എയര്‍ഇന്ത്യ സ്വകാര്യവല്‍ക്കരണം ഹജ്ജ് ടെന്‍ഡര്‍ നടപടികള്‍ വ്യോമയാന മന്ത്രാലയം നിര്‍ത്തിവച്ചു
കൊണ്ടോട്ടി: എയര്‍ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണത്തില്‍ കുരുങ്ങി ഇന്ത്യയില്‍ നിന്നുള്ള ഈവര്‍ഷത്തെ ഹജ്ജ് സര്‍വിസ് ടെന്‍ഡര്‍ നടപടികള്‍ വ്യോമയാന മന്ത്രാലയം നിര്‍ത്തിവച്ചു.
ഹജ്ജ് സര്‍വിസുകള്‍ നടത്താന്‍ തയാറുള്ള വിമാനക്കമ്പനികളില്‍ നിന്നുള്ള ടെന്‍ഡര്‍ പ്രഖ്യാപനം ഇന്നലെ നടക്കാനിരിക്കെയാണ് അവസാന നിമിഷം ഉപേക്ഷിച്ചത്.
സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളാല്‍ എയര്‍ഇന്ത്യക്ക് ഹജ്ജ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ടെന്‍ഡര്‍ നടപടികള്‍ താല്‍ക്കാലികമായി വ്യോമയാന മന്ത്രാലയം നിര്‍ത്തിവയ്ക്കുകയായിരുന്നു. ടെന്‍ഡര്‍ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അറിയിച്ച് മന്ത്രാലയം ഉത്തരവും ഇറക്കി
കഴിഞ്ഞ മാസം ആറിനാണ് ഹജ്ജ് സര്‍വിസിന് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നത്. ജനുവരി 27 ന് ടെന്‍ഡര്‍ പ്രഖ്യാപിക്കാനിരിക്കെ ഇത് ഫെബ്രുവരി മൂന്നിലേക്ക് മാറ്റുകയായിരുന്നു. എയര്‍ഇന്ത്യക്ക് പുറമെ സഊദി എയര്‍ലൈന്‍സ്, നാസ് എയര്‍, സ്‌പൈസ് ജെറ്റ് എന്നിവയാണ് ഹജ്ജ് സര്‍വിസിന് ടെന്‍ഡര്‍ നല്‍കാന്‍ തയാറായിരുന്നത്. ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള വ്യോമയാന ഉഭയകക്ഷി കരാര്‍ പ്രകാരം ഹജ്ജ് സര്‍വിസുകള്‍ ഇരു രാജ്യങ്ങളിലെയും വിമാനകമ്പനികള്‍ പങ്കിട്ടെടുക്കുകയാണ് ചെയ്യുന്നത്. എയര്‍ഇന്ത്യയുടെയും ഉപകമ്പനിയായ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെയും 100 ശതമാനം ഓഹരിയും വില്‍ക്കാന്‍ കഴിഞ്ഞ 27നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ എയര്‍ഇന്ത്യയുടെ 75 ശതമാനം ഓഹരി വില്‍പനക്കുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് 100 ശതമാനമാക്കി വില്‍പന നടത്താന്‍ കേന്ദ്രം തീരുമാനിച്ചത്.
മാര്‍ച്ച് 17 നകം ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് 31 ന് പ്രഖ്യാപനമുണ്ടാകും. ഇതോടെ എയര്‍ഇന്ത്യ സ്വകാര്യ കമ്പനിയാവും. ഇതിന് ശേഷം ഹജ്ജ് ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഹജ്ജ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമാണ് തീര്‍ഥാടകരുടെ മൂന്നാംഗഡു പണം നിശ്ചയിക്കുക.
ടെന്‍ഡര്‍ നടപടികള്‍ വൈകുന്നത് പണമടക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ കാലതാമസം വരുത്തുമെന്ന് ആശങ്കയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."