സ്‌പെഷല്‍ സ്‌കൂളുകളോടുള്ള അവഗണന; കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നാളെ
സുല്‍ത്താന്‍ ബത്തേരി: മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പഠനവും പരിശീലനവും പുനരധിവാസവും നല്‍കിവരുന്ന സ്‌പെഷല്‍ സ്‌കൂളുകളോടുള്ള സര്‍ക്കാര്‍ അവഗണനക്കെതിരേ നാളെ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് സംയുക്ത സംഘടനഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്‌പെഷല്‍ സ്‌കൂളുകളുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജയരാജന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച 84 കോടിരൂപയുടെ പാക്കേജ് ഉടന്‍ നടപ്പിലാക്കുക, കുട്ടികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കുക, സ്‌പെഷല്‍ സ്്കൂള്‍ അധ്യാപക അനധ്യാപക ജീവനക്കാര്‍ക്ക് തുല്യവേതനം നല്‍കാന്‍ നടപടിയെടുക്കുക, 18 വയസ് കഴിഞ്ഞ സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ പുനരധിവസിപ്പിക്കുക, അര്‍ഹതപെട്ട സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നടപ്പില്‍ വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. പാരന്റല്‍ അസോസിയേഷന്‍, സ്‌പെഷല്‍ സ്‌കൂള്‍ സംഘടന, അധ്യാപക അനധ്യാപക ജീവനക്കാരുടെ സംഘടനയായ ആശ്വാസ്, മാനേജ്‌മെന്റ് സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കാളികളാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ തോമസ്, ജോമിറ്റ് ജോസ്, ടി.യു ഷിബു, സിസ്റ്റര്‍ ജെസി മാങ്കോട്ടില്‍, സിസ്റ്റര്‍ ആന്‍സ്മരിയ, സിസ്റ്റര്‍ ജെസി ഫ്രാന്‍സിസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."