പുടിനുമായുള്ള കൂടിക്കാഴ്ച: വിവരങ്ങള്‍ മറച്ചുവച്ചില്ലെന്ന് ട്രംപ്
വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയ വിവരം മറച്ചുവച്ചില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2017ല്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തുവിടുന്നത് തടഞ്ഞതായുള്ള 'വാഷിങ്ടണ്‍ പോസ്റ്റ് ' വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.
എന്നാല്‍, ഒരു കാര്യവും താന്‍ മറച്ചുവയ്ക്കുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഹെല്‍സിങ്കിയില്‍വച്ച് റഷ്യന്‍ പ്രസിഡന്റുമായി എല്ലാ പ്രസിഡന്റുമാരും ചെയ്യുന്നത് പോലെ സംസാരിച്ചിരുന്നു. സമ്പദ്രംഗമടക്കമുള്ള വിവിധ മേഖലകളെ കുറിച്ച് വളരെ നല്ല ചര്‍ച്ചയും ഞങ്ങള്‍ തമ്മില്‍ നടക്കുകയുണ്ടായി. ആ കൂടിക്കാഴ്ച ആര്‍ക്കും ശ്രവിക്കാമായിരുന്നു- ട്രംപ് പറഞ്ഞു.താന്‍ മറ്റു ലോകനേതാക്കളുമായും നേരിട്ടു കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എന്നാല്‍, പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ മാത്രമാണ് ആളുകള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. റഷ്യയുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ ആരോപണങ്ങളും വ്യാജമാണെന്നും ട്രംപ് വ്യക്തമാക്കി. 'വാഷിങ്ടണ്‍ പോസ്റ്റ്' വാര്‍ത്ത തീര്‍ത്തും തെറ്റാണെന്നും പ്രതികരണം അര്‍ഹിക്കുന്നില്ലെന്നും വൈറ്റ് ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്സ് പ്രതികരിച്ചു.
ഫിന്‍ലന്‍ഡ് തലസ്ഥാനമായ ഹെല്‍സിങ്കിയില്‍ ട്രംപും പുടിനും തമ്മില്‍ നടന്ന രണ്ടു മണിക്കൂര്‍ കൂടിക്കാഴ്ചയുടെ ഔദ്യോഗിക രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്നും പത്രം ആരോപിച്ചിട്ടുണ്ട്. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട് ട്രംപ് അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിലാണ് വാര്‍ത്ത മറച്ചുവച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ റഷ്യന്‍ ഭരണകൂടവും ട്രംപിന്റെ പ്രചാരണസംഘവും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള കൂടിക്കാഴ്ച നടന്നിട്ടുണ്ടോയെന്ന് എഫ്.ബി.ഐ മേധാവി റോബര്‍ട്ട് മ്യൂളറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.2017ല്‍ എഫ്.ബി.ഐ ഡയരക്ടര്‍ സ്ഥാനത്തുനിന്ന് ജെയിംസ് കോമിയെ പുറത്താക്കിയതിനു പിറകെ ട്രംപും റഷ്യന്‍ നേതൃത്വവും തമ്മില്‍ രഹസ്യ ഇടപാടുകള്‍ നടക്കുന്ന കാര്യം എഫ്.ബി.ഐ നിരീക്ഷിക്കുന്നുണ്ടെന്ന് കഴിഞ്ഞയാഴ്ച 'ന്യൂയോര്‍ക്ക് ടൈംസും' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."