സുദാന്‍ ജനകീയ പ്രക്ഷോഭം; 24 പേര്‍ മരിച്ചെന്ന് സ്ഥിരീകരണം
ഖാര്‍ത്തൂം: സുദാന്‍ സര്‍ക്കാരിനെതിരേയുള്ള ജനകീയ പ്രക്ഷോഭത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക വസ്തുതാന്വേഷണ സംഘം. റൊട്ടി വില വര്‍ധനവിനെതിരേയും പ്രസിഡന്റിന്റെ രാജിയുമാവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് സുദാനില്‍ പ്രക്ഷോഭം ആരംഭിച്ചത്.
എന്നാല്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തില്‍ 40 പേര്‍ മരിച്ചെന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ കണ്ടെത്തല്‍.
തലസ്ഥാനമായ ഖാര്‍ത്തൂം, ദാര്‍ഫൂര്‍ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഇന്നലെ പ്രതിഷേധക്കാര്‍ക്കെതിരേ പൊലിസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. സമാധാനം, വിപ്ലവം ജനങ്ങളുടെ തെരഞ്ഞെടുപ്പാണെന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ഖാര്‍ത്തൂമിലെ ബഹരി ജില്ലയില്‍ പ്രതിഷേധങ്ങള്‍ക്കുനേരെയും പൊലിസ് അക്രമങ്ങളുണ്ടായി.
പ്രതിഷേധങ്ങള്‍ രാജ്യത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. വരും ദിവസങ്ങളില്‍ നിയാല, അല്‍ ഫാഷര്‍ എന്നീ നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കും. പ്രസിഡന്റ് ബഷീറിന്റെ രാജിക്കായി മറ്റു പ്രദേശങ്ങള്‍ക്ക് സമാനമായി നിയാലയിലെയും അല്‍ ഫാഷറിലെയും ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് പ്രതിപക്ഷത്തോടൊപ്പം സമരത്തിന് നേതൃത്വം നല്‍കുന്ന സുദാനീസ് പ്രഫഷനല്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ഡിസംബര്‍ 19 മുതലാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. പ്രസിഡന്റ് ഉമര്‍ അല്‍ ബഷീര്‍ രാജിവെക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം അദ്ദേഹം തള്ളിയിരുന്നു. പൊലിസും പ്രക്ഷാഭകാരികളും തമ്മിലുള്ള സംഘര്‍ഷമാണ് ആക്രമണത്തില്‍ കലാശിക്കുന്നത്.
1989 മുതല്‍ സുദാന്‍ ഭരിക്കുന്നത് ഉമര്‍ അല്‍ ബഷീറാണ്. ഇദ്ദേഹത്തിനെതിരേ അന്താരാഷ്ട്ര കോടതി യുദ്ധക്കുറ്റം ചുമത്തിയിട്ടുണ്ട്. സര്‍ക്കാരിനെ താഴെയിറക്കാനായുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് പ്രക്ഷോഭങ്ങങ്ങളെന്നാണ് പ്രസിഡന്റിന്റെ ആരോപണം. സുദാനിലെ അക്രമങ്ങളെ അപലപിച്ച് യു.എസ്, നോര്‍വെ, കാനഡ, യു.കെ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."