ഗുല്‍ബര്‍ഗ് കൂട്ടക്കൊല: ഒന്നാംപ്രതി കീഴടങ്ങി
ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയ്ക്കിടെ നടന്ന ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസിലെ ഒന്നാംപ്രതി പ്രത്യേക കോടതി മുന്‍പാകെ കീഴടങ്ങി. ഒളിവില്‍ കഴിഞ്ഞിരുന്ന കൈലാഷ് ധോബിയാണ്, പ്രതികളുടെ ശിക്ഷ ഈ ആഴ്ച പ്രഖ്യാപിക്കാനിരിക്കെ കീഴടങ്ങിയത്. കോണ്‍ഗ്രസ് മുന്‍ എം.പി ഇഹ്സാന്‍ ജാഫ്രിയടക്കം 69 പേര് കൂട്ടക്കൊല ചെയ്യപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണസംഘം ഒന്നാംപ്രതിയെന്ന് കണ്ടെത്തിയ ആളാണ് കൈലാഷ്. കൊലപാതകമടക്കമുള്ള കുറ്റകൃത്യമാണ് ഇയാള്‍ക്കെതിരേ കോടതി ചുമത്തിയിരിക്കുന്നത്.
കൂട്ടക്കൊല നടന്ന 2002ല്‍ അറസ്റ്റ് ചെയ്യപ്പെട്ട കൈലാഷ് 14 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ ഡിസംബറില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതായിരുന്നു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍നിന്നു നേടിയ ജാമ്യം രണ്ടുതവണ നീട്ടിക്കിട്ടിയെങ്കിലും മൂന്നാംതവണ നീട്ടാന്‍ കോടതി വിസമ്മതിച്ചതിനെത്തുടര്‍ന്നു കഴിഞ്ഞ ജനുവരിയില്‍ കൈലാഷ് ഒളിവില്പോവുകയായിരിന്നു. പിന്നീട് ഗുജറാത്ത് ഹൈക്കോടതിക്ക് എഴുതിയ ഒരു കത്തില്‍ വിചാരണക്കോടതി കേസിലെ വിധി പ്രഖ്യാപിക്കുന്ന ദിവസം താന്‍ കീഴടങ്ങുമെന്നും അറിയിച്ചിരുന്നു.
എന്നാല്‍ കേസില്‍ കൈലാഷിനെയടക്കം കുറ്റക്കാരെന്നു കോടതി വിധിച്ച ജൂണ്‍ രണ്ടിന് കൈലാഷ് ഹാജരായിരുന്നില്ല.
കൈലാഷിന്റെ അഭാവത്തില്‍ അയാള്‍ക്കെതിരേ ശിക്ഷ പ്രഖ്യാപിക്കാന്‍ നിയമതടസങ്ങളുണ്ടെന്ന കാര്യം പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്.സി.കൊദേക്കര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.
അതിനിടെ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 24 പേരുടെ ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് അഹ്മദാബാദിലെ പ്രത്യേക കോടതി അറിയിച്ചു. ജൂണ്‍ ആറിന് വിധി പറയാനിരുന്ന കോടതി വാദം പൂര്‍ത്തിയാകാത്തതിനാലാണ് പലതവണ മാറ്റിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."