HOME
DETAILS

ഇടതുപക്ഷത്തിന് വലതുപക്ഷ വ്യതിയാനം

  
backup
January 15 2019 | 19:01 PM

%e0%b4%87%e0%b4%9f%e0%b4%a4%e0%b5%81%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%b2%e0%b4%a4%e0%b5%81%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7

#പിണങ്ങോട് അബൂബക്കര്‍
9847700450

 


ജന്മിത്തം അവസാനിപ്പിച്ചതും ഭൂപരിഷ്‌കരണ നിയമം പാസാക്കിയതുമടക്കമുള്ള പരിഷ്‌കരണമുഖം ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കുണ്ട്. ചിലതൊക്കെ പര്‍വതീകരിച്ചതും അര്‍ധസത്യങ്ങളുമാണെങ്കിലും പുരോഗമനപ്രസ്ഥാനങ്ങളുടെ പങ്ക് ചെറുതായി കാണാനാവില്ല. എങ്കിലും ഇടതുപക്ഷത്തിന്റെ ഭരണകാലത്ത് പലപ്പോഴും ന്യൂനപക്ഷങ്ങളോട് 'മാറിനില്‍ക്ക് ' എന്നു പറയുന്ന അവസ്ഥയാണുള്ളത്.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസില്‍ സംവരണം വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം പുരോഗമനപരമല്ലെന്ന് ഇടതുപക്ഷത്തിനു പഠിപ്പിച്ചു കൊടുക്കേണ്ടതില്ല. പിന്നാക്ക, ന്യൂനപക്ഷ, ദലിത് വിഭാഗങ്ങള്‍ക്കുള്ള അവകാശങ്ങള്‍ക്കു മുന്നില്‍ വാതിലടയ്ക്കല്‍ തന്നെയാണത്. ഉത്തരവ് തല്‍ക്കാലം മരവിപ്പിച്ചിട്ടുണ്ടെങ്കിലും അതൊരു വഞ്ചനയാണെന്നു കരുതണം. തെരഞ്ഞെടുപ്പിന്റെ ചൂടൊക്കെ മാറി നല്ലനേരം നോക്കി ആഞ്ഞുവെട്ടുക തന്നെ ചെയ്യും.
കെ.എ.എസില്‍ അടിസ്ഥാനവര്‍ഗത്തിന് അര്‍ഹമായ അവസരം ലഭിക്കാതിരിക്കാന്‍ ആര്‍ക്കോ വേണ്ടിയാണ് ഈ തീരുമാനമെടുത്തത്. സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തവരാരെന്നും മറ്റും പരിശോധിച്ചാല്‍ കള്ളക്കളി ബോധ്യമാകും. തലയ്ക്കകത്തു മറ്റൊരാള്‍ കയറി പണിയുന്നത് ഇടതുപക്ഷത്തിന്റെ സഹജദൗര്‍ബല്യമാണ്. പാതി യുക്തിയും പാതി വിഡ്ഢിത്തവുമെന്നാണു കമ്മ്യൂണിസത്തെ ഹിറ്റ്‌ലര്‍ വിശേഷിപ്പിച്ചത്. പാതിയുള്ള യുക്തി ലക്ഷ്യത്തോടടുക്കുമ്പോഴേയ്ക്കും മാഞ്ഞുപോകുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ശരീഅത്ത്
ബുദ്ധിജീവി കൂടിയായിരുന്ന രാഷ്ട്രീയചാണക്യന്‍ ഏലംകുളം മനക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിനു കൈപൊള്ളിയ വിഷയമാണ് ശരിഅത്ത്. സംവാദങ്ങളില്‍ തളര്‍ന്നപ്പോള്‍ തനിക്ക് ശരിഅത്തിനെക്കുറിച്ച് ഒന്നുമറിയില്ലെന്നു പറയാനുള്ള ആര്‍ജവം ഇ.എം.എസ് കാണിച്ചു. ബാലമനസായ ബാലന്‍ മന്ത്രിക്ക് അത്ര ഉയരത്തിലെത്താന്‍ കഴിഞ്ഞില്ല.
