കോംട്രസ്റ്റ് സമരത്തെ അവഗണിച്ച് കാനം; സി.പി.ഐക്കുള്ളില്‍ കടുത്ത രോഷം
കോഴിക്കോട്: മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്തുഫാക്ടറി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവഗണിക്കുന്നതില്‍ സി.പി.ഐ, എ.ഐ.ടി.യു.സി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത രോഷം. ഫാക്ടറി ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള സമരസമിതി തിരുവനന്തപുരം കെ.എസ്.ഐ.ഡി.സി ഓഫിസിന് മുന്നില്‍ 105 ദിവസമായി സമരം നടത്തുകയാണ്. സമരക്കാരില്‍ ഭൂരിഭാഗം പേരും പാര്‍ട്ടി പ്രവര്‍ത്തകരായിട്ടും സംസ്ഥാന സെക്രട്ടറി ഇവിടേക്ക് തിരിഞ്ഞുനോക്കാത്തതാണ് സി.പി.ഐ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.
കോഴിക്കോട് കേന്ദ്രീകരിച്ച് നടന്ന കോംട്രസ്റ്റ് സമരത്തില്‍ സജീവമായി പങ്കെടുത്ത കാനം സമരം തിരുവനന്തപുരത്തേക്ക് നീണ്ടപ്പോള്‍ നിലപാട് മാറ്റിയതിന്റെ കാരണമെന്തെന്ന് അറിയില്ലെന്ന് സമരക്കാര്‍ പറയുന്നു. സമരം തുടങ്ങിയതിനുശേഷമുള്ള മിക്ക ദിവസങ്ങളിലും കാനം തലസ്ഥാനത്തുണ്ടായിരുന്നു. പല ദിവസങ്ങളിലും സമരപ്പന്തലിന് മുന്നിലൂടെയും യാത്ര ചെയ്തു. എന്നിട്ടും സമരപ്പന്തല്‍ സന്ദര്‍ശിക്കാനോ പിന്തുണ അറിയിക്കാനോ അദ്ദേഹം തയാറായില്ല. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറും സി.പി.ഐ നേതാവ് ഇ.കെ വിജയനും മാത്രമാണ് സമരപ്പന്തലിലെത്തിയ എം.എല്‍.എമാര്‍. സി.പി.ഐയുടെ മറ്റ് നേതാക്കളും മന്ത്രിമാരും എം.എല്‍.എമാരും സമരത്തെ പൂര്‍ണമായി അവഗണിച്ചു. നിയമസഭയില്‍ സബ്മിഷനായി ഈ വിഷയം ഉന്നയിച്ചതും എം.കെ മുനീറാണ്. 2009 ഫെബ്രുവരി ഒന്നിനാണ് അനധികൃതമായി ഫാക്ടറി അടച്ചുപൂട്ടിയത്. കോംട്രസ്റ്റ് ഏറ്റെടുത്തുകൊണ്ട് നിയമസഭ ഐകകണ്‌ഠേന പാസാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ട് കഴിഞ്ഞ ദിവസം രണ്ടുവര്‍ഷം പൂര്‍ത്തിയായി.
നിയമപ്രകാരം വ്യവസായ വകുപ്പിന് കീഴിലുള്ള കെ.എസ്.ഐ.ഡി.സിക്കാണ് ഫാക്ടറി തുറന്നുപ്രവര്‍ത്തിപ്പിക്കാനുള്ള ചുമതല. എന്നാല്‍, നിയമം നടപ്പാക്കുന്നതില്‍ വകുപ്പധികൃതര്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. തങ്ങളോട് ശത്രുതാ മനോഭാവത്തോടെയാണ് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പെരുമാറുന്നതെന്നാണ് കോംട്രസ്റ്റ് തൊഴിലാളികള്‍ പറയുന്നത്. സമരത്തെ ഗൗനിക്കാന്‍ അദ്ദേഹം തയാറാവുന്നില്ല. തങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന അയ്യായിരം രൂപയുടെ ആനുകൂല്യം നഷ്ടപ്പെടുത്തിയ വ്യവസായ മന്ത്രിയില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷയില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. ഫാക്ടറി അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായ കോംട്രസ്റ്റ് തൊഴിലാളികള്‍ക്ക് നേരത്തെ യു.ഡി.എഫ് സര്‍ക്കാര്‍ പ്രതിമാസം അയ്യായിരം രൂപയുടെ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ ഇടപെട്ട് ഇത് പിന്‍വലിച്ചു. തൊഴില്‍ചെയ്യാതെ വാങ്ങുന്ന പണം നോക്കുകൂലിയാണെന്നും ഇത് അനുവദിക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പിന്നീട് തൊഴിലാളികള്‍ കോടതിയില്‍ നിന്ന് അനുകൂലവിധി സമ്പാദിച്ചാണ് ആനൂകൂല്യം പുനഃസ്ഥാപിച്ചത്. ഇ.പി ജയരാജന്‍ രാജിവച്ചതിനെ തുടര്‍ന്ന് വ്യവസായ മന്ത്രിയായ എ.സി മൊയ്തീന്‍ തങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് കോംട്രസ്റ്റ് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
കെ.എസ്.ഐ.ഡി.സി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് ചര്‍ച്ച നടത്തിയ മന്ത്രി അടിയന്തരമായി പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഉദ്യാഗസ്ഥര്‍ കോഴിക്കോട്ടെത്തുകയും തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനും സ്ഥാപനം ലാഭകരമായി നടത്തുന്നതിനുമുതകുന്ന റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്തു. എന്നാല്‍, ഇ.പി ജയരാജന്‍ വീണ്ടും വ്യവസായ മന്ത്രിയായതോടെ ഈ നീക്കങ്ങള്‍ നിശ്ചലമായി. കോംട്രസ്റ്റ് ഫാക്ടറി ഏറ്റെടുക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുമെന്നാണ് ഭൂ മാഫിയ പ്രചരിപ്പിക്കുന്നത്. ഇതിനായി ചില വന്‍കിട ഭൂ ഇടപാടുകാരും രംഗത്തിറങ്ങിയിട്ടുണ്ട്. നേരത്തെ സി.പി.എം നേതൃത്വത്തിലുള്ള ടൂറിസം സഹകരണ സൊസൈറ്റിയുടെ മറവില്‍ ഭൂമാഫിയ കോംട്രസ്റ്റ് ഭൂമി കൈക്കലാക്കാന്‍ ശ്രമിച്ചിരുന്നു. സമരത്തിന്റെ ഭാഗമായി നിരവധിതവണ കോഴിക്കോട്ടെത്തിയ കാനം സമരം വിജയിച്ചേ പിന്‍മാറൂവെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തിരുവനന്തപുരത്തെ സമരത്തെ അദ്ദേഹം കണ്ടില്ലെന്ന് നടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."