കൈക്കൂലി; മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
തൊടുപുഴ: തമിഴ്‌നാട്ടില്‍ നിന്നു മദ്യം കൊണ്ടുവന്ന സംഭവത്തില്‍ കേസൊതുക്കാനെന്ന പേരില്‍ വിനോദസഞ്ചാരികളില്‍ നിന്നു കൈക്കൂലി വാങ്ങിയ സംഭവത്തില്‍ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കുമളി അതിര്‍ത്തി ചെക്‌പോസ്റ്റിലെ എക്‌സൈസ് പ്രിവന്റിവ് ഓഫിസര്‍ ലിജോ ഉമ്മന്‍, സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥരായ ബിജു ജേക്കബ്, പി.എസ് സുമോദ് എന്നിവരെയാണ് ഇടുക്കി എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ.എ നെല്‍സണ്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. തമിഴ്‌നാട്ടില്‍ നിന്നു കുമളി മുരിക്കടിയിലുള്ള സ്വകാര്യ റിസോര്‍ട്ടിലെത്തിയ വിനോദസഞ്ചാരികളുടെ വാഹനത്തില്‍ നിന്ന് അതിര്‍ത്തി ചെക്‌പോസ്റ്റിലെ പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ മുന്തിയ ഇനം രണ്ട് ലിറ്റര്‍ മദ്യം കണ്ടെടുത്തിരുന്നു. ഇതോടെ വാഹനത്തില്‍ ഉണ്ടായിരുന്നവരെ ഓഫിസിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നു മദ്യം കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്നും കള്ളക്കടത്തായി മദ്യം കൊണ്ടുവന്നതിന്റെ പേരില്‍ കേസെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ വിനോദ സഞ്ചാരികളെ അറിയിച്ചു. സ്വന്തം ഉപയോഗത്തിനാണു മദ്യം കൊണ്ടുവന്നതെന്നും ഇതിന്റെ പേരില്‍ ഉപദ്രവിക്കരുതെന്നും വിനോദസഞ്ചാരികള്‍ ആവശ്യപ്പെട്ടെങ്കിലും കേസെടുക്കുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നുവത്രെ.
10000 രൂപ നല്‍കുകയാണെങ്കില്‍ കേസെടുക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ വിനോദസഞ്ചാരികള്‍ പണം നല്‍കി തടിയൂരി. പണത്തോടൊപ്പം ഇവര്‍ കൊണ്ടുവന്ന മദ്യവും വാങ്ങിവച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ ഇവരെ വിട്ടയച്ചത്. മുരിക്കടിയിലെ റിസോര്‍ട്ടില്‍ എത്തിയ ശേഷം ഇവര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്കു പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നു മദ്യവും പണവും ഇവര്‍ക്ക് തിരിച്ചു നല്‍കാന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥര്‍ റിസോര്‍ട്ടിലെത്തി തമിഴ്‌നാട് സ്വദേശികള്‍ക്ക് പണം തിരികെ നല്‍കിയെങ്കിലും മദ്യം നല്‍കിയില്ല. തുടര്‍ന്ന് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പീരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ഡെപ്യൂട്ടി കമ്മിഷണര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മൂവരേയും സസ്‌പെന്‍ഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."