ഹര്‍ത്താലുകളും പണിമുടക്കുകളും; മത്സ്യസംസ്‌കരണ മേഖലയില്‍ ലക്ഷങ്ങളുടെ നഷ്ടം
ചേര്‍ത്തല: തുടര്‍ച്ചയായുണ്ടാകുന്ന ഹര്‍ത്താലുകളും പണിമുടക്കകളും സമുദ്രോത്പന്ന കയറ്റുമതി മേഖലയെ തകര്‍ക്കുന്നതായി മത്സ്യ സംസ്‌കരണ ശാലാ ഉടമകള്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പണിമുടക്കും ഹര്‍ത്താലുകളും കോടികളുടെ നഷ്ടമാണ് ഈ മേഖലയില്‍ ഉണ്ടാക്കിയത്. കേരളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ മത്സ്യ സംസ്‌കരണ ശാലകള്‍ പ്രവര്‍ത്തിക്കുന്നത് ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയിലാണ്. ചെറുതും വലുതുമായി നൂറോളം സംസ്‌കരണ ശാലകളാണ് ഇവിടെ പ്രവര്‍ത്തിച്ചു വരുന്നത്. ചെമ്മില്‍, കൂന്തല്‍ തുടങ്ങിയ മത്സ്യങ്ങളാണ് ഇവിടുത്തെ സംസ്‌കരണ ശാലകളില്‍ സംസ്‌കരിച്ച് കയറ്റുമതി ചെയ്യുന്നത്.
തദ്ദേശീയരായ സ്ത്രീ തൊഴിലാളികളേയും മറ്റും ലഭിക്കാത്തതിനാല്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളാണ് ഇവിടുത്തെ മത്സ്യ സംസ്‌കരണ ശാലകളില്‍ കൂടുതലും ജോലി ചെയ്യുന്നത്. ഇവര്‍ കമ്പനികളോട് ചേര്‍ന്ന് താമസിക്കുന്നതിനാല്‍ തൊഴില്‍ ചെയ്യുന്നതിന് ഇവര്‍ തയാറായിട്ടും ഹര്‍ത്താലും പണിമുടക്കും ആഹ്വാനം ചെയ്യുന്നവര്‍ സമ്മതിക്കാത്തതാണ് ഇവിടുത്തെ സ്തംഭനത്തിന് മുഖ്യ കാരണമെന്ന് സംസ്‌കരണ ശാലാ ഉടമകള്‍ പറഞ്ഞു.
തദ്ദേശീയരായ പീലിങ് തൊഴിലാളികള്‍ക്കും തൊഴില്‍ ചെയ്യാനാകാതെ ദുരിതത്തിലാക്കുകയാണ് അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍. കൂടാതെ അസംസ്‌കൃത മത്സ്യങ്ങളുമായി വരുന്ന വാഹനങ്ങള്‍ക്ക് വരാന്‍ സാധിക്കാത്തതും കാരണമാകുന്നുണ്ട്.
പെട്ടെന്നുള്ള ഹര്‍ത്താല്‍ പ്രഖ്യാപനം മൂലം ലക്ഷക്കണക്കിന് രൂപയുടെ മത്സ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നശിച്ചത്.
ഗോവാ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മത്സ്യങ്ങള്‍ പല സ്ഥലങ്ങളിലും കുടുങ്ങിപ്പോകുന്നതു മൂലം വന്‍ നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് മത്സ്യ സംസ്‌കരണ മേഖലയിലെ സ്ഥാപന ഉടമകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."