പക്ഷാഘാതം തളര്‍ത്താത്ത മനസുമായി ലാലു ഇത്തവണയുമെത്തി
തിരുവനന്തപുരം: വസന്തോത്സവം 2019ല്‍ ഒരതിഥിയെത്തി. എം.കെ ലാലു. മുപ്പതു വര്‍ഷത്തോളമായി പുഷ്‌പോത്സവത്തിലെ നിറസാന്നിദ്ധ്യമാണ് ലാലു. വെജിറ്റബിള്‍ കാര്‍വിങില്‍ മാറ്റിനിര്‍ത്താനാകാത്ത ക്രിയാത്മക പ്രതിഭയാണ് അദ്ദേഹം.
പച്ചക്കറികളെന്തും ലാലുവിന്റെ കൈയില്‍കിട്ടിയാല്‍ ജീവസുറ്റ ശില്‍പങ്ങളായി മാറും. മൂന്നു പതിറ്റാണ്ടായി എല്ലാ വര്‍ഷവും അദ്ദേഹം പുഷ്‌പോത്സവത്തിലെ വെജിറ്റബിള്‍ കാര്‍വിങ് വിഭാഗത്തില്‍ മത്സരിച്ച് സമ്മാനം നേടുന്നു. എന്നാല്‍ അസുഖം തളര്‍ത്തിയ ശരീരത്തോടെയാണ് ഇത്തവണ മത്സരിക്കാനെത്തിയത്. അതുകൊണ്ടുതന്നെ തുടങ്ങിവച്ച പച്ചക്കറി ശില്‍പം പൂര്‍ത്തിയാക്കാനാകാതെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നത് കണ്ടുനിന്നവര്‍ക്കും വേദനയായി.
പുഷ്‌പോത്സവ സംഘാടക സമിതിയുമായി ഒരു കുടുംബം പോലെ ബന്ധമുള്ള ലാലുവിന് സംഘാടകര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു.
പക്ഷാഘാതം തളര്‍ത്തിയ ശരീരമെങ്കിലും പച്ചക്കറി ശില്‍പങ്ങള്‍ മനസ്സിലിന്നും ആവേശമായി നില്‍ക്കുന്നതു കൊണ്ടാണ് ആശുപത്രിയില്‍ നിന്നും ലാലു നേരെ വസന്തോത്സവ വേദിയിലേക്കെത്തിയത്.
ഒരിക്കല്‍ ചേനയില്‍ തീര്‍ത്ത ജീവന്‍ തുടിക്കുന്ന ആമയും ഇഞ്ചിയില്‍ തീര്‍ത്ത പല്ലിയുമെല്ലാം സംഘാടകരുടെ മനസ്സില്‍ ഇന്നുമുണ്ട്. പുഷ്‌പോത്സവത്തിന്റെ ആസ്വാദകരും ലാലു തീര്‍ത്ത മാസ്മരിക ശില്‍പങ്ങള്‍ മറക്കാനിടയില്ല. ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ ഡബിള്‍ കണ്ടൈനല്‍ അറേഞ്ചുമെന്റിലും ഡ്രൈ ഫ്‌ളവര്‍ അറേഞ്ചുമെന്റിലും സ്വന്തം ശൈലികൊണ്ട് ലാലു ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
പക്ഷികളെയും മൃഗങ്ങളെയും മനോഹരമായി സ്റ്റഫിങ് ചെയ്തു സൂക്ഷിക്കുന്നതിലും ഇദ്ദേഹം കഴിവു തെളിയിച്ചിട്ടുണ്ട്. ഇലക്ട്രിക്കല്‍ കട നടത്തിയിരുന്ന ലാലു ഭാര്യ നിര്‍മലക്കും മക്കളായ നിഖില്‍ ലാല്‍, നിഥിന്‍ ലാല്‍ എന്നിവരോടുമൊപ്പം ജഗതിയിലാണ് താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."