HOME
DETAILS

സംഘ് പദ്ധതി വംശീയ ഉന്മൂലനമോ മതരാഷ്ട്രമോ?

  
backup
February 04 2020 | 18:02 PM

todays-article-dr-k-ashraf-05-02-2020

യൂറോപ്യന്‍ കോളനിവത്ക്കരണം അടക്കം നിരവധി ചരിത്ര പ്രക്രിയകളിലൂടെ രൂപപ്പെട്ടുവന്നതാണ് പൗരത്വം എന്ന സ്വത്വഭാവന. ഇന്ത്യയില്‍, ഭരണഘടനാ അസംബ്ലി ചര്‍ച്ചകളും കീഴാള, മുസ്‌ലിം അവകാശ പോരാട്ടങ്ങളും ചേര്‍ന്നു ബ്രിട്ടിഷ് ഭരണകൂടത്തോടടക്കം സംവാദങ്ങളും ഒത്തുതീര്‍പ്പുകളും നടത്തിയാണ് പൗരത്വം എന്ന രാഷ്ട്രീയ ഭാവന വികസിച്ചത്. പ്രധാനമായും രണ്ട് രീതികളിലൂടെയാണ് ഒരാള്‍ക്ക് പൗരത്വം ലഭിക്കുന്നത്; ഒരു രാജ്യത്ത് ജനിക്കണം, അല്ലെങ്കില്‍ നിശ്ചിത സമയം താമസിക്കണം. മനുഷ്യന്‍ ആണ് എന്നതുകൊണ്ട് സ്വാഭാവികമായി കിട്ടുന്ന ഒന്നല്ല പൗരത്വം. പൗരത്വം രൂപപ്പെടുന്നത് ഒരു നീണ്ട നിയമ രാഷ്ട്രീയ സംവാദപ്രക്രിയയിലൂടെയാണ്. അതില്‍ വ്യത്യസ്ത ദേശീയതാ സങ്കല്‍പങ്ങളുടെയും സമുദായങ്ങളുടെയും ഇടപെടല്‍ ധാരാളം നടന്നിട്ടുണ്ട്. ഭരണഘടനാ അസംബ്ലിയില്‍ നടന്ന ചര്‍ച്ചകള്‍ ഇത് തുറന്നു കാട്ടിയിട്ടുണ്ട്. അങ്ങിനെ ഒരു ഘട്ടത്തിലാണ് ഇന്ത്യന്‍ ദേശരാഷ്ട്രം പൗരത്വത്തിന്റെ പ്രശ്‌നം തീര്‍ച്ചപ്പെടുത്തിയത്. സംഘ്പരിവാര്‍ പദ്ധതിയായ പൗരത്വ നിയമ ഭേദഗതിയോടെ ഇതൊരു പ്രശ്‌നമേഖലയായി വീണ്ടും തുറന്നിരിക്കുകയാണ്. അതിനാല്‍ തന്നെ കൊളോണിയല്‍ കാലത്തെ പൗരത്വ സംവാദത്തിന്റെ ഇടത്തിലേക്ക് പല രീതിയില്‍ നമുക്ക് തിരിച്ചുപോകേണ്ടി വന്നിരിക്കുന്നു.

ദേശരാഷ്ട്രവും പൗരത്വവും
ഇന്ത്യയിലെ പൗരത്വം വിശകലനം ചെയ്യുമ്പോള്‍ ദേശരാഷ്ട്രത്തിന്റെ ഘടന വളരെ പ്രധാനമാണ്. രാഷ്ട്രത്തിന്റെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഭരണഘടന. ഭരണഘടന എല്ലാവര്‍ക്കും പൊതുവായതാണ്. നിയമത്തിന്റെ സാധുത തീരുമാനിക്കുന്നത് ഭരണഘടനയാണ്. എന്നാല്‍, ഒരു സമഗ്രാധിപത്യ രാഷ്ട്രീയ വ്യവസ്ഥയില്‍ രാഷ്ട്രത്തിനു (State) മേല്‍ ദേശത്തെ (Nation) സ്ഥാപിക്കുന്ന ശക്തികള്‍ക്ക് മേല്‍ക്കൈ ലഭിക്കുമെന്ന് ഹന്നാ ആരെന്റ് ജര്‍മന്‍ നാസി അനുഭവം മുന്‍നിര്‍ത്തി നിരീക്ഷിക്കുന്നുണ്ട്.
