കരിഞ്ഞുണങ്ങിയ നെല്‍കൃഷി സംരക്ഷിക്കാന്‍ ബാക്ടീരിയല്‍ സ്‌പ്രേ ചെയ്യും
വടക്കാഞ്ചേരി: മേഖലയില്‍ കരിഞ്ഞുണങ്ങുന്ന നെല്‍കൃഷി സംരക്ഷണത്തിന് നൂതനമായ ബാക്ടീരിയല്‍ സ്‌പ്രേ നടത്താന്‍ തീരുമാനം. തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല ഉല്‍പ്പന്നമായ പി.പി.എഫ്.എം, പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രം ഉല്‍പന്നം ഹൈഡ്രോജന്‍ എന്നിവ സ്‌പ്രേ നടത്താന്‍ കൃഷി ഓഫിസര്‍മാര്‍ക്കാണു ചുമതല. വാഴാനി ഡാമില്‍ നിന്ന് കാര്‍ഷികാവശ്യത്തിനു വെള്ളം തുറന്നു വിടുന്നത് നിര്‍ത്തിവെച്ചു.
സെപ്റ്റംബര്‍ 20 മുതല്‍ ആറു തവണയായാണ് വെള്ളം തുറന്നു വിട്ടത്. ചരിത്രത്തിലാദ്യമായി നെല്‍കൃഷി ആരംഭിയ്ക്കുന്നതിനു മുന്‍പ് വെള്ളം തുറന്നു വിടേണ്ടി വന്നതും സവിശേഷതയായി. പ്രളയത്തിനു ശേഷം നെല്‍കൃഷി അനിശ്ചിതത്വത്തിലായതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7200 തൊഴിലാളികള്‍ 10 ദിവസം കൊണ്ടാണ് വാഴാനി കനാല്‍ വൃത്തിയാക്കിയത്. ഡാമില്‍ ഇനി 10 ദിവസം തുറന്ന് വിടാനുള്ള വെള്ളം മാത്രമാണ് അവശേഷിയ്ക്കുന്നത്. അതു കൊണ്ടു തന്നെ ഇനി കുടിവെള്ളത്തിന് മാത്രമെ വെള്ളം തുറന്ന് വിടേണ്ടതുള്ളൂവെന്ന് വാഴാനി പ്രൊജക്റ്റ് അഡൈ്വസറി യോഗം തീരുമാനമെടുത്തിട്ടുണ്ട്.
ഡാമില്‍ അടിഞ്ഞ് കൂടിയ മണ്ണ് നീക്കം ചെയ്ത് സംഭരണ ശേഷി വര്‍ധിപ്പിയ്ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിനു വേണ്ടി ആധുനിക സംവിധാനമായ ഇന്റ ഗ്രേറ്റഡ് ബാത്തി മെട്രിക് മെഷ്യന്‍ (മണ്ണ് അളക്കുന്നതിനുള്ള ആധുനിക യന്ത്രം) ഉപയോഗിച്ച് സര്‍വേനടത്താന്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍ അധ്യക്ഷനായി. നഗരസഭാ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡന്റ് കരീം, നഗരസഭാ കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷന്‍, ഷാജു കുയിലത്ത്, ടി.കെ ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."