ഫോര്‍ട്ട്‌കൊച്ചി കുട്ടികളുടെ പാര്‍ക്ക് നവീകരണ ജോലികള്‍ അട്ടിമറിക്കാന്‍ നീക്കമെന്ന്
മട്ടാഞ്ചേരി: ശോചനീയാവസ്ഥയിലായ ഫോര്‍ട്ട്‌കൊച്ചിയിലെ കുട്ടികളുടെ പാര്‍ക്ക് നവീകരണ ജോലികള്‍ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം. ഡി.റ്റി.പി.സിയുടെ ഫണ്ട് വിനിയോഗിച്ചാണ് ഇപ്പോള്‍ പാര്‍ക്ക് നവീകരിക്കുന്നത്. പാര്‍ക്കിലെ മരങ്ങള്‍ക്ക് ചുറ്റും ഇരിപ്പിടം കെട്ടുന്ന ജോലികളും പാര്‍ക്കില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഡ്രൈനേജ് നിര്‍മിക്കുന്ന ജോലികളുമാണ് ഇപ്പോള്‍ നടക്കുന്നത്.
ഇതിനുപുറമേ മോശമായ കളിക്കോപ്പുകള്‍ നീക്കി പുതിയത് സ്ഥാപിക്കാനും മോശമല്ലാത്തവ നവീകരിക്കാനും പദ്ധതിയുണ്ട്.
എന്നാല്‍ നവീകരണ ജോലികള്‍ ആരംഭിച്ച ഉടന്‍തന്നെ ഇതിനെതിരേ മുന്‍ കൗണ്‍സിലര്‍മാര്‍ രംഗത്ത് വന്നിരുന്നു. പാര്‍ക്കില്‍ ചുറ്റുമതില്‍ നിര്‍മിക്കരുതെന്നും മരങ്ങള്‍ക്ക് ചുറ്റും ഇരിപ്പിടം സ്ഥാപിച്ചാല്‍ കായല്‍ കാഴ്ചകള്‍ മറക്കുമെന്നാണ് ഇവരുടെ വാദം. ഇത് നവീകരണ ജോലികള്‍ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.
പാര്‍ക്കില്‍ ചുറ്റുമതില്‍ കെട്ടുന്നില്ലെന്നും മരങ്ങള്‍ക്ക് ചുറ്റും ഇരിപ്പിടം കെട്ടുന്നത് കായല്‍ കാഴ്ചകള്‍ക്ക് തടസമാകില്ലല്ലെന്നും പശ്ചിമകൊച്ചിയില്‍ കുട്ടികള്‍ക്കായുള്ള പ്രധാന വിനോദ കേന്ദ്രമായ പാര്‍ക്കിന്റെ ശോചനീയാവസ്ഥ പരിഹരിക്കലാണ് ലക്ഷ്യമെന്നും നഗരസഭ ടൗണ്‍ പ്‌ളാനിങ് കമ്മിറ്റി ചെയര്‍പേഴ്‌സനും ഡിവിഷന്‍ കൗണ്‍സിലറുമായ ഷൈനി മാത്യൂ പറഞ്ഞു.
അതേസമയം നേരത്തേ പത്ത് ലക്ഷം വിനിയോഗിച്ച് പാര്‍ക്കില്‍ നടപ്പാത ടൈല്‍ വിരിച്ചിരുന്നു. ഇത് പൊളിച്ച് നീക്കി ഡ്രൈനേജ് നിര്‍മിക്കുന്നതിനെതിരെയാണ് മറ്റൊരു മുന്‍ കൗണ്‍സിലര്‍ പരാതിയുമായി എത്തിയിട്ടുള്ളത്. എന്നാല്‍ പാര്‍ക്കിലെ എക്കാലത്തേയും രൂക്ഷമായ പ്രശ്‌നമാണ് വെള്ളക്കെട്ട്. ഇത് ഒഴിവാക്കാന്‍ നേരത്തേ ഡ്രൈനേജ് നിര്‍മിക്കാന്‍ നീക്കം നടന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് തടസപ്പെട്ടിരുന്നു. മരങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് പറഞ്ഞായിരുന്നു തടസം സൃഷ്ടിച്ചത്.
എന്നാല്‍ ഇപ്പോള്‍ മരങ്ങള്‍ക്ക് ഭീഷണിയാകാത്ത രീതിയിലാണ് ഡ്രൈനേജ് നിര്‍മിക്കുന്നത്. എന്നിട്ടും അശാസ്ത്രീയ നിര്‍മാണമെന്ന് പറഞ്ഞ് രംഗത്ത് വരുന്നത് പാര്‍ക്ക് നവീകരണം തടസപ്പെടുത്താനാണെന്നാണ് പ്രദേശവാസികളുടേയും അധികൃതരുടേയും പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."