തിരുവാഭരണം അയ്യപ്പന്റേതാണെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: ശബരിമല തിരുവാഭരണം വ്യക്തിപരമായ സ്വത്തല്ലെന്നും അയ്യപ്പന്റേതാണെന്നും സുപ്രിംകോടതി. തിരുവാഭരണത്തിന്റെ സംരക്ഷണം സംബന്ധിച്ച് പന്തളം രാജകുടുംബത്തിനിടയില് നിലനില്‍ക്കുന്ന തര്‍ക്കം ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടിയപ്പോഴാണ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം. അയ്യപ്പന് സമര്‍പ്പിച്ചതോടെ തിരുവാഭരണം ദേവന്റേത് ആയിക്കഴിഞ്ഞു. അയ്യപ്പന് മാത്രം അവകാശപ്പെട്ടതാണത്. തിരുവാഭരണം ക്ഷേത്രത്തിന് കൈമാറേണ്ടതല്ലേ എന്നു ചോദിച്ച കോടതി, തിരുവാഭരണം സുരക്ഷിതമാണോയെന്ന കാര്യത്തില്‍ വെള്ളിയാഴ്ച മറുപടി നല്‍കണമെന്നും സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്കി. തിരുവാഭരണം സര്‍ക്കാരിന് ഏറ്റെടുത്തുകൂടേയെന്നും കോടതി ആരാഞ്ഞു. പന്തളം രാജ കുടുംബാംഗമായ പി രാമവര്‍മ രാജ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
തിരുവാഭരണത്തിന്റെ സുരക്ഷയില്‍ ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു. തിരുവാഭരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് സംസ്ഥാന ഗവണ്മെന്റിനു വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു. വെള്ളിയാഴ്ച സര്‍ക്കാര്‍ നിലപാട് കൃത്യമായി അറിയിക്കണമെന്നും ജസ്റ്റിസ് രമണ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."