാണു നൃത്തം അഭ്യസിച്ചു തുടങ്ങിയത്. പിന്നീട് കലാമണ്ഡലം സത്യവ്രതനു കീഴിലും നൃത്തം പരിശീലിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ മൂന്നിനങ്ങളിലും മികവാര്‍ന്ന പ്രകടനമാണ് നിള കാഴ്ചവയ്ക്കുന്നത്. 2018ലെ ചൈല്‍ഡ് ആര്‍ടിസ്റ്റ് പുരസ്‌കാരവും ബാല ഓജസി പുരസ്‌കാരവും ഇതിനിടയില്‍ നിളയെ തേടിയെത്തി. കൂടാതെ ദുബൈയില്‍ നാദം നൃത്യകലാകേളി നൃത്തോത്സവത്തില്‍ പ്രഗത്ഭരായ നൃത്ത കലാകാരന്മാര്‍ക്കൊപ്പം ചുവടുവയ്ക്കാനും അവള്‍ക്കായി. ഇന്നു ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന കലാകാരിയാണ് നിള.
ദിവസവും ചിട്ടയോടുകൂടിയുള്ള നൃത്തപരിശീലനമാണ് തന്റെ വിജയത്തിനു പിന്നിലെ പ്രധാന കാരണമെന്നു പറയുന്നു നിള. നര്‍ത്തകിയാവണമെന്നു തന്നെയാണ് ആഗ്രഹം. ഈ മേഖലയിലെ കൂടുതല്‍ പരീക്ഷണങ്ങളും കലാപ്രകടനങ്ങളും നിളയുടെ കുഞ്ഞുമോഹങ്ങള്‍. പ്രശസ്ത നര്‍ത്തകികളായ പല്ലവി കൃഷ്ണന്റെയും ഡോ. ഹര്‍ഷന്‍ സെബാസ്റ്റ്യന്‍ ആന്റണിയുടെയും കീഴില്‍ വിദഗ്ധ പരിശീലനം നേടുന്നുണ്ട്. ഒരു മണിക്കൂര്‍ നീളുന്ന ഭരതനാട്യ കച്ചേരി നടത്താനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ ഈ കൊച്ചുകലാകാരി.
ചിന്മയ വിദ്യാലയത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ അനേഷ് ബദരീനാഥ് സഹോദരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."