ആശങ്കയോടെ ബി.ജെ.പി
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാക്കളും മന്ത്രിമാരുമടക്കം അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നത് ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിനെയും അസ്വസ്ഥരാക്കുന്നു. മുന്‍ പ്രതിരോധ മന്ത്രിയും ഇപ്പോഴത്തെ ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍ നേരത്തെ മുതല്‍ ചികിത്സയിലായിരുന്നെങ്കില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി. അസുഖബാധിതനായി കുറച്ച്കാലം പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന അദ്ദേഹം അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോയിരിക്കുകയാണിപ്പോള്‍. നിയമ മന്ത്രി രവിശങ്കര്‍ പ്രസാദും അസുഖ ബാധിതനാണ്. ഇതിനൊക്കെ പുറമെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പന്നിപ്പനിയും ബാധിച്ചു.
കാന്‍സര്‍ ബാധയെ തുടര്‍ന്നാണ് മനോഹര്‍ പരീക്കറെ അമേരിക്കയിലും പിന്നീട് ഡല്‍ഹി, മുംബൈ ആശുപത്രികളിലും ചികിത്സക്കു വിധേയനാക്കിയത്. ഇപ്പോള്‍ ഗോവയില്‍ തിരിച്ചെത്തിയ അദ്ദേഹം ചികിത്സയില്‍തന്നെയാണ്. അമേരിക്കയിലേക്ക് പോയ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചികിത്സ കഴിഞ്ഞ് എന്ന് മടങ്ങിയെത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. സര്‍ക്കാരോ ബി.ജെ.പിയോ അദ്ദേഹത്തിന് എന്താണ് അസുഖമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
പേശികളിലെ കലകളില്‍ അത്യപൂര്‍വമായി കണ്ടുവരുന്ന അര്‍ബുദമാണ് അദ്ദേഹത്തിനെന്നാണ് വിവരം. കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ജെയ്റ്റ്‌ലി ഏതാണ്ട് നാല് മാസത്തോളം അവധിയിലായിരുന്നു. ചികിത്സക്കു ശേഷം വീണ്ടും പൊതുരംഗത്ത് എത്തിയ അദ്ദേഹം, വാര്‍ത്താ സമ്മേളനം നടത്തുന്ന ഇടങ്ങള്‍ അണുവിമുക്തമാക്കിയ ശേഷമായിരുന്നു പരിപാടികളില്‍ പങ്കെടുത്തിരുന്നത്. മറ്റുള്ളവരുമായി അദ്ദേഹത്തിന് നേരിട്ട് സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ എല്ലാ വഴികളിലും കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. മോദിക്കെതിരായ വിമര്‍ശനത്തെ പ്രതിരോധിക്കാന്‍ ജെയ്റ്റ്‌ലിയെയായിരുന്നു നിയോഗിച്ചിരുന്നത്. രോഗം ഏറെക്കുറെ ഭേദപ്പെട്ടതിനെ തുടര്‍ന്ന് രാഷ്ട്രീയത്തിലും സര്‍ക്കാരിലും അദ്ദേഹം സജീവമായിത്തുടങ്ങിയതിനിടയിലാണ് വീണ്ടും അസുഖത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.
പന്നിപ്പനിയെ തുടര്‍ന്നാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഉടന്‍ ആശുപത്രി വിടാനാകുമെന്നുമാണ് ബി.ജെ.പി പറയുന്നത്. ജെയ്റ്റ്‌ലിക്ക് പുറമെ മന്ത്രിസഭയിലെ മറ്റൊരു പ്രമുഖനായ നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖത്തെത്തുടര്‍ന്നാണ് ചികിത്സയില്‍ കഴിയുന്നതെന്നാണ് വിവരം. ഡല്‍ഹി എയിംസ് ആശുപത്രിയിലുള്ള അദ്ദേഹം ഐ.സി.യുവിലാണ്. അസുഖം ഗുരുതരമല്ലെന്നും ഉടന്‍ ആശുപത്രി വിടാനാകുമെന്നുമാണ് വിവരം. പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി രാം ലാല്‍ കടുത്ത പനി കാരണമാണ് നോയിഡയിലെ കൈലാഷ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
അതേസമയം ചികിത്സക്കായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അമേരിക്കയിലേക്ക് പോയ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുക റെയില്‍വേ മന്ത്രി പിയൂഷ് ഗോയലായിരിക്കുമെന്നാണ് വിവരം. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. നേരത്തെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്ന ധനമന്ത്രിയുടെ അസാന്നിധ്യത്തില്‍ ധനമന്ത്രാലയത്തിന്റെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്നത് പിയൂഷ് ഗോയലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."