മതസൗഹാര്‍ദത്തിന്റെ കുടനിവര്‍ത്തി 'സൗഹൃദം കൂട്ടം'
കുറ്റ്യാടി: പുതിയകാലത്തെ മതവെറികളെയും ഫാസിസ്റ്റ് ചിന്താധാരകളെയും ജാതിമതഭേദമന്യേ ഒന്നിച്ചു നിന്നു സമൂഹത്തില്‍നിന്ന് ഉച്ഛാടനം ചെയ്യണമെന്ന് സൗഹൃദം കൂടി ഒരു നാട് ഒരേ സ്വരത്തില്‍ പറഞ്ഞത് മതസൗഹാര്‍ദത്തെ ഊട്ടിയുറപ്പിക്കുന്നതായി.
ജനുവരി 26ന് ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക പ്രചരണാര്‍ഥം വടയം ശാഖാ കമ്മിറ്റി സംഘടിപ്പിച്ച 'സൗഹൃദം കൂട്ടം'പരിപാടിയാണ് നാടിന്റെ സൗഹാര്‍ദം ഊഷ്മളമാക്കുന്നതായി മാറിയത്.
പ്രദേശത്തെ വിവിധ മത രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവര്‍ ഒരുവേദിയില്‍ കൈചേര്‍ത്തു പിടിച്ചപ്പോള്‍ പുതുതലമുറക്ക് അത് നവ്യാനുഭവമായിമാറുകയായിരുന്നു. മഹല്ല് ഖതീബും ക്ഷേത്ര സെക്രട്ടറിയും ഒരു വേദിയില്‍ ഒന്നിച്ചിരുന്ന് ശാന്തിയെയും സമാധാനത്തെയും കുറിച്ച് സംസാരിച്ചപ്പോള്‍ പ്രദേശവാസികളുടെ മനസ്സ് നിറഞ്ഞു. അപരന്റെ വിശ്വാസങ്ങളെ ബഹുമാനിക്കാന്‍ പഠിച്ചു കഴിഞ്ഞാല്‍ ഓരോ നാടും സുന്ദരമായി മാറുമെന്ന് പ്രമേയപ്രഭാഷണം നടത്തിയ ജാഫര്‍ മണിമല പറഞ്ഞു. മഹല്ല് ഖതീബ് മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. പി.പി മുഹമ്മദ് അധ്യക്ഷനായി. മഹല്ല് പ്രസിഡന്റ് വി.ടി അമ്മത്, വാര്‍ഡ് അംഗം വി.പി മൊയ്തു, വടയം ശ്രീകൃഷ്ണ ക്ഷേത്രം സെക്രട്ടറി മണി കൂരാറ, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ.വി രാജന്‍, സി.സി സൂപ്പി മാസ്റ്റര്‍, ടി.കെ കുട്ട്യാലി, ശ്രീജേഷ് ഊരത്ത്, കെ.സി അലി, കെ.വി സത്യന്‍, സി.കെ കുമാരന്‍, ടി.കെ ഷഫീഖ്, കെ.പി ഹിദായത്തുല്ല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."