ഇന്ത്യന്‍ സാഹചര്യത്തില്‍, ആര്‍.എസ്.എസിന്റെ ബ്രാഹ്മണ മേധാവിത്വത്തിലധിഷ്ഠിതമായ ദേശീയത മുന്നോട്ടു വെക്കുന്ന ദേശസങ്കല്‍പത്തിന് രാഷ്ട്രത്തിനു മേല്‍ കിട്ടുന്ന അധികാരം ഭരണഘടനയെയും നിയമത്തെയും അതുവഴി പൗരത്വത്തെയും പുനര്‍ നിര്‍ണയിക്കുന്നു. അതുകൊണ്ടാണ് പൗരത്വ നിഷേധത്തിനെതിരായ സമരം പ്രാഥമികമായും ആര്‍.എസ്.എസിന്റെ വംശഹത്യാ അജണ്ടകളെയും സവര്‍ണ ദേശീയതാ വ്യവഹാരങ്ങളെയും തുറന്നു കാട്ടേണ്ട സമരമായി മാറുന്നത്. അതിന്റെ യുക്തി ഇതാണ്: ഒരു ദേശം ആരാണോ നിര്‍ണയിക്കുന്നത് അവര്‍ക്ക് രാഷ്ടത്തെ നിര്‍ണയിക്കാന്‍ പറ്റും. രാഷ്ട്രത്തെ നിര്‍ണയിക്കാനാവുമ്പോള്‍ പൗരത്വം എന്നതിന്റെ നിയമപരമായ അടിത്തറയെയും ഭരണഘടനയെയും പുനര്‍നിര്‍ണയിക്കാനും പറ്റും.
എന്താണ് ദേശത്തെ നിര്‍ണയിക്കുന്ന ദേശീയത എന്ന ചോദ്യം പൗരത്വത്തെ നിര്‍ണയിക്കുന്ന കാര്യത്തിലും വളരെ പ്രധാനമാണ്. ഇവിടെ രാഷ്ട്ര വ്യവഹാരത്തിന്റെ ഭാഗമായി നിയമവാഴ്ചയുണ്ട്, ഭരണഘടനയുണ്ട്, കോടതിയുണ്ട്, ലെജിസ്ലേച്ചറുണ്ട്, എക്‌സിക്യൂട്ടീവുണ്ട്. പക്ഷേ രാഷ്ട്ര വ്യവഹാരമല്ല; ആരുടെ ദേശീയതാ സങ്കല്‍പമാണ് രാഷ്ട്ര വ്യവഹാരത്തെ ഭരിക്കുന്നത് എന്നതാണ് കാതലായ പ്രശ്‌നം. മതരാഷ്ട്രമോ മതേതരരാഷ്ട്ര മോ എന്ന തര്‍ക്കമല്ല; ആര്‍.എസ്.എസിന്റെ വംശീയ ഉന്മൂലന അജണ്ടയാണ് ഇന്ത്യന്‍ ദേശ, ദേശീയതാ വ്യവഹാരത്തിന്റെ അടിയന്തര പ്രതിസന്ധി.
പൗരത്വ നിഷേധ പ്രശ്‌നങ്ങളൊന്നും മുമ്പ് ഇത്ര പ്രകടമായി ഇല്ലാതിരുന്നത് എന്തുകൊണ്ടാണ്? അന്ന് ദേശത്തെ നിര്‍ണയിക്കുന്ന ദേശീയശക്തികള്‍ക്ക് രാഷ്ട്രത്തിന്റെ ഘടനയോട് കൂറുണ്ടായിരുന്നു എന്നതുകൊണ്ടാണ്. നിയമത്തോടും ഭരണഘടനാ മൂല്യങ്ങളോടും ഔപചാരികമായെങ്കിലും പരിഗണനയുള്ള ഭരണവര്‍ഗമാണ് ദേശത്തെ നിയന്ത്രിച്ചിരുന്നത്. അതുകൊണ്ടാണ് പൗരത്വം ഇത്തരത്തില്‍ ഒരു വംശീയ അടിത്തറയില്‍ പരിഗണിക്കപ്പെടുകയോ വംശഹത്യാ അജണ്ടയിലേക്ക് അധഃപതിക്കുകയോ ചെയ്യാതിരുന്നത്.

