തീരദേശ സാക്ഷരതയ്ക്ക് ഇനി 'അക്ഷര സാഗരം'
വെളിയങ്കോട്: ഫിഷറീസ് വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സാക്ഷരതാമിഷന്‍ മലപ്പുറം, കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലെ തെരഞ്ഞെടുത്ത തീരദേശങ്ങളില്‍ നടപ്പാക്കുന്ന അക്ഷരസാഗരം പദ്ധതിക്കു ജില്ലയില്‍ തുടക്കമായി. തീരദേശത്തെ സാക്ഷരതാ നിലവാരം ഉയര്‍ത്തുക, നാല്, ഏഴ്, പത്ത് തുല്യതാ പരിപാടികള്‍ ശക്തിപ്പെടുത്തുക, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, തുടര്‍വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്നിവ പദ്ധതിയുടെ ഉദ്ദേശങ്ങളാണ്.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലെ വെളിയങ്കോട് തണ്ണിത്തുറ കടലോരത്താണ് സാക്ഷരതാ ക്ലാസുകള്‍ക്കു തുടക്കമായത്. സാക്ഷരതാ ക്ലാസുകള്‍ക്ക് എട്ട് അധ്യാപകരും തുല്യതാ സംവിധാനത്തിന് ആറ് അധ്യാപകരുമാണ് ഒരു ഗ്രാമപഞ്ചായത്തില്‍ ഉണ്ടാകുക.
ജില്ലയില്‍ ഏഴ് തീരദേശ ഗ്രാമപഞ്ചായത്തുകളില്‍ പെരുമ്പടപ്പ്, വള്ളിക്കുന്ന്, വെളിയങ്കോട് എന്നിവടങ്ങളില്‍ സാക്ഷരതാ ക്ലാസുകളും വെട്ടം, നിറമരുതൂര്‍, പുറത്തൂര്‍, മംഗലം എന്നിവടങ്ങളില്‍ നാലാംതരം തുല്യതാ ക്ലാസുകളുമാണ് നടക്കുന്നത്.
വെളിയങ്കോട് തണ്ണിത്തുറ കടലോരത്തു നടന്ന ക്ലാസുകള്‍ക്ക് അക്ഷരസാഗരം പെരുമ്പടപ്പ് ബ്ലോക്ക് കോഡിനേറ്റര്‍ ജയശ്രീ വെളിയങ്കോട്, പ്രേരക് സിന്ധു, പഞ്ചായത്ത് കോഡിനേറ്റര്‍മാരായ ലത, സ്മിത, പഞ്ചായത്തംഗങ്ങളായി ബബിത നൗഫല്‍, റഹ്മത്ത് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."