പ്രവാസി വോട്ട്: അപേക്ഷകള്‍ കൂട്ടത്തോടെ തള്ളുന്നു
#മുഹമ്മദലി പേലേപ്പുറം
മലപ്പുറം: വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി സമര്‍പ്പിച്ച പ്രവാസി വോട്ടര്‍മാരുടെ അപേക്ഷകള്‍ കൂട്ടത്തോടെ തള്ളുന്നു. ഇതുവരെ ലഭിച്ചവയില്‍ പകുതിയോളം അപേക്ഷകള്‍ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. ഇതുവരെ സംസ്ഥാനത്ത്് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിട്ടുള്ളത് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രവാസികളില്‍ നിന്നാണ്. കോഴിക്കോട് ജില്ലയില്‍ മുപ്പതിനായിരത്തോളം അപേക്ഷകളും മലപ്പുറം ജില്ലയില്‍ 23000 അപേക്ഷകളുമാണ് ലഭിച്ചിട്ടുള്ളത്. മറ്റു 12 ജില്ലകളിലുമായി പതിനായിരത്തോളം അപേക്ഷകള്‍ മാത്രമാണുള്ളത്.
പ്രവാസി സംഘടനകള്‍ വഴി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഊര്‍ജിത ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍, വിവിധ മണ്ഡലങ്ങളില്‍ നിന്നായി നല്‍കിയ അപേക്ഷകളില്‍ പകുതിയിലധികവും തള്ളിയതായാണ് റിപ്പോര്‍ട്ട്. അപേക്ഷയോടൊപ്പം സമര്‍പ്പിച്ച രേഖകളും വിവരങ്ങളും വ്യക്തമല്ലാത്തതിന്റെ പേരിലാണ് അപേക്ഷകള്‍ വ്യാപകമായി തള്ളുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
പാസ്‌പോര്‍ട്ടിലെ വിലാസം തെറ്റായി രേഖപ്പെടുത്തല്‍, ബന്ധുക്കളുടെ തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിക്കാതിരിക്കല്‍, ഫോട്ടോ അവ്യക്തമാവല്‍, ബൂത്ത് നമ്പര്‍ തെറ്റായി രേഖപ്പെടുത്തല്‍, പൂരിപ്പിച്ച ഫോറം മാറല്‍ തുടങ്ങി വിവിധ കാരണങ്ങള്‍ കൊണ്ടാണ് അപേക്ഷകള്‍ തള്ളുന്നത്. നിലവിലുള്ള സ്ഥലത്ത് നിന്നും താമസം മാറിയാല്‍ ആറ് മാസത്തിനകം പാസ്‌പോര്‍ട്ടിലെ വിലാസം മാറ്റണമെന്നാണ് നിയമമുണ്ടെങ്കിലും പലരും അത് ചെയ്യാറില്ല. ഇങ്ങനെയുള്ള അപേക്ഷകളും തള്ളുന്നുണ്ട്. പ്രവാസി വോട്ടിന് അപേക്ഷിക്കുന്നവര്‍ വീട്ടിലെ ഏതെങ്കിലും അംഗത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കൂടി ഹാജരാക്കണം. പലരും അപേക്ഷയില്‍ ഇത് ഉള്‍പ്പെടുത്തിയിടുത്തിയിട്ടില്ല.
കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചാലെ അപേക്ഷ സ്വീകരിച്ചവരുടെ കൃത്യമായ എണ്ണം വ്യക്തമാവുകയുള്ളു. അപേക്ഷകള്‍ സ്വീകരിച്ച് ഈ മാസം 24ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിരുന്നെതെങ്കിലും വൈകാനാണ് സാധ്യത. പ്രവാസി വോട്ടിന് അപേക്ഷിക്കുമ്പോള്‍ നാട്ടിലെ വോട്ടര്‍പട്ടികയില്‍ പേരുണ്ടെങ്കില്‍ അത് ഒഴിവാക്കും. പ്രവാസി വോട്ടിനായി അപേക്ഷിക്കാനുള്ള സമയം കഴിഞ്ഞെങ്കിലും ഇപ്പോഴും അപേക്ഷ സ്വീകരിക്കുന്നുണ്ട്. ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ അടുത്ത് പ്രസിദ്ധീകരിക്കാനിരിക്കുന്ന വോട്ടര്‍പട്ടികയില്‍ ഇടംപിടിക്കില്ല.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിക്കുന്ന പട്ടികയില്‍ ഇപ്പോള്‍ അപേക്ഷിക്കുന്നവരുടെ പേരും ഉള്‍പ്പെടുത്തും. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനായി ഇപ്പോഴും പ്രവാസികളുടെ അപേക്ഷകള്‍ താലൂക്ക് ഓഫിസുകളിലെ തെരഞ്ഞെടുപ്പ് വിഭാഗത്തിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. പ്രവാസി വോട്ടവകാശ ബില്ല് രാജ്യസഭയില്‍ പാസായതിന് ശേഷമേ വോട്ടിന്റെ ഘടനയെകുറിച്ച് അന്തിമ തീരുമാനമാവുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."