ആര്‍.എസ്.എസിന്റെ
വംശീയ ഉന്മൂലന അജണ്ട
1930കളിലാണ് വി.ഡി സവര്‍ക്കറുടെ എഴുത്തുകളില്‍ കിഴക്കന്‍ യൂറോപ്പിലെ നാസി മുന്നേറ്റത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പരാമര്‍ശങ്ങള്‍ വികസിച്ചതെന്ന് ചേതന്‍ ഭട്ട് തന്റെ 'ഹിന്ദു നാഷനലിസം: ഒറിജിന്‍സ്, ഐഡിയോളജീസ് ആന്‍ഡ് മോഡേണ്‍ മിത്ത്‌സ്' ( 2001 ) എന്ന പഠനത്തില്‍ പറയുന്നു. 1938ല്‍ സവര്‍ക്കര്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ ജര്‍മനിയിലെ ജൂതന്‍മാര്‍ക്കു തുല്യമാണെന്നു പ്രസ്താവിച്ചു. മുസ്‌ലിംകള്‍ ഈ രാജ്യത്തൊരു അധികപറ്റാണെന്നു സംഘ്പരിവാര്‍ പറയുന്നത് ജര്‍മന്‍ നാസികളുടെ ജൂതന്യൂനപക്ഷ വിരുദ്ധതയുടെ പ്രത്യയശാസ്ത്ര തുടര്‍ച്ചയായിട്ടാണ്.
1923ലാണ് സവര്‍ക്കര്‍ 'ഹിന്ദുത്വ' എഴുതിയത്. ചരിത്രം, നാഗരികത, ഭൗമാതിര്‍ത്തി, വംശം, മതം തുടങ്ങിയ പ്രശ്‌നങ്ങളാണ് ആ പുസ്തകം കൈകാര്യം ചെയ്യുന്നത്. യൂറോപ്യന്‍ ചരിത്ര പശ്ചാത്തലമോ സംഭവങ്ങളോ പ്രസ്തുത പഠനത്തില്‍ കുറവായിരുന്നു. എന്നാല്‍ 1930 കളില്‍ നാസിസത്തിന്റെ വളര്‍ച്ച സവര്‍ക്കറെ ഏറെ ആവേശഭരിതനാക്കി. അതോടെ നാസി ജര്‍മനിയുടെ ഉദാഹരണങ്ങള്‍ അദ്ദേഹത്തിന്റെ വാദങ്ങളില്‍ ഏറെ കടന്നുവന്നു. നാസി പത്രമായ Volkischer Beobachter സവര്‍ക്കറെ പുകഴ്ത്തി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ജര്‍മന്‍ നാസികള്‍ ഹിറ്റ്‌ലറുടെ ആത്മകഥ 'മെയിന്‍ കാംഫ്' സവര്‍ക്കര്‍ക്ക് നേരിട്ടെത്തിച്ചു കൊടുക്കുകയും ചെയ്തു.
എം.എസ് ഗോള്‍വാള്‍ക്കറാണ്, 1938ല്‍ എഴുതിയ 'വി, ഓര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ്' എന്ന പഠനത്തില്‍ ജര്‍മന്‍ ദേശീയ വാദത്തോടു മാത്രമല്ല വംശീയവാദത്തോടും തുറന്ന ആഭിമുഖ്യം പ്രഖ്യാപിക്കുന്നത്. 1944ല്‍ പ്രസ്തുത പുസ്തകം രണ്ടാം പതിപ്പായതോടെ ഗോള്‍വാള്‍ക്കറുടെ നാസി ആഭിമുഖ്യം അതിന്റെ മുഴുവന്‍ ശക്തിയിലും വികസിച്ചിരുന്നു. സവര്‍ക്കറുടെ 'ഹിന്ദുത്വ' എന്ന പുസ്തകത്തെ ന്യൂനപക്ഷ ഹിംസയില്‍ അധിഷ്ഠിതമായ വംശീയ ഉന്മൂലന പരിപാടിയായി പരിവര്‍ത്തിപ്പിക്കുകയാണ് 'വി, ഓര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ് ' എന്ന സംഘി പാഠപുസ്തകത്തില്‍ ഗോള്‍വാള്‍ക്കര്‍ ചെയ്തത്.
