പൂനെ പിച്ചിന് ഐ.സി.സിയുടെ മോശം സര്‍ട്ടിഫിക്കറ്റ്
പൂനെ: ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടന്ന പൂനെ പിച്ചിന് ഐ.സി.സിയുടെ മോശം സര്‍ട്ടിഫിക്കറ്റ്. മാച്ച് റഫറി ക്രിസ് ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം പൂനെയിലെ പിച്ച് നിലവാരം കുറഞ്ഞതാണെന്നാണുള്ളത്. മത്സരത്തില്‍ 333 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ ഇന്നിങ്‌സില്‍ 105 റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ 107 റണ്‍സിനുമാണ് ഇന്ത്യ പുറത്തായത്.
കളിയും പിച്ചും വിലയിരുത്തിയ ഐ.സി.സി പിച്ചിന്റെ നിലവാരമില്ലായ്മയെ വിലയിരുത്തിയിട്ടുണ്ട്. പൂനെയിലെ പിച്ചില്‍ അളവിലധികം പേസ് ബൗളര്‍മാര്‍ക്ക് ആനുകൂല്യം ലഭിച്ചത്. ചില ഘട്ടങ്ങളില്‍ ബൗണ്‍സുണ്ടാകുകയും ചിലപ്പോള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നു. അതോടൊപ്പം സ്പിന്‍ ബൗളിങിന് അമിതമായി ആനുകൂല്യം ലഭിക്കുകയും പന്തും ബാറ്റ്‌സ്മാനും തമ്മിലുള്ള ബന്ധം കുറയുകയും ചെയ്യുന്നു. സ്ഥിരതയില്ലാത്ത പിച്ചിന്റെ ലക്ഷണങ്ങളാണ് ഇവയെന്നാണ് ബ്രോഡിന്റെ റിപ്പോര്‍ട്ടിലുള്ളത്.
ഐ.സി.സി നിയമാവലിയിലെ മൂന്നാം അധ്യായത്തെ പരാമര്‍ശിച്ച് പിച്ചിനെ കുറിച്ച് ബ്രോഡ് ആശങ്ക അറിയിച്ചിട്ടുണ്ട്. മാച്ച് റഫറിയുടെ റിപ്പോര്‍ട്ട് ഐ.സി.സി, ബി.സി.സി.ഐയ്ക്ക് കൈമാറിയിട്ടുണ്ട്. 14 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഐ.സി.സി ജനറല്‍ മാനേജര്‍ ഓഫ് ക്രിക്കറ്റ് ജെഫ് അല്ലാര്‍ഡൈസ്, ഐ.സി.സി ചീഫ് റഫറി രഞ്ചന്‍ മദുഗലെ എന്നിവര്‍ ബി.സി.സി.ഐയുടെ വിശദീകരണം പരിശോധിക്കും. ഇതോടൊപ്പം മത്സരത്തിലെ ദൃശ്യങ്ങളും പരിശോധിക്കും. എന്നിട്ടാവും ഐ.സി.സിയുടെ വിലയിരുത്തലുകള്‍ ഉണ്ടാവുക.
15,000 യു.എസ് ഡോളറാണ് മോശം പിച്ച് ഒരുക്കിയാലുള്ള പിഴ. നേരത്തെ തന്നെ ഇന്ത്യന്‍ പിച്ചുകള്‍ക്കെതിരേ ആരോപണമുണ്ട്. ഡിസംബറില്‍ നാഗ്പൂര്‍ പിച്ചിനെ കുറിച്ച് അന്നത്തെ മാച്ച് റഫറി ജെഫ് ക്രോ മോശം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ മാസം ചേര്‍ന്ന് ഐ.സി.സി ബോര്‍ഡ് യോഗത്തില്‍ നിലവാരം കുറഞ്ഞ പിച്ചുകള്‍ക്ക് വിലക്കേര്‍പ്പെടുത്താനും കര്‍ശന നടപടിയെടുക്കാനും അനുമതി നല്‍കിയിരുന്നു.
രണ്ടാം ടെസ്റ്റിനൊരുങ്ങുന്നത് സ്‌പോര്‍ട്ടിങ് വിക്കറ്റ്
ബംഗളൂരു: പൂനെയിലെ പിച്ചിന്റെ പേരിലുള്ള വിവാദം കൊഴുക്കുന്നതിനിനിടെ എല്ലാ കണ്ണുകളും രണ്ടാം ടെസ്റ്റ് നടക്കുന്ന ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക്.
