മിഠായിത്തെരുവ് തീപിടിത്തം: സംയുക്ത പരിശോധനയോട് സഹകരിക്കണമെന്ന് മേയര്‍
കോഴിക്കോട്: മിഠായിത്തെരുവിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിലെ തീരുമാനപ്രകാരമുള്ള സംയുക്ത പരിശോധന വ്യാപാരികളെ ബുദ്ധിമുട്ടിക്കാനല്ലെന്നും ഇനിയൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാനാണെന്നും ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണമുണ്ടാവണമെന്നും കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. ടാഗോര്‍ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അഭ്യര്‍ഥിച്ചത്.
മിഠായിത്തെരുവിലെ മാത്രമല്ല നഗരത്തിലെ എല്ലാ സ്ഥാപനങ്ങളെയും ഉദ്ദേശിച്ചുള്ള തീരുമാനങ്ങളും നടപടികളുമാണ് എടുക്കാനുദ്ദേശിക്കുന്നത്. നിയമപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്യാന്‍ മാര്‍ച്ച് 25 വരേ കച്ചവടക്കാര്‍ക്ക് സമയം നല്‍കിയിട്ടുണ്ട്. ഇതിനുള്ളില്‍ കാര്യങ്ങള്‍ നടത്താനുള്ള ജാഗ്രത ഉണ്ടാവണം. തുടര്‍ന്ന് ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം, ഇലക്ട്രിസിറ്റി, പൊലിസ്, കോര്‍പ്പറേഷന്‍, തുടങ്ങി വിവിധ അധികൃതരുടെ സംയുക്ത സംഘമാണ് പരിശോധന നടത്തുക.
ഡപ്യൂട്ടി കലക്റ്ററും ദുരന്തനിവാരണ സമിതി ചുമതലയുമുള്ള അബ്ദുന്നാസര്‍, റിജിയനല്‍ ഫയര്‍ ഓഫിസര്‍ അരുണ്‍ ഭാസ്‌കര്‍, സിറ്റി പൊലിസ് അസി.കമ്മിഷനര്‍ അബ്ദുല്‍ റസാഖ്, കോര്‍പ്പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, കോര്‍പ്പറേഷന്‍ ആരോഗ്യ ഉദ്യോഗസ്ഥന്‍ കൃഷ്ണകുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജ് പങ്കെടുത്തു.
വ്യാപാരി സംഘടനാ പ്രതിനിധികളും കച്ചവടക്കാരും യോഗത്തില്‍ പങ്കെടുത്തു. തീപിടിത്തമുണ്ടായാല്‍ എടുക്കേണ്ട സത്വര നടപടികളെക്കുറിച്ചുള്ള പരിശീലനവും പ്രദര്‍ശനവും നടന്നു. മിഠായിത്തെരുവ്, പാളയം, വലിയങ്ങാടി തുടങ്ങിയ സ്ഥലങ്ങളില്‍ തീപിടിത്തം പോലുള്ള ദുരന്തങ്ങളുണ്ടായാല്‍ അത് നേരിടാനായി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിശീലനം നല്‍കുമെന്ന് ഫയര്‍ ഓഫിസര്‍ അരുണ്‍ ഭാസ്‌കര്‍ അറിയിച്ചു.
സുരക്ഷാ ക്രമീകരണങ്ങളോട് സഹകരിക്കാന്‍ തയാറാണെന്ന് വ്യാപാരി പ്രതിനിധി അറിയിച്ചു.
എന്നാല്‍ കട ഉടമകള്‍ ഇക്കാര്യത്തില്‍ പിന്തുണ നല്‍കണമെന്നും കച്ചവടക്കാരെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു. മിഠായിത്തെരുവില്‍നിന്നു നൂറു പേരെ പരിശീലനത്തിനായി അയക്കുമെന്നും പ്രതിനിധി പറഞ്ഞു. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥനും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."