വിവാഹം , വിവാഹമോചനം, സ്വത്തവകാശം, വഖഫ് തുടങ്ങിയ ഏതാനും ചില വ്യക്തിനിയമങ്ങളില്‍ 1937ലെ മുഹമ്മദന്‍സ് പേഴ്‌സണല്‍ ലോ ആക്ടിന്റെ ആനുകൂല്യം മുസ്‌ലിംകള്‍ക്കു ഭരണഘടന അനുവദിച്ചിട്ടുണ്ട്. ആ പരിരക്ഷ കിട്ടാന്‍ താന്‍ മുസ്‌ലിമാണെന്ന് എല്ലാ മുസ്‌ലിംകളും 100 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ തഹസില്‍ദാര്‍ക്കു സത്യവാങ്മൂലം നല്‍കണമെന്നു പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ല.
കാവി ചിന്തയുള്ളവര്‍ക്കേ അതു തോന്നൂ. കാവിചിന്തയുള്ള ഉദ്യോഗസ്ഥര്‍ തയാറാക്കിക്കൊടുക്കുന്ന കടലാസില്‍ ഒപ്പിട്ടു കൊടുക്കാനല്ല മുന്തിയ ശമ്പളവും ആനുകൂല്യങ്ങളും സൗജന്യ താമസവും സൗജന്യ യാത്രാസൗകര്യവും സുരക്ഷയുമൊക്കെ നല്‍കി മന്ത്രിമന്ദിരങ്ങളില്‍ കുറേപ്പേരെ കുടിയിരുത്തിയിരിക്കുന്നത്. സമൂഹത്തോട് കടമയും പൗരബോധവും ഭരണഘടനാ പരിജ്ഞാനവുമൊക്കെ ഇത്തരക്കാര്‍ക്കു വേണം.
മഴക്കാലത്തുപോലും പള്ളിക്കൂടത്തിന്റെ വരാന്തയില്‍ കയറിനില്‍ക്കാന്‍ ഭാഗ്യം കിട്ടാത്തവര്‍ പാര്‍ലമെന്റിലും നിയമസഭകളിലും മറ്റും അംഗമാകുന്നതിന്റെ ദുരന്തം ഇന്ത്യന്‍ ജനാധിപത്യം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യ, മതേതര മനസോടെ ഭരണഘടന പഠിച്ചും മനനം ചെയ്തും വേണം നിയമനിര്‍മാണം നടത്താന്‍. ഇന്ത്യന്‍ ഭരണഘടന ഏതു ജാതിയിലും മതത്തിലുംപ്പെട്ടവര്‍ക്ക് തുല്യ അവകാശം നല്‍കുന്നുണ്ട്. അതിലൊരു കൂട്ടര്‍ തങ്ങളുടെ വിശ്വാസം തെളിയിക്കാന്‍ തഹസില്‍ദാരെപോലൊരു സര്‍ക്കാരുദ്യോഗസ്ഥനു മുന്നില്‍ ഫീസടച്ചു സത്യവാങ്മൂലം നല്‍കണമെന്നു വാശി പിടിക്കുന്നതില്‍ മുസ്‌ലിം വിരുദ്ധതയുണ്ട്.
എതിര്‍പ്പു വന്നപ്പോള്‍ ഭേദഗതി വരുത്തി. ശരീഅത്ത് താല്‍പര്യമില്ലാത്തവര്‍ എഴുതിക്കൊടുക്കണമെന്നാണു ഭേദഗതി. ഇതെന്തു കൂത്ത്, അതു ഭരണഘടനാവിരുദ്ധമല്ലേ? താന്‍ വിശ്വാസിയാണെന്നോ അവിശ്വാസിയാണെന്നോ പൗരന്‍ എഴുതിക്കൊടുക്കണമെന്നു പറയുന്നത് ഏകാധിപത്യ ഭരണത്തിലേ സംഭവിക്കൂ. വിശ്വാസവും അവിശ്വാസവും വ്യക്തിയുടെ സ്വകാര്യതയാണ്. ഏക സിവില്‍ കോഡിലേക്കാണ് ബാലന്‍ കതകു തുറക്കുന്നതെങ്കില്‍ അതങ്ങു പറഞ്ഞാല്‍ പോരേ.
സ്വന്തം മനഃസാക്ഷിക്കു യോജിച്ച മതത്തില്‍ വിശ്വസിക്കാനും മതാചരണം നടത്താനും പ്രചരിപ്പിക്കാനും ആര്‍ട്ടിക്കള്‍ 25 പ്രകാരം ഭരണഘടന ഏതു പൗരനും അനുമതി നല്‍കുന്നുണ്ട്. അതു മുസ്‌ലിംകള്‍ക്കും അനുവദിച്ചുകൊടുക്കേണ്ടേ. മുസ്‌ലിംകള്‍ക്ക് അനുവദിക്കപ്പെട്ട വ്യക്തിനിയമത്തിലും കൈയിട്ടു വാരാനുള്ള ശ്രമം ആപല്‍ക്കരമാണ്. ഹിന്ദു, ക്രിസ്ത്യന്‍, സിക്ക്, ജൂത മതങ്ങള്‍ക്കെല്ലാം വ്യക്തിനിയമങ്ങളും വ്യവസ്ഥകളുമുണ്ട്. അതിലൊന്നും ഇടപെടാത്തവരാണു മുസ്‌ലിംകളെ മാത്രം വേട്ടയാടി വ്യക്തിനിയമം അപായപ്പെടുത്താന്‍ ശ്രമിക്കുന്നത്.

