ഐ.എന്‍.ടി.യു.സി നേതൃത്വത്തിനെതിരേ തുറന്ന യുദ്ധം പ്രഖ്യാപിച്ച് വിമത വിഭാഗം
കൊല്ലം: ഐ.എന്‍.ടി.യു.സി സംസ്ഥാന നേതൃത്വത്തിനെതിരേ തുറന്നയുദ്ധം പ്രഖ്യാപിച്ചു വിമത വിഭാഗമായ കോര്‍ഡിനേഷന്‍ കമ്മിറ്റി. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന യൂനിയനുകളെ അണിനിരത്തി ശക്തി പ്രകടനത്തിനൊരുങ്ങുകയാണ് വിമതപക്ഷം. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പിടിപ്പുകേടിനെതിരേ ഈ വരുന്ന 22ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താനാണ് കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനം. സര്‍ക്കാരിനെതിരേ ഐ.എന്‍.ടി.യു.സി ശക്തമായി പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് വിമതരുടെ പ്രതിഷേധ മാര്‍ച്ച്. എന്നാല്‍ തങ്ങളുടെ ശക്തി പ്രകടനത്തിനുള്ള വേദിയായിട്ട് ഈ സമരത്തെ മാറ്റാനാണ് വിമതപക്ഷം ലക്ഷ്യമിടുന്നത്.
മുന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രത്തിനെതിരേയും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനെതിരേയും മറ്റു തൊഴിലാളി സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് ഐ.എന്‍.ടി.യു.സി സമരം നടത്തിയിരുന്നുവെങ്കിലും പിണറായി സര്‍ക്കാരിന്റെ തൊഴില്‍ നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യാന്‍ ആര്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ലെന്നാണ് കോര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കളുടെ ആരോപണം. എല്‍.ഡി.എഫ് സര്‍ക്കാരിനെതിരേ ഐ.എന്‍.ടി.യു.സിയില്‍ അഫിലിയേറ്റ് ചെയ്ത സംഘടനകള്‍ സമരം നടത്തിയെങ്കിലും ഐ.എന്‍.ടി.യു.സി മുന്‍കൈയെടുത്തുള്ള സമരം നാമമാത്രമായിരുന്നുവെന്നാണ് വിമതപക്ഷം ചൂണ്ടിക്കാട്ടുന്നത്.
മാത്രമല്ല, മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റശേഷം ഇന്ദിരാഭവനില്‍ ചന്ദ്രശേഖരന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഐ.എന്‍.ടി.യു.സി നേതാക്കളുടെ യോഗത്തില്‍ സര്‍ക്കാരിനെതിരേ സംസ്ഥാനത്തെ എല്ലാ കലക്ടറേറ്റുകള്‍ക്ക് മുന്‍പിലും ധര്‍ണ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം അട്ടിമറിക്കപ്പെട്ടമായി കോര്‍ഡിനേഷന്‍ കമ്മിറ്റി ആരോപിക്കുന്നു. സി.പി.എം കേന്ദ്രങ്ങള്‍ ഇടപെട്ട് കലക്ടറേറ്റ് ധര്‍ണ തടഞ്ഞതായിട്ടായിരുന്നു അന്നത്തെ ആരോപണം.
ഉമ്മന്‍ ചാണ്ടി,ആര്യാടന്‍ മുഹമ്മദ് തുടങ്ങിയ എ വിഭാഗം നേതാക്കള്‍ക്കൊപ്പം ഐ.എന്‍.ടി.യു.സി മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ സെക്രട്ടറിയുമായ കെ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പിലെ ചന്ദ്രശേഖരന്‍ വിരുദ്ധരും ചേര്‍ന്നതാണ് സംസ്ഥാന നേതൃത്വത്തിന് ബദലായിട്ടുള്ള ഐ.എന്‍.ടി.യു.സി സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."