കാട്ടാനശല്യം രൂക്ഷമാകുന്നതായി പരാതി
കോടാലി: മുപ്ലി താളൂപ്പാടം റോഡില്‍ കാട്ടാനശല്യം രൂക്ഷമാകുന്നതായി പരാതി. മൂന്ന് കിലോമീറ്ററോളമുള്ള ഈ റോഡ് വെള്ളിക്കുളങ്ങര ഫോറസ്റ്റ് റെയ്ഞ്ചിലെ സംരക്ഷിത വനത്തിലൂടെയാണ് കടന്നു പോകുന്നത്. പുലര്‍ച്ചെ മൂന്നു മണി മുതല്‍ ഈ റോഡിലൂടെ സഞ്ചാരം ആരംഭിക്കും.
ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ മുപ്ലി, കുണ്ടായി, കാരികുളം എസ്റ്റേറ്റിലെ നൂറു കണക്കായ തൊഴിലാളികള്‍ ഈ റോഡിലൂടെയാണ് പുലര്‍ച്ചെ ജോലിക്ക് പോവുന്നത്. കാട്ടാനയുടെ അക്രമണ ഭീതിയിലാണ് ആളുകള്‍ ഈ റോഡിലൂടെ സഞ്ചരിക്കുന്നത്.
പുലര്‍ച്ചെ ജോലിക്ക് പോയ തൊഴിലാളികള്‍ റോഡില്‍ കാട്ടാനകള്‍ നില്‍ക്കുന്നത് കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടിയ സന്ദര്‍ഭങ്ങള്‍ നിരവധിയാണ്.
പകല്‍ സമയത്തും ഈ റോഡില്‍ കാട്ടാനകളെ കാണാറുണ്ട്. റോഡിനിരുവശവും സോളാര്‍ വൈദ്യുതി വേലി കെട്ടി യാത്രക്കാരുടെ സംരക്ഷണം ഉറപ്പാക്കണമെന്ന ആവശ്യമാണ് ഈ വിഷയത്തില്‍ നാട്ടുകാര്‍ ഉയര്‍ത്തുന്നത്.
അതോടൊപ്പം തെരുവ് വിളക്കുകള്‍ ഇല്ലാത്ത റോഡില്‍ അടിയന്തരമായി അവ സ്ഥാപിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
വനത്തോട് ചേര്‍ന്നുള്ള സ്വകാര്യ റബര്‍ തോട്ടങ്ങളില്‍ ആനകള്‍ വരാതിരിക്കാനായി ചില റബര്‍ മരങ്ങളില്‍ വൈദ്യുതി ബള്‍ബുകള്‍ കത്തിക്കുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."