'നിയോഗ ധര്‍മം'
നിയമനിര്‍മാണത്തിനു നല്ല ഗൃഹപാഠം അനിവാര്യമാണ്. കാരണം, അതു വരുംതലമുറകളോടു കൂടി നീതി പുലര്‍ത്തേണ്ട കര്‍ത്തവ്യമാണ്. പ്രവാചകവചനം ശേഖരിക്കാന്‍ ഇമാം ബുഖാരി കാല്‍നടയായും കഴുതപ്പുറത്തും കാളവണ്ടിയിലും പതിനായിരത്തോളം നാഴിക രാഷ്ട്രാന്തര യാത്ര നടത്തിയിട്ടുണ്ട്. 1080 പേരില്‍ നിന്നായാണ് അദ്ദേഹം നബിവചനങ്ങള്‍ ശേഖരിച്ചത്. ഉത്തമബോധ്യമുള്ളതും എല്ലാ തെളിവുകളും ലഭ്യമായതുമായ 7,254 വചനങ്ങളാണ് അംഗശുദ്ധി വരുത്തി രണ്ട് റക്അത്ത് നിസ്‌കരിച്ചശേഷം അദ്ദേഹം രേഖപ്പെടുത്തിയത്.
പില്‍ക്കാലത്ത് വാഴ്ത്തപ്പെടാന്‍ വേണ്ടിയല്ല അത്, ഏറ്റെടുത്ത നിയോഗത്തിനു നല്‍കിയ 'ധാര്‍മിക മാനം' പരിഗണിച്ചാണ്. ശേഖരിച്ച നബിവചനങ്ങള്‍ സുല്‍ത്താന്റെ കൊട്ടാരത്തില്‍ച്ചെന്നു വായിച്ചുകൊടുക്കണമെന്നു രാജദൂതന്‍ പറഞ്ഞപ്പോള്‍ ഇമാം പ്രതികരിച്ചതിങ്ങനെ: 'നിങ്ങള്‍ പോയി നിങ്ങളുടെ സുല്‍ത്താനോട് പറയുക. ഞാന്‍ അറിവിനെ ബഹുമാനിക്കുന്ന വ്യക്തിയാണ്. സുല്‍ത്താന്റെ രഹസ്യമുറിയില്‍ അതു വലിച്ചിഴക്കപ്പെടുന്നതില്‍ എനിക്കു സമ്മതമല്ല.' (ഇസ്‌ലാമും സ്ത്രീകളും, ഫാത്തിമ മെര്‍നീസി പേജ് 79).
ഭരണഘടനാവിരുദ്ധവും വര്‍ഗീയവിഭജനത്തിനു വഴിവയ്ക്കുന്നതുമായ ഉത്തരവ് കെ.എന്‍.എ ഖാദര്‍ എം.എല്‍.എയുടെ ഇടപെടലും മതസംഘടനകളുടെ എതിര്‍പ്പും മൂലം തല്‍ക്കാലം മാറ്റിവച്ചുവെന്നേ കരുതാനാവൂ. മുസ്‌ലിംകള്‍ വേട്ടയാടപ്പെടുന്ന സമൂഹമായി നിലകൊള്ളണമെന്നതു ഫാസിസ്റ്റുകളുടെ നയമാണ്. ഇടതുപക്ഷം അങ്ങനെയാവരുതായിരുന്നു.

