മഴക്കാല ദുരിതം പേറി മാന്നാര്‍ നിവാസികള്‍
മാന്നാര്‍: കാലവര്‍ഷാരംഭത്തില്‍തന്നെ തിമിര്‍ത്ത് പെയ്ത മഴയ്ക്ക് ശമനം വന്നെങ്കിലും ജനങ്ങളുടെ ദുരിതത്തിന് അറുതിയായിട്ടില്ല. റോഡുകളിലെല്ലാം നിറയെ വെള്ളക്കെട്ടും കൂഴികളുമായതിനാല്‍ യാത്രയ്ക്ക് വലിയ ബുദ്ധിമുട്ടാണുളവാക്കുന്നത്. ഇരുചക്ര വാഹനത്തില്‍ യാത്രചെയ്യുന്നവരാണ് ഏറെയും ദുരിതം അനുഭവിക്കുന്നത്. ആഴമുള്ള കുഴികളില്‍ വെള്ളം നിറഞ്ഞുകിടക്കുന്നതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ വീണ് അപകടങ്ങള്‍ക്ക് കാരണമാകുന്നു. വലിയ വാഹനങ്ങള്‍ കുഴിയിലൂടെ കടന്നുപോകുമ്പോള്‍ അഴുക്ക്‌വെള്ളം തെറിച്ച് ഇരുചക്രയാത്രികരുടെമേലാണ് വീഴുന്നത്.
മാന്നാര്‍-ചെന്നിത്തല- തൃപ്പെരുന്തുറ പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ ഭാഗവും വെള്ളത്തിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും മാന്നാര്‍ രണ്ടാം വാര്‍ഡില്‍ കരുവേലില്‍ ചിറയില്‍ രവിയുടെ വീട് തകര്‍ന്നത് കുടുംബത്തെ കണ്ണീരിലാഴ്ത്തി. വിഷവര്‍ശേരിക്കര യിലെ കൊച്ചുതറ, മണപ്പുറം കോളനി, കൊച്ചുവീട്ടില്‍ പടി എന്നിവിടങ്ങളിലെ മുന്നൂറോളം വീടുകളിലാണ് വെള്ളം കയറിയത്. ഇവിടെ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരില്‍ പറഞ്ഞു. മാന്നാറിന്റെ പടിഞ്ഞാറന്‍ മേഖലകളിലെ റോഡുകലില്‍ വെള്ളമായതിനാല്‍ ജലവിതരണ ടാപ്പിലും ശുദ്ധജലമെത്തിക്കാന്‍ കഴിയുന്നില്ല. മിക്ക പൈപ്പുകളും മുങ്ങിപ്പോയ അവസ്ഥയിലാണ്.
മേല്‍പ്പാടം, വള്ളക്കാലി, മുല്ലശേരി കടവ്, റാന്നിപ്പറമ്പ്, ചെന്നിത്തല പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ പ്രദേശം പൂര്‍ണ്ണമായും, കാരിക്കുഴി, മുണ്ടുവേലിക്കടവിന് പടിഞ്ഞാറ്, പറയങ്കേരി, വള്ളംകടവ്, വാഴക്കൂട്ടം കടവ്, ചില്ലിത്തുരുത്ത് എന്നിവിടങ്ങളിലുമെല്ലാം വെള്ളം കയറി തുടങ്ങി. വെള്ളം കയറിയ പ്രദേശങ്ങളെ ദുരിത ബാധിത പ്രദേശമായി പ്രഖ്യാപിച്ച് അടിയന്തിരമായി സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ചെയ്യുവാന്‍ റവന്യു അധികൃതരോട് കെ.കെ.രാമചന്ദ്രന്‍നായര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, കളക്ടര്‍ എന്നിവരോട് സഹായം അഭ്യര്‍ഥിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് ഇ.എന്‍. നാരായണന്‍, വൈസ്പ്രസിഡന്റ് ജയകുമാരി, ജിനു ജോര്‍ജ്, അംബികാകുമാരി, ടി.എ. സുധാകരക്കുറുപ്പ്, കെ നാരായണപിള്ള, ഡി ഫിലേന്ദ്രന്‍, ഡി ഗോപാലകൃഷ്ണന്‍, ഓമനക്കുട്ടന്‍, ഉമാ താരാനാഥ്, തോമസ്‌കുട്ടി കടവില്‍ എന്നിവര്‍ എം.എല്‍.എയ്‌ക്കൊപ്പം വെള്ളം കയറിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."