മുറി കിട്ടാനില്ലെന്ന പരാതിയുമായി കമ്മിഷണര്‍ ഓഫിസിലെത്തി, ഒടുവില്‍ ചൈനക്കാരന് ഐസൊലേഷന്‍ വാര്‍ഡില്‍
തിരുവനന്തപുരം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ താമസിക്കാന്‍ മുറി കിട്ടാനില്ലെന്ന പരാതിയുമായി പൊലിസ് കമ്മിഷണറുടെ ഓഫിസിലെത്തിയ ചൈനാക്കാരനെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
ജിഷോയു ഷാഓ (25) നെയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ജനുവരി 23ന് ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ജിഷോയു കഴിഞ്ഞദിവസമാണ് തിരുവനന്തപുരത്തെത്തിയത്.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജനുവരി 25 മുതല്‍ വിമാനത്താവളങ്ങളില്‍ മെഡിക്കല്‍ സ്ക്രീനിങ്ങുകള്‍ ആരംഭിച്ചിരുന്നു. തിരുവനന്തപുരത്തെത്തിയ ജിഷോയു നിരവധി ഹോട്ടലുകളില്‍ മുറി അന്വേഷിച്ചെങ്കിലും കൊറോണ വൈറസ് ബാധയെ ഭയന്ന് ആരും മുറി നല്കാന് തയാറായില്ല.
തുടര്‍ന്നാണ് പരാതിയുമായി ഇദ്ദേഹം കമ്മിഷണര്‍ ഓഫിസിലെത്തിയത്. രാജീവ് ഗാന്ധി ബയോടെക്നോളജിയില്‍ രക്തം പരിശോധിച്ചതിന്റെ ഫലങ്ങള്‍ ജിഷോയുവിന്റെ കൈവശമുണ്ടായിരുന്നു. ഇതു പരിശോധിച്ചതിനു ശേഷം പൊലിസ് അദ്ദേഹത്തെ ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു.
ജിഷോയുവിന് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്നും നിരീക്ഷണത്തിനു മാത്രമായാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."