കൊറോണ ഭീതി: ഞണ്ട് കര്‍ഷകര്‍ ദുരിതത്തില്‍
പൊന്നാനി: ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നത് ചെമ്മീനും ഞണ്ടും അടക്കമുള്ള സമുദ്രോല്‍പന്നങ്ങളുടെ കയറ്റുമതിയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക പടരുന്നു. ചൈനയിലേക്കുള്ള സമുദ്രോല്‍പന്നങ്ങള്‍ വ്യാപകമായി കെട്ടിക്കിടക്കുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനുള്ള സമയമായിട്ടില്ലെന്നാണ് അധികൃതരുടെ നിലപാട്.
ചെമ്മീനും ഞണ്ടും അടക്കമുള്ള മത്സ്യങ്ങള്‍ വ്യാപകമായി കയറ്റി അയക്കപ്പെടുന്ന രാജ്യമാണ് ചൈന. കൊറോണ ബാധ ശക്തമായ വുഹാന്‍ സമുദ്രോല്‍പന്നങ്ങളുടെ പ്രധാന വിപണികളിലൊന്നാണ്. കെടുതി വലിയ ഭീതി പരത്തുന്ന സാഹചര്യത്തില്‍ കാര്യമായ തിരിച്ചിടിയാണ് രാജ്യം നേരിടുന്നതെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂനിയന്‍ പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് പറഞ്ഞു. ചൈനയിലെ ഇടപാടുകാര്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങിയ സാഹചര്യമാണുള്ളത്. ഇതോടെ അവിടേക്കുള്ള കയറ്റുമതി നിലച്ച അവസ്ഥയാണ്.
എന്നാല്‍ ചൈനയിലേക്കുള്ള കയറ്റുമതിയെ കൊറോണ ബാധ പ്രതികൂലമായി ബാധിച്ചതായി സ്ഥാപിക്കുന്നതിനുള്ള വസ്തുതകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് സമുദ്രോല്‍പന്ന കയറ്റുമതിയുമായി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. ഇത് സംബന്ധിക്കുന്ന ഒരു വിവരവും ഇപ്പോള്‍ ലഭ്യമായിട്ടില്ല.
രോഗബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലെ പ്രാദേശികമായ ഉപഭോഗത്തില്‍ ഇടിവ് സംഭവിച്ചിട്ടുണ്ടോ എന്നതാണ് അറിയേണ്ടത്. ചൈനയിലിപ്പോള്‍ പുതുവര്‍ഷത്തിന്റെ കാലമാണ്. പുതുവര്‍ഷം മുന്‍നിര്‍ത്തി നേരത്തെ തന്നെ ഉല്‍പന്നങ്ങള്‍ ശേഖരിക്കുകയെന്നതാണ് പതിവ്. അതനുസരിച്ച് ഇക്കുറിയും ശേഖരിച്ചിട്ടുണ്ട്. ഫെബ്രുവരി പത്തോടെ മാത്രമേ പുതുവര്‍ഷത്തിനുശേഷമുള്ള വ്യാപാര ഇടപാടുകള്‍ ആരംഭിക്കുകയുള്ളു. പുതുവര്‍ഷാനന്തരമുള്ള കണക്കെടുപ്പുകളില്‍ മാത്രമേ ചൈനയിലെ ആഭ്യന്തര വ്യാപാരത്തെ ഏത് തരത്തില്‍ ബാധിച്ചുവെന്ന് പറയാന്‍ കഴിയുകയുള്ളു. വുഹാന്‍ ഇന്ത്യയുടേയും ഇക്വഡോറിന്റേയും പ്രധാന വിപണിയാണ്. ചൈനയിലേക്കുള്ള സമുദ്രോല്‍പന്നങ്ങളുടെ കയറ്റുമതിയെ കൊറോണ ബാധിച്ചതായി പറയാനുള്ള സമയം ആയിട്ടില്ലെന്ന് സീ ഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ റീജിണല്‍ പ്രസിഡന്റ് അലക്‌സ് കെ. നൈനാന്‍ പറഞ്ഞു. പുതുവര്‍ഷം മുന്‍നിര്‍ത്തി ചരക്ക് നേരത്തെ തന്നെ അവിടേയ്ക്ക് എത്തിച്ചിട്ടുണ്ട്. പുതുവര്‍ഷം പ്രമാണിച്ച് നിലവില്‍ മത്സ്യ പിപണി അടച്ചിരിക്കുകയാണ് ചൈനയില്‍. അത് പുനരാരംഭിച്ചതിനുശേഷം മാത്രമേ വ്യക്തമായ കണക്കുകള്‍ ലഭിക്കുകയുള്ളു.
നവംബറില്‍ നടന്ന സീ ഫുഡ് ഷോയില്‍ നല്ല പ്രതികരണമാണ് ഉണ്ടായത്. ആവശ്യത്തിനുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുന്നില്ലെന്നതാണ് ഇത്തവണ അനുഭവപ്പെട്ടത്. അതേസമയം ഏജന്‍സികള്‍ വേണ്ടത്ര ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപം മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ശക്തമാണ്. പാമ്പാട, ജീവനുള്ള ഞണ്ട് മുതലായവ വ്യാപകമായി ഇവിടെ നിന്നും കയറ്റി അയക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."