സംവരണം
എല്ലാ സംവരണങ്ങളും ചേര്‍ത്ത് 50 ശതമാനത്തിലധികമാകരുതെന്നു സുപ്രിംകോടതി വിധിയുണ്ട്. അതു നിലനില്‍ക്കെയാണ് മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം കൂടി അനുവദിച്ചിരിക്കുന്നത്. ഇതിനെ ഒട്ടുമിക്ക രാഷ്ട്രീയപ്പാര്‍ട്ടികളും അംഗീകരിക്കുകയും അങ്ങനെ, ഭരണമുന്നണിക്കു ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍പ്പോലും ഏഴിനെതിരേ 165 വോട്ടിന് ആ ബില്‍ പാസാവുകയും ചെയ്തു.
അതായത്, സംവരണം മാറ്റിവച്ചാല്‍ 40 ശതമാനമാകും ജനറല്‍ കാറ്റഗറി. ആ കാറ്റഗറിയിലെ 10 ശതമാനം നഷ്ടം ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും ദളിതുകള്‍ക്കും. സവര്‍ണജാതിക്കാരെ പ്രീണിപ്പിച്ചു 2019ലെ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുകയാണു മോദിയുടെ ലക്ഷ്യം. അതു മനസിലാക്കാതെ അടിസ്ഥാനവര്‍ഗത്തിനു വേണ്ടി വേദികളില്‍ ഉദ്‌ഘോഷിക്കാറുള്ള ഇടതുപക്ഷവും മറ്റും മോദിയുടെ ദാസ്യപ്പണി ഏറ്റെടുത്തതു ശരിയായില്ല. അച്യുതാനന്ദനും വെള്ളാപ്പള്ളിയും നീരസം പ്രകടിപ്പിച്ചിട്ടുണ്ടെന്നതു ശരിതന്നെ. എന്നാല്‍, 'പാണ്ടന്‍നായുടെ പല്ലിനു ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല' എന്നാണല്ലോ ചൊല്ല്. പിണറായിയും കോടിയേരിയും ആ നീരസങ്ങളെ അങ്ങനെ കണക്കാക്കിയുണ്ടാകും.
ഏതായാലും സംവരണ ബില്‍ കോടതി കയറുമെന്നുറപ്പ്. പക്ഷെ, ഉത്തരവിനു പിന്നാലെ നിയമനങ്ങളും തുടങ്ങി. കേസില്‍ കോടതിവിധി വരാന്‍ കാലമേറെയെടുക്കും. അതിനിടയില്‍ വേണ്ടത്ര നിയമനം നടത്താമല്ലോ.
സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നോവലുപോലെ വായിച്ചു രസിക്കാനുള്ളതല്ല. പ്രതിരോധവകുപ്പുള്‍പ്പെടെ പല വകുപ്പുകളില്‍ നിന്നും സ്ഥിതിവിവരക്കണക്കു ലഭ്യമായില്ലെങ്കിലും ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും പിന്നാക്കക്കാരുടെയും അതിദയനീയമായ അവഗണനയുടെ ചിത്രം ആ റിപ്പോര്‍ട്ടിലുണ്ട്. അതിലെ ശുപാര്‍ശകള്‍ നടപ്പാക്കാനുള്ളതാണ്. ഭരണാധികാരികളുടെ മനോഭാവം മാറുന്നില്ലെങ്കില്‍ ഭരണീയര്‍ മാറ്റാന്‍ ശ്രമിക്കണം.

അഭിനന്ദനം
48 മണിക്കൂര്‍ നേരം തെരുവിലിറങ്ങി വാഹനങ്ങളും കടകളും ബാങ്കുകളും തല്ലിത്തകര്‍ത്ത് കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ ഡയസ്‌നോണ്‍ പ്രഖ്യാപിക്കാതെ സര്‍ക്കാര്‍ അനുമോദിച്ചിരിക്കുകയാണ്. പണിമുടക്കി അക്രമമുണ്ടാക്കിയ രണ്ടു ദിവസത്തെ ശമ്പളം കിട്ടും. പുരസ്‌കാരം കൂടി പ്രഖ്യാപിക്കാത്തതു ഭാഗ്യം. അരലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ മാസപ്പടി, പലവിധ അലവന്‍സുകള്‍, യാത്ര, ഭക്ഷണം, താമസം, ചികിത്സാചെലവുകള്‍, കുടുംബത്തിന്റെ സംരക്ഷണം, ഭാവി പെന്‍ഷന്‍ എന്നിവയെല്ലാം നികുതിപ്പണത്തില്‍ നിന്നു ലഭിക്കും. ഇതിനു പുറമെ നാട്ടുകാരെ പിഴിയുന്ന കൈക്കൂലിക്കാശും.
കമ്പ്യൂട്ടര്‍വല്‍കരണത്തിനുശേഷം കീബോര്‍ഡിലെ അംഗുലീചലനം മാത്രമാണു മിക്കവരുടെയും ജോലി. അത്തരക്കാര്‍ കാണിച്ച അക്രമങ്ങളാണ് രണ്ടുനാള്‍ കേരളം കണ്ടത്. എന്നിട്ടും പൊതുമുതല്‍ നശിപ്പിക്കാന്‍ രംഗത്തിറങ്ങി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അരക്കോടിയോളം യുവതീയുവാക്കള്‍ കാത്തുകെട്ടിക്കിടക്കുന്ന കേരളത്തിലാണിത്.
മുന്‍ ഐ.എ.എസുകാരന്‍ ടി.ഒ സൂരജ് വരവില്‍ക്കവിഞ്ഞു കോടികള്‍ സമ്പാദിച്ച കഥ പുറത്തുവന്നല്ലോ. അതു സൂരജിന്റെ മാത്രം ചരിത്രമല്ല. എത്രയോ പേരുണ്ട് ആ പട്ടികയില്‍. 20 ശതമാനത്തില്‍ താഴെ ഉദ്യോഗസ്ഥരേ നേരേചൊവ്വേ പണിയെടുക്കുന്നുള്ളൂ.