നേരത്തെ ഹന്ന ആരെന്റ് സൂചിപ്പിച്ചപോലെ, ദേശം എന്നത് ഒരു സാംസ്‌കാരിക ഘടകം എന്ന നിലയില്‍, രാഷ്ട്രം എന്ന രാഷ്ട്രീയ ഘടകത്തിനു മേലെ ആധിപത്യം നേടണമെന്ന നാസി രാഷ്ട്രീയ പദ്ധതി തന്നെയാണ് ഗോള്‍വാള്‍ക്കര്‍ മുന്നോട്ടു വെച്ചത്. ഇതിനു തുടര്‍ച്ചയായാണ് ന്യൂനപക്ഷങ്ങളുടെ പൗരത്വം തന്നെ എടുത്തു കളഞ്ഞ് അവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ സംഘ്പരിവാര്‍ ആഹ്വാനം ചെയ്യുന്നത്. അതായത്, 1935ല്‍ ജര്‍മനിയില്‍ ജൂതന്‍മാര്‍ക്കു പൗരത്വം നിഷേധിച്ചതിനു ശേഷമാണ് ഗോള്‍വാള്‍ക്കറുടെ രചനകളില്‍ ഇതൊരു മാതൃകയായി മാറിയത്. ജൂതവംശഹത്യക്ക് തിരികൊളുത്തിയ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു അവരുടെ പൗരത്വ നിഷേധമെന്നു ഹന്ന ആരെന്റ് എഴുതുന്നുണ്ട്.
ആര്‍.എസ്.എസിന്റെ വംശഹത്യാ രാഷ്ട്രീയവും അവര്‍ മുന്നോട്ടു വെക്കുന്ന ദേശ, ദേശീയ സങ്കല്‍പവും പൗരത്വ നിഷേധത്തിനെതിരായ സമരത്തിന്റെ മുഖ്യ ഉന്നമാവണമെന്നു പറയുന്നത് കൂടുതല്‍ മൂര്‍ത്തമായ സമരമാര്‍ഗങ്ങള്‍ തേടാന്‍ നമ്മെ പ്രേരിപ്പിക്കുമെന്നു കരുതുന്നു. ദേശീയത എന്ന ആശയത്തെ അപര ജനസമൂഹങ്ങളുടെ ഉന്മൂലന അജണ്ടയാക്കി നിര്‍ണയിച്ച് പ്രവര്‍ത്തിക്കുന്ന ഒരേയൊരു സംഘടന ഇന്ത്യയില്‍ ആര്‍.എസ്.എസ് മാത്രമാണ്. മറ്റു മത, മതേതര രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളില്‍ നിന്ന് ആര്‍.എസ്.എസിനെ വ്യത്യസ്തമാക്കുന്നത് അവര്‍ക്കൊരു ഉന്മൂലന അജണ്ട ഉണ്ട് എന്നത് തന്നെയാണ്. ഉന്മൂലന രാഷ്ട്രീയം സ്വന്തം രാഷ്ട്രീയ അജണ്ടയായി എഴുതിവെക്കാന്‍ ധൈര്യപ്പെട്ട ഒരേയൊരു ആധുനിക രാഷ്ട്രീയ പ്രസ്ഥാനമാണ് ആര്‍.എസ്.എസ് എന്ന് കാണണം.
