വോട്ടെടുപ്പ് കഴിഞ്ഞ് 22 മണിക്കൂര്‍ പിന്നിട്ടിട്ടും പോളിങ് ശതമാനം പുറത്തുവിട്ടില്ല; ഞെട്ടിപ്പിക്കുന്നതെന്ന് കെജ്രിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലേക്ക് വോട്ടെടുപ്പ് നടന്ന് 22 മണിക്കൂര്‍ പിന്നിട്ടെങ്കിലും പോളിങ് ശതമാനം പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍. സംഭവം ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു.
'ഞെട്ടിക്കുന്ന സംഭവം. തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്താണ് ചെയ്യുന്നത്? അവരെന്തു കൊണ്ടാണ് പോളിങ് ശതമാനം പുറത്തുവിടാത്തത്, ഇത്രയും മണിക്കൂറുകള്‍ പിന്നിട്ടിട്ടും?'- കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.
Absolutely shocking. What is EC doing? Why are they not releasing poll turnout figures, several hours after polling? https://t.co/ko1m5YqlSx
— Arvind Kejriwal (@ArvindKejriwal) February 9, 2020
ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് തന്നെ ഡല്‍ഹി വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. 1.47 കോടി ഡല്‍ഹി ജനങ്ങളില്‍ എത്ര പേര്‍ വോട്ടു രേഖപ്പെടുത്തിയെന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സാധാരണ വോട്ടെടുപ്പ് കഴിഞ്ഞയുടനെ തന്നെയാണ് ഇത് പുറത്തുവിടാറുള്ളത്.
കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളേക്കാളും വോട്ടിങ് ശതമാനം കുറഞ്ഞതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 57.06 ശതമാനമായിരുന്നു പോളിങ് എന്നാല്‍ ഇന്നലെ പുറത്തുവന്ന കണക്കുകള്‍. 2015 ല്‍ 67.5 ശതമാനം പേര്‍ വോട്ടുചെയ്തിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പിലെയും ഓരോ രണ്ടു മണിക്കൂറിലും ഡല്‍ഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസില്‍ നിന്ന് ലഭ്യമാവുന്ന കണക്കും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഇന്നലെ ആരോപണമുണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ വക്താവ് ശേപാലി ശരണ്‍ രാത്രി വൈകി ഇട്ട സ്‌ക്രീന്‍ഷോട്ട് പ്രകാരം 61.43 ശതമാനമാണ് പോളിങ് ശതമാനം. എന്നാല്‍ ഇതുവരെയും സാധാരണ പുറത്തുവിടുന്നപോലെ വിവരം വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."