പൗരത്വം
ഇന്ത്യയില്‍ ജനിച്ച്, ഇന്ത്യയില്‍ പഠിച്ച്, ഇന്ത്യയില്‍ വളര്‍ന്ന്, ഇന്ത്യയില്‍ ജീവിക്കുന്ന പത്തുലക്ഷം മുസ്‌ലിംകള്‍ ഇനി പൗരരല്ല. കാരണം അവരുടെ പേര് പൗരത്വ രജിസ്റ്ററിലില്ല. അവര്‍ക്ക് റേഷന്‍കാര്‍ഡിനുപോലും അര്‍ഹതയില്ല. അവരുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ സാധ്യത അടഞ്ഞു. വിദേശരാജ്യങ്ങളൊന്നും ഈ അഭയാര്‍ഥികളെ സ്വീകരിക്കില്ല. അവരെവിടെ താമസിക്കും? ആ ചോദ്യത്തിന് ആരും ഉത്തരം നല്‍കുന്നില്ല.
പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്കു 40 ലക്ഷത്തിലധികം പേര്‍ കുടിയേറിയിട്ടുണ്ട്. അതില്‍ 28 ലക്ഷവും ഹിന്ദുക്കളാണ്. 2.7 ലക്ഷം മുസ്‌ലിംകളൊഴികെയുള്ള മറ്റു മതക്കാരും. അവര്‍ക്കെല്ലാം പൗരത്വ രജിസ്റ്ററില്‍ പേരു ചേര്‍ക്കാനാകും. മുസ്‌ലിംകള്‍ മാത്രം പുറത്ത്. കാരണം ഒന്നുമാത്രം, അവര്‍ മുസ്‌ലിംകളാണ്.
അസം ഗണ പരിഷത്ത് ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ ബി.ജെ.പിക്കുള്ള പിന്തുണ പിന്‍വലിച്ചു തെരുവിലിറങ്ങിക്കഴിഞ്ഞു. 'ഉറക്കം കഴിഞ്ഞു കൂര്‍ക്കം വലിക്കുന്ന വിഡ്ഢിക'ളെന്നേ അവരെക്കുറിച്ചു പറയാനാകൂ. അവരാണു തോളില്‍ കൈയിട്ടു ബി.ജെ.പിയെ അധികാരത്തിലേയ്ക്കു നയിച്ചത്. ഇനി ആ പാപഭാരം ഇല്ലാതാക്കാന്‍ കഴിയുമോ? ബോസ്‌നിയയിലെ സെര്‍ബ് ക്രിസ്ത്യന്‍ തീവ്രവാദികളും മ്യാന്‍മറിലെ ബുദ്ധിസ്റ്റ് തീവ്രവാദികളും ഉയ്ഗൂര്‍ മുസ്‌ലിംകളെ പീഡിപ്പിച്ച ചൈനയിലെ ഭരണകൂടവും ഈ പൗരത്വ നിഷേധം നടപ്പാക്കിയിരുന്നില്ല.
തങ്ങള്‍ കൊന്നൊടുക്കിയവരെല്ലാം ആ ഭൂമിയുടെ അവകാശികളെല്ലെന്നു അവര്‍ പറഞ്ഞിട്ടില്ല. എന്നാല്‍, ഭാരതത്തിലെ ഭരണകൂടം അസമില്‍ പാര്‍ക്കുന്ന പത്തുലക്ഷം മുസ്‌ലിംകളോട് നിങ്ങള്‍ക്ക് ആകാശത്തിന് താഴെ ഒരിടമില്ലെന്നു പറഞ്ഞ് ആട്ടിയകറ്റാന്‍ തുടങ്ങുകയാണ്. 2019 ലെ തെരഞ്ഞെടുപ്പില്‍ 10 ലക്ഷം മുസ്‌ലിംകളുടെ വോട്ട് ബി.ജെ.പി വിരുദ്ധ പെട്ടിയില്‍ വീഴരുതെന്നാണു ലക്ഷ്യം.

