പ്രഖ്യാപനം വൈകിച്ചത് ഡല്‍ഹി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് ആരോപണം, രാമക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റ് രൂപീകരിച്ച് മോദി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് പച്ചക്കൊടി കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പിയിലെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ട്രസ്റ്റ് രൂപീകരിച്ചതായി മോദി പ്രഖ്യാപിച്ചു. ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെയാണ് പ്രത്യേക പ്രസ്താവനയായി മോദി ഇക്കാര്യം അറിയിച്ചത്. ഇന്നലെ രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ട്രസ്റ്റ് രൂപീകരണത്തിന് തീരുമാനമായത്. അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തിയത്.
സുപ്രിം കോടതിയുടെ നിര്‍ദേശപ്രകാരമുള്ള ഒരു സുപ്രധാന തീരുമാനം അറിക്കുന്നുവെന്ന മുഖവുരയോടെയായിരുന്നു മോദിയുടെ പ്രഖ്യാപനം. രാമ ക്ഷേത്ര നിര്‍മാണത്തിന് കേന്ദ്ര മന്ത്രിസഭ വിശദമായ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കാനായി 'ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര' എന്ന ട്രസ്റ്റ് രൂപീകരിച്ചതായും മോദി അറിയിച്ചു.
ബാബരി മസ്ജിദ് തകര്‍ത്തതിനെത്തുടര്‍ന്ന് ഉടമസ്ഥാവകാശ തര്‍ക്കം നിലനിന്നിരുന്ന 67.77 ഏക്കര്‍ ഭൂമി ക്ഷേത്രനിര്‍മാണ ട്രസ്റ്റിന് കൈമാറുമെന്ന് സഭയില്‍ വായിച്ച പ്രസ്താവനയില്‍ മോദി അറിയിച്ചു. ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനവും ട്രസ്റ്റായിരിക്കും എടുക്കുക. സ്വതന്ത്രമായി ട്രസ്റ്റിന് പ്രവര്‍ത്തിക്കാമെന്നും മോദി പറഞ്ഞു.
മാത്രമല്ല, സുന്നി വഖ്ഫ് ബോര്‍ഡിന് സുപ്രിം കോടതി വിധിപ്രകാരമുള്ള അഞ്ച് ഏക്കര്‍ ഭൂമി പള്ളി നിര്‍മിക്കുന്നതിനായി കൈമാറും. ഇതിനുള്ള നിര്‍ദേശം യു.പി സര്‍ക്കാരിന് നല്‍കുകയും സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. സഭയിലുള്ള എല്ലാ അംഗങ്ങളും ക്ഷേത്രനിര്‍മാണത്തിന് സഹകരിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു.
ഫെബ്രുവരി ഒമ്പതിന് മുമ്പ് ട്രസ്റ്റ് രൂപീകരിക്കണമെന്നായിരുന്നു സുപ്രിം കോടതിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നത്. അതുപ്രകാരമാണ് തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി പറയുന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ട്രസ്റ്റ് പ്രഖ്യാപനം മോദി ഇത്രയും വൈകിച്ചതെന്നും ആരോപണമുണ്ട്.
കഴിഞ്ഞ നവംബറിലാണ് ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസില്‍ കോടതി വിധി പ്രഖ്യാപിച്ചത്. ബാബരി ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നും മുസ്‌ലിംകള്‍ക്ക് പള്ളി നിര്‍മിക്കാനായി പകരം അയോധ്യയില്‍ അഞ്ച് ഏക്കര്‍ ഭൂമി അനുവദിക്കണമെന്നുമായിരുന്നു കോടതി ഉത്തരവ്.
ക്ഷേത്രത്തിന് അനുവദിച്ച ഭൂമി കൈകാര്യംചെയ്യാനായി പ്രത്യേക ട്രസ്റ്റ് മൂന്നു മാസത്തിനുള്ളില്‍ രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതായിരുന്നു വിധി. വിധി പുനപ്പരിശോധിക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ സുപ്രിം കോടതി തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."