സഊദിയില്‍ സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗക്കാര്‍ ജാഗ്രതൈ, താമസ രേഖയിലൂടെ നിങ്ങള്‍ അകത്തായേക്കാം, പിടിയിലായ മലയാളി ജയില്‍ മോചിതനായി
റിയാദ്: സഊദിയില്‍ ഫേസ്ബുക്ക് ദുരുപയോഗം ചെയ്ത കേസില്‍ പിടിയിലായ മലയാളി ജയില്‍ മോചിതനായി. ഫേസ്ബുക്കില്‍ അശ്ലീല വീഡിയോ ഷെയര്‍ ചെയ്തതിന് പിടിയിലായി മലസ് ജയിലിലായിരുന്ന മലയാളിയാണ് കഴിഞ്ഞ ദിവസം മോചിതനായത്.
റിയാദില്‍ ജോലി ചെയ്യുന്ന മലയാളി യുവാവ് ഫേസ്ബുക്കില്‍ അശ്ലീല വീഡിയോ ഷെയര്‍ ചെയ്തതിനാണ് ഒരു മാസം മുമ്പ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. തുടര്‍ന്ന് മലസ് ജയിലിലേക്ക് മാറ്റുകയായിരുന്നു. അവിടെ നിന്ന് തര്‍ഹീലിലേക്ക് മാറ്റാനുള്ള നീക്കത്തിനിടെ വിവരം അറിഞ്ഞെത്തിയ സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലമാണ് ജയില്‍ മോചനം സാധ്യമായത്.
നേരത്തെ സമാന സംഭവത്തില്‍ ഒരു ബീഹാര്‍ സ്വദേശിയും അറസ്റ്റിലായിരുന്നു. ഇന്റര്‍നെറ്റ് കണക്ഷനെടുത്ത് വൈഫൈ ഷെയര്‍ ചെയ്തിരുന്ന ഇദ്ദേഹം പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് കാര്യമറിയുന്നത്. തന്റെ പേരില്‍ എടുത്ത വൈഫൈ ഉപയോഗിച്ച് മറ്റാരോ അശ്ലീല വീഡിയോ ഷെയര്‍ ചെയ്തതിനാണ് ഇദ്ദേഹം പിടിയിലായത്. സ്‌പോണ്‍സറുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഇടപെടലിനെ തുടര്‍ന്ന് അദ്ദേഹത്തിന് ജയില്‍ മോചനം സാധ്യമായി. ഫേസ്ബുക്ക് എക്കൗണ്ടില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തതും ഷെയര്‍ ചെയ്തതുമാണ് ഈ രണ്ടുപേര്‍ക്കുമെതിരെയുണ്ടായിരുന്ന കുറ്റം.
അതേസമയം, സാമൂഹിക മാധ്യമങ്ങളിലെ ദുരുപയോഗത്തിനെതിരെ കനത്ത നിരീക്ഷണമാണ് സഊദി ക്രൈം വിഭാഗം നടത്തുന്നത്. തീവ്രവാദം, അശ്ലീലം, മതനിന്ദ തുടങ്ങിയവയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ രഹസ്യാന്വേഷണ വിഭാഗവും പോലീസും സദാ നിരീക്ഷിക്കുന്നുണ്ട്. നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തിയുടെ ഇഖാമ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാണ് കുറ്റവാളികളെ പിടികൂടുന്നത്. വ്യാജ ഐഡികള്‍ ഉണ്ടാക്കി ദുരുപയോഗം ചെയ്താലും മൊബൈല്‍, നെറ്റ് കണക്ഷനുകള്‍ താമസ രേഖയുമായി ബന്ധിപ്പിച്ചതിനാല്‍ പിടികൂടാന്‍ എളുപ്പമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."