ഹിന്ദുക്കളെ അപമാനിക്കുന്ന പോസ്റ്റര്‍ പതിച്ച പാര്‍ട്ടി നേതാവിനെ പുറത്താക്കി ഇമ്രാന് ഖാന്
ലാഹോര്‍: പാകിസ്താനിലെ ഹിന്ദു മതക്കാരെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റര്‍ പതിച്ചതിന്റെ പേരില്‍ പാര്‍ട്ടി നേതാവിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഇമ്രാന് ഖാന് നയിക്കുന്ന തെഹ്രീകെ ഇന്സാന് പാര്‍ട്ടി ലാഹോര്‍ ജനറല്‍ സെക്രട്ടറി മിയാന്‍ അക്രം ഉസ്മാന് നേരെയാണ് നടപടി. പാര്‍ട്ടി നയങ്ങള്‍ക്കെതിരാണ് പോസ്റ്ററിലെ പരാമര്‍ശം എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടിയെടുത്തത്.
അദ്ദേഹത്തിന് ഷോകോസ് നോട്ടിസും നല്‍കിയിട്ടുണ്ട്. സംഭവം പ്രത്യേക കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും പാര്‍ട്ടി ഭാരവാഹികള്‍ അറിയിച്ചു.
ഫെബ്രുവരി അഞ്ചിലെ കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനത്തോടനുബന്ധിച്ച് പതിച്ച പോസ്റ്ററുകളിലായിരുന്നു പരാമര്‍ശം. ഹിന്ദുക്കളോട് വാക്കുകള്‍ കൊണ്ടല്ല സംസാരിക്കേണ്ടത്, സൈന്യത്തെ ഉപയോഗിച്ചാണ് എന്നായിരുന്നു പോസ്റ്ററില്‍ എഴുതിയിരുന്നത്.
ഇതേ തുടര്‍ന്ന് വന്‍ വിമര്‍ശനമാണ് പാകിസ്താനില്‍ ഉസ്മാനെതിരെയും പാര്‍ട്ടിക്കെതിരെയും വന്നത്. സംഭവം വിവാദമായതോടെ ഇദ്ദേഹം മാപ്പു പറയുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സമാനമായ രീതിയില്‍ ഹിന്ദു മതക്കാരെ അപകീര്‍ത്തി പ്പെടുത്തിയ പഞ്ചാബ് സാംസ്കാരിക മന്ത്രി ഫയസുല്‍ ഹസ്സന് ചോഹാനെ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."