ട്രോളിങ് നിരോധനം ഫലപ്രദമാവില്ലെന്ന ആശങ്കയില്‍ മത്സ്യത്തൊഴിലാളികള്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍
തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ ഏര്‍പ്പെടുത്തുന്ന ട്രോളിങ് നിരോധനം ഫലപ്രദമാവില്ലെന്ന ആശങ്കയില്‍ മത്സ്യത്തൊഴിലാളികള്‍. മത്സ്യസമ്പത്തിന്റെ സംരക്ഷണമെന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തുന്ന നിരോധനം കൂടുതല്‍ നാശത്തിനു വഴിയൊരുക്കുമെന്നാണു മത്സ്യത്തൊഴിലാളി സംഘടനാനേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
ഈ കാലയളവില്‍ മത്സ്യബന്ധനബോട്ടുകള്‍ കടലിലിറങ്ങാത്തതിനാല്‍ മത്സ്യബന്ധന തൊഴിലാളികളുടെ സാന്നിധ്യം കടലില്‍ ഇല്ലാതാകും. ഈ സാഹചര്യം മുതലെടുത്ത് വിദേശ മത്സ്യബന്ധന കപ്പലുകള്‍ പരിധി ലംഘിച്ച് കടന്നുകയറുക പതിവാണ്. ഇത്തവണ ഈ കടന്നുകയറ്റം വന്‍തോതില്‍ ഉണ്ടാകുമെന്നാണ് ആശങ്ക. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ കടലിന്റെ പല ഭാഗങ്ങളിലായി സജീവമാകുന്ന ഘട്ടങ്ങളില്‍ വിദേശ കപ്പലുകള്‍ കടന്നുകയറാന്‍ മടിക്കാറുണ്ട്.
കടന്നുകയറ്റം ഉണ്ടാകുന്ന ഘട്ടങ്ങളില്‍ പലപ്പോഴും അധികൃതരെ വിവരമറിയിക്കുന്നത് മത്സ്യബന്ധനത്തിനു പോകുന്നവരാണ്. ഇനി ഇവരെ ഭയക്കാതെ വിദേശ കപ്പലുകള്‍ക്ക് എളുപ്പം കടന്നുകയറാനുള്ള സാഹചര്യമാണുള്ളത്. ഇതു തടയേണ്ട ചുമതല നാവികസേനയ്ക്കും കോസ്റ്റ്ഗാര്‍ഡിനുമൊക്കെയാണ്. എന്നാല്‍ ഇവരില്‍ നിന്നു ഫലപ്രദമായ നടപടികള്‍ ഉണ്ടാവാറില്ലെന്നാണു സംഘടനാനേതാക്കള്‍ പറയുന്നത്.
വിദേശ കപ്പലുകള്‍ക്കു പുറമെ തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ടുകളുടെ കടന്നുകയറ്റവും ഈ കാലയളവില്‍ പതിവാണ്. തമിഴ്‌നാട്ടില്‍ ഏപ്രില്‍, മെയ് മാസങ്ങളിലായാണ് ട്രോളിങ് നിരോധനം. അതുകൊണ്ടുതന്നെ കേരളത്തില്‍ ട്രോളിങ് നിരോധനമുള്ള കാലയളവില്‍ തമിഴ്‌നാട്ടിലെ ബോട്ടുകള്‍ കടലിലിറങ്ങാറുണ്ട്. അവര്‍ ഇവിടെ ആളൊഴിയുന്ന സമയംനോക്കി മത്സ്യബന്ധനത്തിനെത്തുക പതിവാണ്. ഫലത്തില്‍ കേരളത്തിലെ മത്സ്യബന്ധന ബോട്ടുകള്‍ വിശ്രമിക്കുകയും കടലില്‍ വന്‍തോതില്‍ മത്സ്യസമ്പത്ത് കൊള്ളയടിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണുണ്ടാകുകയെന്ന ആശങ്കയിലാണ് കടലിന്റെ മക്കള്‍.
എല്ലാ വര്‍ഷവും ഇക്കാര്യങ്ങള്‍ സംഘടനാ നേതാക്കള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താറുണ്ടെങ്കിലും വേണ്ടത്ര നടപടിയുണ്ടാവാറില്ലെന്ന പരാതി വ്യാപകമാണ്. ട്രോളിങ് നിരോധനത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഫിഷറീസ് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇവര്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ കര്‍ശനടപടികള്‍ ഉണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരദേശ പൊലിസും കടലില്‍ പട്രോളിങ് നടത്തും. തീരവാസികളെ ബോധവല്‍ക്കരിക്കാന്‍ ഉച്ചഭാഷിണി വഴി അറിയിപ്പു നല്‍കും. കേരളത്തില്‍ നിന്നുള്ള ബോട്ടുകള്‍ നിരോധനം ലംഘിക്കുന്നതു തടയാന്‍ തീരദേശത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. അതേസമയം, യന്ത്രവല്‍കൃത വള്ളങ്ങള്‍ക്കു മാത്രം ഡീസല്‍ ലഭ്യമാക്കാന്‍ മത്സ്യഫെഡിന്റെ പമ്പുകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.
അതിനിടെ, ട്രോളിങ് നിരോധന കാലയളിവില്‍ ജോലിയില്ലാതാകുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് റേഷന്‍ കടകള്‍ വഴി സൗജന്യമായി അരിയും ഗോതമ്പും നല്‍കാന്‍ നടപടി ആരംഭിച്ചുകഴിഞ്ഞു. ഫിഷറീസ് വകുപ്പിന്റെ പഞ്ഞമാസ ആനുകൂല്യ വിതരണത്തിനും തുടക്കമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."