ലോക ടൂറിസം ഭൂപടത്തില്‍ ഇന്ത്യയെ ഒന്നാമത് എത്തിക്കും: അല്‍ഫോന്‍സ് കണ്ണന്താനം
ചടയമംഗലം: ഇന്ത്യയിലെ വിനോദസഞ്ചാരമേഖല മുന്നേറ്റത്തിന്റെ പാതയിലാണെന്നും വിനോദസഞ്ചാരമേഖലയില്‍ ലോകത്ത് മൂന്നാമതുള്ള രാജ്യത്തെ അടുത്ത വര്‍ഷത്തോടെ ഒന്നാമതെത്തിക്കുകയെന്നതാണ് ലക്ഷ്യമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.
ജടായു എര്‍ത്ത് സെന്റര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ജടായു പുരസ്‌കാരം അഭിനേതാവ് നെടുമുടി വേണുവിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം ടൂറിസം മേഖലയില്‍ നിന്ന് രാജ്യം നേടിയ വരുമാനം 16.5 ലക്ഷം കോടി രൂപയാണ്. ലോകത്തെ തന്നെ ടൂറിസം മേഖലയില്‍ ഇന്ത്യ നേടിയ വളര്‍ച്ച 14 ശതമാനമാണ്. ഇത് ലോകത്ത് തന്നെ ഒന്നാമതാണ്. വരുന്ന വര്‍ഷം നമ്മള്‍ ലക്ഷ്യമിടുന്നത് 20 ബില്യണ്‍ വിദേശികളെ ഇന്ത്യയിലേക്ക് കൊണ്ട് വരുവാനാണ്. 2023 ഓട് കൂടി 100 ബില്യണ്‍ കോടി രൂപ വരുമാനം നേടുന്നതിലേക്ക് ടൂറിസം മേഖലയെ മാറ്റാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൗരാണിക മിത്തുകളിലേക്കു ആഴ്ന്നിറങ്ങുന്ന ശില്‍പമാണ് ജടായുവെന്ന് പ്രഥമ ജടായു സ്മൃതി പുരസ്‌കാരം ഏറ്റുവാങ്ങി നെടുമുടി വേണു പറഞ്ഞു. സ്ത്രീ സംരക്ഷകനായ ജടായുവിന്റെ പേരിലുള്ള പുരസ്‌കാരം ഹൃദയം കൊണ്ടാണ് ഏറ്റുവാങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജടായു എര്‍ത്ത് സെന്റര്‍ എം.ഡിയും ചെയര്‍മാനുമായ രാജീവ് അഞ്ചല്‍ അധ്യക്ഷനായി. ഡയറക്ടര്‍ കള്‍ച്ചറല്‍ പ്രോഗ്രാം സതീഷ് ബാബു പയ്യന്നൂര്‍, സിനിമ സംവിധായകന്‍ ജയരാജ്, ജടായു എര്‍ത്ത് സെന്റര്‍ സി.ഇ.ഒ അജിത് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."