എന്നാല്‍ ബൗളിങിനെ അതിരറ്റ് തുണയ്ക്കുന്ന പിച്ചല്ല ചിന്നസ്വാമിയില്‍ ഒരുങ്ങുന്നത്. സ്‌പോര്‍ട്ടിങ് വിക്കറ്റാണ് ഒരുങ്ങുന്നതെന്ന് ക്യൂറേറ്റര്‍മാര്‍ സൂചിപ്പിച്ചു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആര്‍ സുധാകര്‍ റാവു ഇക്കാര്യം സ്ഥിരീകരിച്ചു. അഞ്ചു ദിവസവും കളിക്കാന്‍ പറ്റുന്ന സ്‌പോര്‍ട്ടിങ് വിക്കറ്റുകളൊരുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബി.സി.സി.ഐയില്‍ നിന്ന് ഇതുവരെ പ്രത്യേകം നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇന്ത്യന്‍ ടീം ഇതുവരെ ഇവിടെ എത്തിയിട്ടില്ലെന്നും സ്‌പോര്‍ട്ടിങ് വിക്കറ്റ് തന്നെ ഒരുക്കുകയാണ് ലക്ഷ്യമെന്നും സുധാകര്‍ റാവു പറഞ്ഞു.
ചിന്നസ്വാമിയില്‍ അവസാനം കളിച്ച ടെസ്റ്റ് മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഗ്രൗണ്ടിലെ മുന്നൊരുക്കങ്ങള്‍ നിരീക്ഷിക്കുന്നത് ബി.സി.സി.ഐയുടെ സൗത്ത് സോണ്‍ അധ്യക്ഷന്‍ പി.ആര്‍ വിശ്വനാഥനാണ്. എന്നാല്‍ അദേഹം നേരിട്ടെത്താത്തതിനാല്‍ ക്യൂറേറ്റര്‍ കെ.ശ്രീറാമിന്റെ മേല്‍നോട്ടത്തിലാണ് പിച്ചൊരുക്കങ്ങള്‍ പുരോഗമിക്കുന്നത്.
അതേസമയം ആദ്യ രണ്ടു ദിവസം ബാറ്റിങിനെ പിന്തുണയ്ക്കുന്ന പിച്ച് പിന്നീട് സ്പിന്നിനനുകൂലമായി മാറുമെന്നാണ് സൂചന.
കോഹ്‌ലി തിരിച്ചുവരും കരുത്തോടെ: സ്റ്റാര്‍ക്
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ ആദ്യ മത്സരം ജയിച്ചെങ്കിലും ആസ്‌ത്രേലിയന്‍ ടീമിന് അമിതാഹ്ലാദം വേണ്ടെന്ന് പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് വേണ്ടത്ര തിളങ്ങാന്‍ സാധിച്ചില്ല. അതുകൊണ്ട് ജയം എളുപ്പമായി. എന്നാല്‍ ടീമിന് നന്നായറിയാം കോഹ്‌ലി തിരിച്ചുവരുമെന്ന് അതും പൂര്‍വാധികം കരുത്തോടെ. ടീം ഇതിന് തയ്യാറായി കഴിഞ്ഞെന്നും ടൂര്‍ണമെന്റിലുടനീളം കോഹ്‌ലിയെ പുറത്താക്കുന്നതിലായിരിക്കും തന്റെ ശ്രദ്ധയെന്നും സ്റ്റാര്‍ക് പറഞ്ഞു. കോഹ്‌ലി ലോകോത്തര താരമാണ്. ടീമിനൊടങ്കം അതറിയാം. ഈ വര്‍ഷം അദ്ദേഹം നേടിയ റണ്‍സുകള്‍ കോഹ്‌ലിയുടെ പ്രതിഭ സൂചിപ്പിക്കുന്നതാണ്. അതുകൊണ്ടു തന്നെ അദ്ദേഹം തിരിച്ചുവരുമെന്നറിയാം.
ആദ്യ ടെസ്റ്റില്‍ ജയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഒരു പരമ്പര സ്വന്തമാക്കാന്‍ അതുപോര. ബംഗളൂരുവില്‍ രണ്ടാം ടെസ്റ്റില്‍ ജയിച്ച് ഇന്ത്യയെ സമ്മര്‍ദത്തിലാക്കുകയാണ് അടുത്ത ലക്ഷ്യമെന്നും സ്റ്റാര്‍ക് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."