ലെവിയിൽ ഇളവ് ; സ്‌പോൺസർഷിപ്പ് മാറുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന്
ജിദ്ദ: ലെവിയിൽ ഇളവ് നേടാനായി വ്യവസായ സ്ഥാപനങ്ങളിലേക്ക് സ്‌പോൺസർഷിപ്പ് മാറുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സഊദി വ്യവസായ മന്ത്രി ബന്ദർ അൽ ഖുറൈഫ് മുന്നറിയിപ്പ് നൽകി. വ്യവസായ സ്ഥാപനങ്ങളിലെ വിദേശ ജോലിക്കാരുടെ അഞ്ച് വർഷക്കാലത്തേക്കുള്ള ലെവി സർക്കാർ വഹിക്കുമെന്ന നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം ഇത്തരത്തിലുള്ള സ്‌പോൺസർഷിപ്പ് മാറ്റം ശ്രദ്ധയിൽ പെട്ടതിനാലാണ് മന്ത്രിയുടെ മുന്നറിയിപ്പ്.
വ്യവസായ രംഗത്തെ നിക്ഷേപകരിൽ നിന്നുണ്ടായ അന്വഷണങ്ങൾക്ക് ട്വിറ്റർ ഹാൻഡിലിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. 2019 സെപ്റ്റംബർ 24ന് ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് വ്യവസായ സ്ഥാപനങ്ങളിലെ വിദേശ ജോലിക്കാരുടെ ലെവി അഞ്ച് വർഷത്തേക്ക് സർക്കാർ വഹിക്കുമെന്ന ഇളവ് പ്രഖ്യാപിച്ചത്. ഒക്ടോബർ ഒന്ന് മുതൽ ഈ നിയമം പ്രാബല്യത്തിലാവുകയും ചെയ്തു.
സഊദി വിഷൻ 2030ന്റെ ഭാഗമായി വ്യവസായ മേഖലയിലെ നിക്ഷേപകരുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുക, നിക്ഷേപം വർധിപ്പിക്കുക എന്നിവയാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമാക്കുന്നത്. എന്നാൽ ഈ ആനുകൂല്യത്തെ ചിലർ ദുരുപയോഗപ്പെടുത്തുകയാണെന്നാണ് ഇത്തരത്തിലുള്ള സ്‌പോൺസർഷിപ്പ് മാറ്റ പ്രവണതയിൽ നിന്ന് മനസിലാകുന്നത്. ഇത് അനുവദിക്കാനാവില്ല. അതുകൊണ്ട് തന്നെ സ്‌പോൺസർഷിപ്പ് മാറ്റം കർശന നിരീക്ഷണത്തിന് വിധേയമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."