കൈയേറ്റം
ഭരണഘടനാ സ്ഥാപനങ്ങളും പദവികളും ഭരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൈയേറുന്നതു പുത്തന്‍ കാര്യമല്ല. എന്നാല്‍, അതു പരിധി വിട്ടുകൊണ്ടിരിക്കുകയാണ്. സി.ബി.ഐ ഡയരക്ടര്‍ സ്ഥാനത്തുനിന്ന് അലോക്‌വര്‍മയെ ധൃതിപിടിച്ചു മാറ്റിയ നടപടി റദ്ദാക്കുകയും ഇക്കാര്യത്തില്‍ നിയമപ്രകാരം ഒരാഴ്ചകൊണ്ടു തീരുമാനമെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്ത കോടതിയോടു നമുക്കു നന്ദിയുണ്ട്. ആ ഉത്തരവു വന്നതിന്റെ പിറ്റേന്നു തന്നെ, അതുവരെ പാര്‍ലമെന്റില്‍ പോകാന്‍ പോലും സമയം കിട്ടാതിരുന്ന പ്രധാനമന്ത്രി രണ്ടുനാള്‍ തുടര്‍ച്ചയായി മെനക്കെട്ടു കുത്തിയിരുന്നു തീരുമാനമെടുത്തു. അലോക് വര്‍മയെ മാറ്റാന്‍ തന്നെയായിരുന്നു തീരുമാനം.
ഇത്രയും ധൃതി ആരെ ഭയന്നായിരുന്നു? പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയുടെ വിയോജിപ്പ് മറികടന്നാണു തീരുമാനമുണ്ടായത്. വര്‍മ ഡയരക്ടര്‍ സ്ഥാനത്തു തുടര്‍ന്നാല്‍ റാഫേല്‍ യുദ്ധവിമാന അഴിമതി അന്വേഷിച്ച് അട്ടിമറി സംഭവങ്ങള്‍ക്കു തുനിഞ്ഞേക്കുമെന്ന ഭീതിയാണിതിനു പിന്നില്‍. പല ഗവര്‍ണര്‍മാരെയും കേന്ദ്ര താല്‍പര്യത്തിനായി വരുതിയില്‍ നിര്‍ത്തിയിട്ടുണ്ട്. ജനാധിപത്യവും ഭരണഘടനയും അത്തരം സന്ദര്‍ഭങ്ങളില്‍ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.
സുപ്രിംകോടതിയിലെ നാലു സീനിയര്‍ ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തി ചില കാര്യങ്ങള്‍ പറയേണ്ടിവന്ന നാണക്കേട് തീര്‍ന്നിട്ടില്ല. താനൊരു ക്രിസ്ത്യാനിയായതു കൊണ്ടാണു ചീഫ് ജസ്റ്റിസ് സ്ഥാനം നിഷേധിക്കപ്പെട്ടതെന്നതു ജസ്റ്റിസ് കുര്യന്‍ ജോസഫ് പരസ്യമായി പറഞ്ഞതാണ്. ഭാരതത്തിന്റെ ഭരണഘടന ഉറപ്പുനല്‍കിയ വ്യവസ്ഥകള്‍ കാവല്‍ക്കാര്‍ തന്നെ കളങ്കപ്പെടുത്തുകയും നിന്ദിക്കുകയുമാണ്.
പൊലിസ് അധികാരികളെ ഭരണാധികാരികള്‍ വല്ലാതെ സമ്മര്‍ദത്തിലാക്കാറുള്ളത്. അന്വേഷണ ഏജന്‍സികളെയും വട്ടം കറക്കുന്നത് ഭരണാധികാരികള്‍ തന്നെ. ഇക്കാര്യത്തില്‍ പല ഡോക്ടറേറ്റിന് അര്‍ഹതയുള്ളവരാണ് അമിത് ഷായും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും. അപ്പോള്‍പിന്നെ ഇതൊക്കെയല്ലേ സംഭവിക്കുകയുള്ളൂ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago