ലോകസഭ: മൂന്നാം സീറ്റിനുള്ള അവകാശവാദം ഉന്നയിക്കാനുറച്ചു ലീഗ്
സ്വന്തം ലേഖകന്‍
കോഴിക്കോട്: ലോകസഭയിലെ നിലവിലെ രണ്ട് സീറ്റിനു പുറമേ മൂന്നാമതൊരു സീറ്റിനുള്ള അവകാശവാദം കൂടി ഉന്നയിക്കാനുറച്ചു ലീഗ്. മലപ്പുറം, പൊന്നാനി എന്നിവക്കുപുറമേ വയനാട് സീറ്റിലേക്കു കൂടിയാണ് ലീഗ് ഉറ്റുനോക്കുന്നത്. അല്ലെങ്കില്‍ കോഴിക്കോട്, കാസര്‍കോട് സീറ്റുകളിലേതെങ്കിലുമൊന്നാകും ആവശ്യപ്പെടുക. എന്നാല്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും സമയമാകുമ്പോള്‍ കൃത്യമായി നിലപാട് വ്യക്തമാക്കുമെന്നും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ മൂന്നാം സീറ്റിനു ലീഗിനു യോഗ്യതയുണ്ടെന്നും അതിനു ലീഗ് അവകാശവാദം ഉന്നയിക്കണമെന്നുമുള്ള ആവശ്യം ബുധനാഴ്ച്ച ചേര്‍ന്ന യോഗത്തില്‍ ഉയര്‍ന്നിരുന്നു. വയനാട് സീറ്റിനു വേണ്ടി ലീഗ് ആവശ്യപ്പെടണമെന്നും ചില പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
കോഴിക്കോട് ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു.തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെയും പ്രവര്‍ത്തകരേയും സജ്ജമാക്കുവാനുള്ള കര്‍മപദ്ധതികളും തയാറാക്കി.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ വിഷയങ്ങളിലെല്ലാം ലീഗ് ഇടപെടും. കണ്ണൂരിനെ രക്ഷിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള സര്‍ക്കാരിന്റെ അവഗണന, ശരീഅത്ത് നിയമത്തില്‍ മുസ്‌ലിം സമുദായത്തെ പ്രതികൂലമായി ബാധിക്കുന്ന റൂള്‍സില്‍ മാറ്റം വരുത്തുന്നതിനും മുഖ്യമന്ത്രിയെ കണ്ട് ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തും. സെക്രട്ടേറിയറ്റിനു മുന്‍പില്‍ പിന്നാക്ക സംഘടനകളുടെ മാര്‍ച്ച് സംഘടിപ്പിക്കും. പ്രളയ ദുരിതാശ്വാസത്തിനായി പാര്‍ട്ടി സ്വരൂപിച്ച ദുരിതാശ്വാസ ഫണ്ട് ഉടനെ വിതരണം ചെയ്യും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പി.എ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ യു.ഡി.എഫിനെ ശക്തമാക്കുന്നതോടൊപ്പം കര്‍മമണ്ഡലം കൂടുതല്‍ വിപുലമാക്കുക കൂടിയാണ് മുസ്‌ലിം ലീഗ് ലക്ഷ്യമാക്കുന്നത്.
എം.ഐ ഷാനവാസ് എം.പിയുടെ നിര്യാണത്തോടെ ഒഴിഞ്ഞു കിടക്കുന്ന വയനാട് മണ്ഡലത്തില്‍ നേരത്തെ തന്നെ ലീഗിനു കണ്ണുണ്ടായിരുന്നു. സീറ്റ് ലീഗിന് ലഭിച്ചാല്‍ ആരെ സ്ഥാനാര്‍ഥിയാക്കുമെന്ന കാര്യത്തിലും ചര്‍ച്ച പുരോഗമിക്കുന്നുണ്ട്. ഈ സീറ്റ് കോണ്‍ഗ്രസ് വിട്ടു കൊടുക്കുമോ എന്ന കാര്യം സംശയമാണ്. കോണ്‍ഗ്രസില്‍ നിന്ന് നിരവധിപേര്‍ കണ്ണുവച്ച് പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്.
മുത്വലാഖ് വിഷയത്തിലുയര്‍ന്ന വിവാദത്തെ തരണം ചെയ്തുവെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ഈ വിഷയം രണ്ടു ദിവസം എടുത്തു ചര്‍ച്ചചെയ്തു പരിഹാരം കണ്ടെത്തിയതായും നേതാക്കള്‍ വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് അവരര്‍ഹിക്കാത്ത പ്രാധാന്യം ഉണ്ടാക്കി കൊടുത്തത് സി.പി.എമ്മാണെന്നാണ് മുസ്‌ലിം ലീഗിന്റെ അഭിപ്രായം. കേരളത്തില്‍ മറ്റു വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കുപോലും അവസരമില്ലാതാക്കുകയാണ് ഇതിലൂടെ സി.പി.എം ചെയ്തത്. ഇതെല്ലാം സി.പി.എമ്മിനെ ജനങ്ങളില്‍ നിന്നകറ്റിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളം യു.ഡി.എഫിനൊപ്പം നിലയുറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."