കുടിവെള്ള വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ തുടങ്ങി
കൊട്ടാരക്കര: താലൂക്കിലെ വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികള്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഇതിനായി കുടിവെള്ള വിതരണത്തിന് സ്വകാര്യ ടാങ്കര്‍ ലോറി ഉടമകളില്‍ നിന്നും മത്സര സ്വഭാവത്തിലുള്ള ക്വട്ടേഷനുകള്‍ തഹസില്‍ദാര്‍ ക്ഷണിച്ചിട്ടുണ്ട്. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ 5000 ലിറ്റര്‍ ശേഷിയുള്ള വാട്ടര്‍ ടാങ്ക് ഘടിപ്പിച്ച ടാങ്കര്‍ ലോറികളില്‍ ശുദ്ധജലം എത്തിക്കുന്നതിനാണ് വാഹന ഉടമകളില്‍ നിന്നും ടെന്‍ണ്ടര്‍ ക്ഷണിച്ചിട്ടുള്ളത്.
ഇതോടൊപ്പം തിരഞ്ഞെടുക്കപ്പെടുന്ന ടാങ്കര്‍ ലോറികളില്‍ ജി.പി.എസ് ഘടിപ്പിക്കുന്നതിനും അത് നിരീക്ഷിക്കുന്നതിനും പരിചയ സമ്പന്നരായ സ്ഥാപനങ്ങളില്‍ നിന്നും മാസവാടക നിരക്കില്‍ ക്വട്ടേഷനുകള്‍ ക്ഷണിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ മാര്‍ച്ച് 3 ന് പകല്‍ 1 മണിക്ക് മുന്‍പായി തഹസില്‍ദാര്‍ക്ക് ലഭിച്ചിരിക്കണം. അന്നേ ദിവസം 2 മണിക്ക് ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കുന്നതും ഏറ്റവും കുറഞ്ഞ തുകയ്ക്കുള്ള ക്വട്ടേഷനുകള്‍ അംഗീകരിക്കുന്നതുമായിരിക്കും. റവന്യൂ വകുപ്പ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ താലൂക്കിലെ പഞ്ചായത്തുകള്‍ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ ലിസ്റ്റ് നേരത്തെതന്നെ നല്‍കിയിട്ടുണ്ട്. മാര്‍ച്ച് ആദ്യവാരം തന്നെ കുടിവെള്ള വിതരണം ആരംഭിക്കുമെന്നും റവന്യൂ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."