നീര്‍പക്ഷി കണക്കെടുപ്പ് പൂര്‍ത്തിയായി; മൂന്ന് ഇനം പക്ഷികളെ പുതിയതായി കണ്ടെത്തി
മാന്നാര്‍: ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള നീര്‍പക്ഷി കണക്കെടുപ്പിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ അപ്പര്‍കുട്ടനാട് മേഖലയിലെ കണക്കെടുപ്പ് പൂര്‍ത്തിയായി. പുതിയതായി വലിയ രാജഹംസം, ചാരത്തലയന്‍ തിത്തിരി, നീലക്കവിളന്‍ വേലിത്തത്ത എന്നീ ഇനങ്ങളെ പുതിയതായി കണ്ടെത്തി. അഫ്ഗാനിസ്ഥാന്‍ മുതല്‍ ഓസ്‌ട്രേലിയ വരെ 27 രാജ്യങ്ങളിലെ 6100 സ്ഥലങ്ങളിലാണ് നീര്‍പക്ഷി കണക്കെടുപ്പ് നടക്കുന്നത്. ഇന്ത്യയില്‍ 1987 മുതല്‍ ആരംഭിച്ച കണക്കെടുപ്പ് ആലപ്പുഴ ജില്ലയില്‍ ആരംഭിച്ചത് 2013 ലാണ്. ഈ വര്‍ഷം അപ്പര്‍കുട്ടനാട്ടില്‍ നടന്ന കണക്കെടുപ്പില്‍ 15 കേന്ദ്രങ്ങളിലായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 72 വിദഗ്ധര്‍ നേതൃത്വം നല്‍കി.
ഇതുവഴി നീര്‍ത്തട ആവാസവ്യവസ്ഥയിലെ മാറ്റങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, നീര്‍പ്പക്ഷികളുടെ എണ്ണം, ദേശാടന പക്ഷികളുടെ എണ്ണം, വൈവിധ്യം തുടങ്ങി നിരവധി കാര്യങ്ങള്‍ പഠന വിധേയമാക്കുന്നു. കേരള സര്‍ക്കാരിന്റെ വനം വന്യ ജീവി വകുപ്പിന്റെ നേതൃത്വത്തില്‍ കോട്ടയം നേച്ചര്‍ സൊസൈറ്റി, ആലപ്പുഴ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി എന്നീ സംഘടനകളുടെ സഹകരണത്തോടെ ഈ വര്‍ഷം നടത്തിയ കണക്കെടുപ്പില്‍ 47 ഇനങ്ങളിലായി 16767 നീര്‍ പക്ഷികളെയാണ് കണ്ടെത്താനായത്. 2017ല്‍ 28198 ഉം 2018 ല്‍ 41576 ഉം പക്ഷികളെയാണ് കണ്ടെത്താനായത്. ഈ വര്‍ഷം വലിയ രാജഹംസം (ഗ്രേറ്റര്‍ ഫ്‌ളമിംഗോ), ചാരത്തലയന്‍ തിത്തിരി (ഗ്രേ ഹെഡഡ് ലാപ്പ് വിങ് ), നീലക്കവിളന്‍ വേലത്തത്ത (ബ്ലൂ ചീക്ക്‌സ് ബീ ഈറ്റര്‍) എന്നീ ഇനങ്ങളെ പുതിയതായി കണ്ടെത്തുവാനായി. പ്രളയാനന്തരം അപ്പര്‍കുട്ടനാട് മേഖലയില്‍ കാര്‍ഷിക വിളവിറക്കലില്‍ വന്ന സമയമാറ്റമാകാം പക്ഷികളുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമായതെന്ന് കണക്കെടുപ്പിന് നേതൃത്വം നല്‍കിയ ഡോ.ബി. ശ്രീകുമാര്‍, ഹരികുമാര്‍ മാന്നാര്‍ എന്നിവര്‍ പറഞ്ഞു. കണക്കെടുപ്പില്‍ ഏറ്റവും കുറവ് പക്ഷികളെ കണ്ടെത്തിയത് കരുവാറ്റ, തകഴി പാടശേഖരങ്ങളിലും ഏറ്റവും കൂടുതല്‍ കണ്ടെത്തിയത് ഐക്കരമുക്ക്, നാലുതോട് പാടശേഖരങ്ങളിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."