ഗുജറാത്ത് വംശഹത്യയും ഇപ്പോഴത്തെ പൗരത്വ ഭേദഗതിയും തമ്മിലുള്ള വ്യത്യാസമെന്താണ്? ഗുജറാത്ത് വംശഹത്യക്ക് നിയമപരമായ അടിസ്ഥാനമുണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോള്‍ എന്‍.ആര്‍.സി, സി.എ.എ ഉപയോഗിച്ച് മുസ്‌ലിംകളെ വംശഹത്യ നടത്താനുള്ള നിയമപരമായ അടിത്തറ നിര്‍മിച്ചിരിക്കുകയാണ് ആര്‍.എസ്.എസിന്റെ ഉന്മൂലന പ്രത്യയശാസ്ത്രം നടപ്പാക്കുന്ന ഭരണകര്‍ത്താക്കള്‍.
പൗരത്വത്തെക്കുറിച്ചുള്ള ആര്‍.എസ്.എസിന്റെ സങ്കല്‍പം ഉന്മൂലനത്തില്‍ അധിഷ്ഠിതമാണ്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടേത് മുസ്‌ലിംകളോടുള്ള വിവേചനം ആണെങ്കില്‍ ആര്‍.എസ്.എസിന്റേത് മുസ്‌ലിം ഉന്മൂലനപദ്ധതിയാണ്. ഇത്രയും കാലം കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ മുസ്‌ലിംകള്‍ കടുത്ത വിവേചനം അനുഭവിച്ചതിന്റെ സൂക്ഷ്മ, സ്ഥൂല വിവരണം സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്. പക്ഷേ മുസ്‌ലിം ഉന്മൂലനം കോണ്‍ഗ്രസിന്റെ നയമല്ല. മറ്റു മത, മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും മുസ്‌ലിംകളെ ഇന്ത്യയില്‍ നിന്ന് തുടച്ചുമാറ്റുക എന്ന അജണ്ടയില്ല. അവരുടെ ഭരണകാലത്ത് രണ്ടാംകിട പൗരന്മാരായിരുന്നു മുസ്‌ലിംകള്‍. രാഷ്ട്രീയ ശക്തിയുള്ള ഇടങ്ങളില്‍ മാത്രമാണ് മുസ്‌ലിംകള്‍ക്ക് ഏതെങ്കിലും അര്‍ത്ഥത്തില്‍ തുല്യതയില്‍ മുന്നോട്ടുപോകാന്‍ പറ്റിയത്. രണ്ടാംകിട പൗരത്വം എന്നത് വിവേചന അജണ്ടയാണ്. വിവേചന അജണ്ടയുള്ളവരെയും ഉന്മൂലന അജണ്ടയുള്ളവരെയും വേര്‍തിരിച്ചുതന്നെ കാണണം എന്നതാണ് ഈ സാഹചര്യത്തില്‍ എടുക്കാവുന്ന അടിയന്തര രാഷ്ട്രീയ നിലപാട്.

രാഷ്ട്രവാദവും ദേശീയതയും
മുഖ്യധാരാ പ്രതിവ്യവഹാരങ്ങള്‍ പറയുന്നത്, ആര്‍.എസ്.എസ് ഹിന്ദുരാഷ്ട്രം ഉണ്ടാക്കുകയാണെന്നാണ്. പക്ഷേ, ഒന്നാലോചിച്ചാല്‍ വ്യത്യാസം മനസ്സിലാക്കാം. ദൈവശാസ്ത്ര അടിത്തറയുള്ള ദേശരാഷ്ട്ര നിര്‍മാണം ആര്‍.എസ്.എസിനു സാധിക്കില്ല. മതവും രാഷ്ട്രവും തമ്മിലുള്ള ഇടപാടുകളുടെ ചരിത്രം അത്ര ലളിതമല്ല. മാത്രമല്ല, വെസ്റ്റ്ഫാലിയന്‍ മതേതര ദേശരാഷ്ട്രത്തെ നിര്‍മിച്ച ക്രൈസ്തവ ദൈവശാസ്ത്ര ഘടനയോ പോസ്റ്റ് കൊളോണിയല്‍ ഇസ്‌ലാമിക രാഷ്ട്രവാദത്തെ നിര്‍മിച്ച അധിനിവേശ വിരുദ്ധ രാഷ്ട്രീയ ചിന്തയോ പോസ്റ്റ് ഹോളോകാസ്റ്റ് ജൂതരാഷ്ട്ര ചിന്തയെ നിര്‍മിച്ച ദേശസമുദായ സങ്കല്‍പമോ പോലെയല്ല ആര്‍.എസ്.എസിന്റെ ഹിന്ദുരാഷ്ട്ര സങ്കല്‍പം. ജാതി വ്യവസ്ഥയെ അദൃശ്യമാക്കി നിലനിര്‍ത്താന്‍ മുസ്‌ലിം അപരത്വത്തെ ദേശീയതയുടെ ആധാരമാക്കുന്ന ആര്‍.