ട്രഷറി നിയന്ത്രണമില്ലെന്ന് ധനമന്ത്രി; തദ്ദേശ സ്ഥാപനങ്ങളില്‍ സ്തംഭനമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: ഖജനാവിന്റെ ഞെരുക്കം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയില്ലെന്നും ബില്ലുകള്‍ പത്തു ദിവസത്തിനകം കൊടുത്തുതീര്‍ക്കുമെന്നും ധനമന്ത്രി തോമസ് ഐസക്. ട്രഷറി നിയന്ത്രണം കാരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സ്തംഭിച്ചെന്നു കാണിച്ച് നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിരപ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
പണം കൊടുക്കാത്തതിനാല്‍ ഒരു ഗ്രാമപഞ്ചായത്തിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും കരാറുകള്‍ ഏറ്റെടുക്കാന്‍ ആളില്ലാത്ത അവസ്ഥയാണെന്നും പ്രമേയത്തിന് അവതരണാനുമതി തേടിയ കെ.സി ജോസഫ് പറഞ്ഞു. ജനുവരി ഒന്നു മുതല്‍ ബില്ലുകള്‍ ക്യൂവിലാണ്. 1,021 കോടി രൂപയുടെ ബില്ലുകളാണ് നല്‍കാനുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ഞെക്കിക്കൊല്ലുന്ന സമീപനമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളിയ ധനമന്ത്രി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ചെലവുകള്‍ കുറഞ്ഞിട്ടില്ലെന്നും പെന്‍ഡിങ് ബില്ലുകള്‍ കൂടി നല്‍കിയാല്‍ ചെലവ് 52 ശതമാനമായി മാറുമെന്നും വ്യക്തമാക്കി.
ബില്ലുകള്‍ ഇന്നലെ മുതല്‍ നല്‍കിത്തുടങ്ങി. അഞ്ചു ലക്ഷത്തിനു മുകളിലുള്ള ബില്ലുകള്‍ പത്താം തിയതിക്കുള്ളിലും ചെറിയ പേയ്‌മെന്റുകള്‍ ഒരാഴ്ചയ്ക്കുള്ളിലും മുഴുവനായി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇല്ലെന്ന് വ്യക്തമായതായി രമേശ് ചെന്നിത്തല പറഞ്ഞു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."