കുരങ്ങുപനിക്കെതിരേ ജാഗ്രത വേണം
കല്‍പ്പറ്റ: ജില്ലയില്‍ അടുത്തകാലത്തായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അസുഖമാണ് കുരങ്ങുപനി. കുരങ്ങുപനി ഒരു വൈറസ് രോഗമാണ്. ഉണ്ണി, പട്ടുണ്ണി, വട്ടന്‍ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ചെള്ളുകളാണ് രോഗം പരത്തുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെ മനുഷ്യരിലേക്കും പകരാം. നവംബര്‍ മുതല്‍ മെയ് മാസം വരെയുള്ള വരണ്ട കാലാവസ്ഥയിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. ചെള്ളിന്റെ കടിയേറ്റ് മൂന്നു മുതല്‍ എട്ട് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങളുണ്ടാകാം. രോഗബാധിതരായ കുരങ്ങുകളുമായും അവയുള്ള പരിസരങ്ങളുമായുള്ള സമ്പര്‍ക്കം വഴിയും മനുഷ്യരിലേക്ക് രോഗം പകരും. വളര്‍ത്തു മൃഗങ്ങളില്‍ രോഗം പ്രകടമാകുമ്പോള്‍ തന്നെ സുരക്ഷാ നടപടികള്‍ സ്വീകരിച്ചാല്‍ കുരങ്ങുപനി മനുഷ്യരിലേക്ക് പടരുന്നത് തടയാം. വളര്‍ത്ത് മൃഗങ്ങളിലേക്ക് പകരുന്ന ചെള്ളുകളെ ലേപനങ്ങള്‍ ഉപയോഗിക്കുക വഴി ഫലപ്രദമായി തടയാം.
പ്രതിവിധി കന്നുകാലികളില്‍ 1% വീര്യമുള്ള ഫ്‌ളുമെത്രിന്‍ ലായനി ഉപയോഗിക്കാം. ഫ്‌ളൂപര്‍, പോറോണ്‍ എന്നീ പേരുകളില്‍ 50 മി.ലി. കുപ്പികളിലും ഈ മരുന്ന് ലഭ്യമാണ്. ഉരുവിന്റെ നട്ടെല്ലിന്റെ തുടക്കം മുതല്‍ വാലിന്റെ കടഭാഗം വരെ നട്ടെല്ലിന്റെ മുകളിലൂടെ ലേപനം പുരട്ടണം. സൂര്യപ്രകാശം തട്ടിയാല്‍ തൊലിപ്പുറമേ അലര്‍ജിയാണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അതിരാവിലെയോ സന്ധ്യക്കോ ലേപനം പുരട്ടുന്നതാണ് നല്ലത്. ഒരു തവണ മരുന്ന് ഉപയോഗിച്ചാല്‍ 45 ദിവസത്തേക്ക് പ്രയോജനം ലഭിക്കും. വളര്‍ത്തു നായ്ക്കളില്‍ 12.5% വീര്യമുള്ള ഡെല്‍റ്റമെത്രിന്‍ എന്ന മരുന്ന് ഉപയോഗിക്കണം. ബട് ഓക്‌സ് എന്ന പേരില്‍ 15 മി.ലി. കുപ്പികളിലും മരുന്ന് ലഭ്യമാണ്. രണ്ട് മി.ലി. മരുന്ന് ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് നായ്ക്കളുടെ ദേഹത്തു പുരട്ടി 10 മിനിറ്റിനു ശേഷം കുളിപ്പിക്കണം. രണ്ടാഴ്ച ഇടവേളയിലേ ഇത് ഉപയോഗിക്കേണ്ടതുള്ളൂ. സുല്‍ത്താന്‍ ബത്തേരി, പൂതാടി, നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി മൃഗാശുപത്രികള്‍ വഴിയും മരുന്ന് വിതരണം ചെയ്യുന്നുണ്ട്. വനാതിര്‍ത്തിയില്‍ താമസിക്കുന്ന കന്നുകാലി ഉടമസ്ഥരും വളര്‍ത്തു നായ്ക്കള്‍ ഉള്ളവരും ഡോക്ടറുടെ നിര്‍ദേശ പ്രകാരം മരുന്ന് ഉപയോഗിക്കണം. വിശദ വിവരങ്ങള്‍ക്കും സംശയനിവാരണത്തിനും അതാത് മൃഗാശുപത്രികളുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."