സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ കരുതലോടെ വേണം: മുഖ്യമന്ത്രി
ആലപ്പുഴ: സെന്‍സസ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന അധ്യാപകര്‍ പൗരത്വ നിയമ ഭേഗതിയിലുള്ള സംസ്ഥാനത്തിന്റെ നിലപാട് കൃത്യമായി മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനാവിരുദ്ധമായ നിയമമെന്ന നിലയില്‍ പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നത് സംസ്ഥാനത്തിന്റെ പൊതുവികാരമാണ്.നിയമസഭ ഐകകണ്‌ഠ്യേനയാണ് ഇതു സംബന്ധിച്ച പ്രമേയം അംഗീകരിച്ചത്. ഇതു മനസിലാക്കി വേണം അധ്യാപകര്‍ സെന്‍സസ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍. നമ്മുടെ രാജ്യം ഒരുകാലത്തും പൗരത്വം മതാടിസ്ഥാനത്തിലാക്കിയിട്ടില്ല. മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയുടെ ഭരണഘടനയെ തകര്‍ക്കുന്ന നിലപാട് നേരത്തെ മുതല്‍ സ്വീകരിച്ചുപോരുന്ന ആര്‍.എസ്.എസ് നയം നടപ്പാക്കുന്ന സര്‍ക്കാര്‍ അത് പൂര്‍ണമായി ഉപയോഗിക്കുകയാണ്. അതിന്റെ ഭാഗമായാണ് പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നത്. അതു കൊണ്ടുവന്നപ്പോള്‍ തന്നെ കേരളം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചതാണ്. ഇതു പൂര്‍ണമായും ഉള്‍ക്കൊണ്ടുവേണം എന്യൂമറേറ്റര്‍മാര്‍ പ്രവര്‍ത്തിക്കാന്‍.
രാജ്യത്തെ പാര്‍ലമെന്റ് പാസാക്കിയ നിയമം അംഗീകരിക്കില്ലെന്ന് പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്ന് പറയുന്നവരുണ്ടാകാം. എന്നാല്‍ നിയമങ്ങള്‍ ഭരണഘടനാനുസൃതമായിരിക്കണം.സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുന്നത് ഭരണഘടനയെയാണ്. അല്ലാതെ ആര്‍.എസ്.എസിന്റെ നയങ്ങളെയല്ല.
അതുകൊണ്ടാണ് ഭരണഘടനാ വിരുദ്ധമായ നിയമ ഭേദഗതി നാം അംഗീകരിക്കില്ലെന്നു പറയുന്നത്. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തന്നെ പാര്‍ലമെന്റില്‍ പറഞ്ഞതാണ്. സി.എ.എ പാസായാല്‍ എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവ നടപ്പാക്കുമെന്ന്. ദേശീയ പൗരത്വ രജിസ്റ്ററിന്റെ നോട്ടിഫിക്കേഷന്‍ എന്‍.പി.ആറില്‍ നിന്നാണ്. എന്‍.ആര്‍.സി തയാറാക്കുന്ന രീതി എന്യൂമറേഷന്‍ നടത്തിയാണ്. ഇതു സെന്‍സസിന്റെ ഭാഗമല്ല. ഇതു നടത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ കൃത്യമായ നിലപാടെടുത്തിട്ടുണ്ട്. കേരളത്തില്‍ പൗരത്വ രജിസ്റ്ററും എന്‍.പി.ആറും നടപ്പാക്കില്ല.
സെന്‍സസില്‍ എടുക്കുന്ന വിവരങ്ങള്‍ വീടുമായി ബന്ധപ്പെട്ടതു മാത്രമാണ്. അതുകൊണ്ട് വേറെ പ്രശ്‌നങ്ങളൊന്നുമില്ല. എല്ലാകാലത്തും നടത്തുന്ന സെന്‍സസുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനമാണ് നടത്തേണ്ടത്. വയസ്, ലിംഗം തുടങ്ങിയ വിവരങ്ങളില്‍ മാത്രം ഒതുങ്ങിനിന്നുള്ള സെന്‍സസ് മാത്രമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."