എസ്.എസിന്റെ സാമൂഹിക സംഘാടനത്തിനു ജാതി നിലനില്‍ക്കുന്നിടത്തോളം ഒരു മതരാഷ്ട്രം സ്ഥാപിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ ജാതി പ്രധാനമാകുന്നിടത്തോളം ഹിന്ദുരാഷ്ട്രം എന്നത് മതപരമായ ഒരസാധ്യതയാണ്. ഇതിന്റെ അഭാവത്തില്‍ മുസ്‌ലിം ഉന്മൂലനം എന്ന ഒരൊറ്റ അജണ്ടയിലേക്ക് നാസി ശൈലിയില്‍ മുന്നേറാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. അതിലൂടെയുണ്ടാകുന്ന ഹിന്ദു ഏകീകരണം പ്രാഥമികമായും ഒരു തീവ്രദേശീയ അജണ്ടയാണ്.
മറ്റൊരു രീതിയില്‍ വിശദീകരിച്ചാല്‍, ആര്‍.എസ്.എസ് നിര്‍മിക്കുന്ന ബ്രാഹ്മണിക് ഹിന്ദുരാഷ്ട്രം ജാതിയുടെ എല്ലാ തടസ്സങ്ങളും മറികടന്നാല്‍ പിന്നെ 'മുസ്‌ലിംകള്‍' ഉണ്ടാകില്ല. കാരണം 'ഹിന്ദു' എന്നത് സാധ്യമാവുന്നതു തന്നെ മുസ്‌ലിം വിരുദ്ധ ഹിംസയുടെ ഭാഗമായിട്ടാണെന്നാണ് ബി.ആര്‍ അംബേദ്കര്‍ നിരീക്ഷിക്കുന്നത്.
ഇനി മറ്റൊരു ചോദ്യം കൂടി പ്രസക്തമാണ്. വംശീയ ഉന്മൂലനത്തിനു ശേഷം സ്ഥാപിതമാകുന്ന ഹിന്ദുരാഷ്ട്രമാണോ അടിയന്തരമായ രാഷ്ട്രീയ പ്രശ്‌നം അതോ, ആര്‍.എസ്.എസ് മുന്നോട്ടു വെക്കുന്ന വംശീയ ഉന്മൂലന അജണ്ടയാണോ അടിയന്തര രാഷ്ട്രീയ പ്രശ്‌നം? ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി ആര്‍.എസ്.എസിന്റെ വംശീയ ദേശീയതയെയാണ് ചെറുത്തു തോല്‍പ്പിക്കേണ്ടത്. ജീവിക്കാനുള്ള അവകാശം എന്നതാണ് അടിയന്തര രാഷ്ട്രീയപ്രശ്‌നം. വംശഹത്യയെ ചെറുക്കാനും മുസ്‌ലിംകളുടെ ജീവിക്കാനുള്ള അവകാശത്തിനുമുള്ള പോരാട്ടമായി പൗരത്വസമരത്തെ തിരിച്ചറിയാന്‍ സാധിക്കണം. ആര്‍.എസ്.എസിന്റെ വംശീയ ഉന്മൂലന അജണ്ടയെ എതിര്‍ക്കുന്ന പ്രക്ഷോഭങ്ങളായാണ് പൗരത്വ നിഷേധത്തിനെതിരായ സമരം വികസിക്കേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  25 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  25 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  25 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  25 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  25 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  25 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  25 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  25 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  25 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  25 days ago