അങ്കണവാടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം: കലക്ടര്‍
കൊച്ചി: ജില്ലയിലെ അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ചു ഇരുപതിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ എം.ജി രാജമാണിക്യം നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് ഇന്നലെ കലക്ടറേറ്റില്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ നിര്‍ദേശം. സാമൂഹ്യനീതിവകുപ്പ് ജില്ല ഓഫിസര്‍ വിനയന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. 20 അങ്കണവാടി കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഈ കെട്ടിടങ്ങള്‍ പുതുക്കിപ്പണിതു കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമായി പഠിക്കാനുള്ള ഇടം ഒരുക്കണം.
38 അങ്കണവാടികള്‍ നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തിക്കഴിഞ്ഞതായി ജില്ല സാമൂഹ്യക്ഷേമ ഓഫിസര്‍ അറിയിച്ചു. ഇതുംകൂടി കണക്കിലെടുക്കുമ്പോള്‍ മൊത്തം അറുപതോളം അങ്കണവാടികള്‍ക്കു കെട്ടിടം നിര്‍മിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇങ്ങനെ പുതുതായി കെട്ടിടം നിര്‍മിക്കുന്നതിനുള്ള ചെലവില്‍ അഞ്ചുലക്ഷം രൂപ ദേശീയ തൊഴിലുറപ്പു പദ്ധതി വിഹിതത്തില്‍ നിന്നും രണ്ടു ലക്ഷം രൂപ ഐ.സി.ഡി.എസ് പദ്ധതിയില്‍ നീക്കിയിരുപ്പു നടത്തും. മൊത്തം ഏഴുലക്ഷം രൂപയാണു എസ്റ്റിമേറ്റ് കണക്കാക്കുന്നത്. തുക ഇതില്‍ക്കൂടുതലായാല്‍ അതതു പഞ്ചായത്തുകളുടെ ഫണ്ടില്‍ നിന്ന് ബാക്കി ഉപയോഗിക്കണം.
താളുംകണ്ടത്ത് പുതിയ അങ്കണവാടി നിര്‍മിക്കുന്നതിനുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടു രണ്ടുവര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനത്തെക്കുറിച്ച് ആലോചിക്കാന്‍ യോഗം തീരുമാനിച്ചു. അങ്കണവാടിക്ക് അനുമതി വൈകുന്നത് കുഞ്ഞുങ്ങളുടെ ഭാവിയെ ബാധിക്കുമെന്ന സാഹചര്യത്തിലാണിത്. അങ്കണവാടികള്‍ക്ക് പുതിയകെട്ടിടം, പൊതുസ്ഥലത്തെ വിസര്‍ജനം ഒഴിവാക്കല്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു ആലോചിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം 20ന് മൂന്നുമണിക്കു ചേരാനും തീരുമാനിച്ചു. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളില്‍ പലയിടങ്ങളിലും ടോയ്‌ലെറ്റ് സൗകര്യങ്ങളുടെ അപര്യാപ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."