പതിനായിരം പുസ്തകങ്ങള്‍ സ്വീകരിച്ച് ടി.എന്‍ പ്രതാപന്‍ റെക്കോഡിലേക്ക്
തൃശൂര്‍: ഒരു വേദിയില്‍ ഏറ്റവും കൂടുതല്‍ പുസ്തകം സമ്മാനമായി കിട്ടുന്ന വ്യക്തിയെന്ന റെക്കോഡിലേക്ക് ടി.എന്‍ പ്രതാപന്‍ എം.പി. പൊതുചടങ്ങുകളില്‍ പൂച്ചെണ്ടിനു പകരം പുസ്തകം മതിയെന്ന പ്രതാപന്റെ ആശയത്തിനു പിന്തുണയുമായി കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളന വേദിയില്‍ പതിനായിരം പുസ്തകങ്ങള്‍ അദ്ദേഹത്തിന് സമ്മാനമായി നല്‍കിയതോടെയാണ് റെക്കോഡ് നേട്ടം കൈവരിച്ചത്.
കാസര്‍കോട് ചെറുവത്തൂര്‍ ജി.എല്‍.പി സ്‌കൂള്‍ അധ്യാപിക ജി.കെ ഗിരിജ യൂണിവേഴ്‌സല്‍ റെക്കോഡിലേയ്ക്കുള്ള ആദ്യ പുസ്തകമായി ഗാന്ധിജിയുടെ ആത്മകഥ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' കൈമാറി.
പിന്നീട് ശാസ്ത്രവും കുട്ടിക്കഥകളും കവിതകളും ചരിത്രപുസ്തകങ്ങളുമെല്ലാം പുസ്തകക്കൂട്ടിലെത്തി. യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം പ്രതിനിധികളായ സുനില്‍ ജോസഫ്, സത്താര്‍ ആദൂര്‍, ലിജോ ജോര്‍ജ്ജ് എന്നിവര്‍ ലോക നേട്ടത്തിന് സാക്ഷികളാകാന്‍ എത്തിയിരുന്നു.
ജില്ലയിലെ ഏറ്റവും മികച്ച സ്‌കൂള്‍, കോളജ്, വായനശാലകള്‍, സ്‌നേഹതീരത്തെ വായനശാല, തൃശൂര്‍ ലോക്‌സഭാമണ്ഡല പരിധിയിലെ ഏറ്റവുമധികം വായനക്കാരെത്തുന്ന വായനശാലകള്‍ എന്നിവയ്ക്ക് പുസ്തകങ്ങള്‍ കൈമാറും.
എം.പിയായി ചുമതലയേറ്റ ശേഷം നടത്തിയ പ്രഖ്യാപനത്തെത്തുടര്‍ന്ന് 8000 പുസ്തകങ്ങളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ 2000 പുസ്തകങ്ങള്‍ വിയ്യൂര്‍ അതീവസുരക്ഷാ ജയിലിലെ ലൈബ്രറിക്ക് നല്‍കിയിരുന്നു. എം.പിയുടെ പുസ്തക പ്രണയത്തെക്കുറിച്ചറിഞ്ഞ് ഓഫറുകള്‍ ഏറെയുണ്ട്. ഇന്നലെ കെ.പി.എസ്.ടി.എ സമ്മേളവേദിയില്‍ മാത്രം വാഗ്ദാനം ചെയ്യപ്പെട്ടത് 2500 പുസ്തകങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."